X

വിഡ്ഢിപ്പട്ടം ചാര്‍ത്തിയ ‘മോദി’യെ കടലില്‍ ഒഴുക്കി

കോഴിക്കോട്: നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദിയുടെ നടപടി ദേശീയ ദുരന്തമായിരുന്നുവെന്ന് തെളിഞ്ഞതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച വിഡ്ഢിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ ദിവസം വരെ നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ വിശദീകരിക്കാനോ ബോധ്യപ്പെടുത്താനോ പ്രധാനമന്ത്രിക്കോ ബി.ജെ.പിക്കോ സാധിച്ചിട്ടില്ല. ഒന്നാം വാര്‍ഷിക ദിനത്തില്‍ വിഡ്ഢിദിനമായി ആചരിക്കാനുള്ള യൂത്ത്‌ലീഗിന്റെ തീരുമാനം രാഷ്ട്രീയ ഭേദമന്യേ ജനം ഏറ്റെടുത്തത് അക്കാരണത്താലാണ്.
നാല് ലക്ഷം കോടി രൂപയുടെ നോട്ടെങ്കിലും ബാങ്കില്‍ തിരിച്ചെത്തുമെന്നും അത് വഴി രാജ്യത്തിന്റെ പൊതുകടം ഇല്ലാതാകുമെന്ന് പ്രഖ്യാപിച്ചവരും പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 50രൂപയാകുമെന്ന് വാഗ്ദാനം ചെയ്തവരും ബി.ജെ.പി നേതാക്കളായിരുന്നു എന്ന കാര്യം ജനം മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിക്ക് സമ്മാനിച്ച വിഡ്ഢിപ്പട്ടത്തിന് ഇത്തരം ആളുകള്‍ അര്‍ഹരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ നവാസ് സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം സാഹിര്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍, എം.എ റസാഖ് മാസ്റ്റര്‍, സി.വി.എം വാണിമേല്‍, സഫറി വെള്ളയില്‍ പ്രസംഗിച്ചു. നരേന്ദ്രമോദിക്ക് വിഡ്ഢിപ്പട്ടം ചാര്‍ത്തിയ പ്രകടനം സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ചു. പരിപാടിയുടെ സമാപനത്തില്‍ വിഡ്ഢിപ്പട്ടം ചാര്‍ത്തിയ നരേന്ദ്രമോദിയെ ബോട്ടിലേറ്റി കടലില്‍ ഒഴുക്കി. കെ.എം.എ റഷീദ്, പി.പി ജാഫര്‍, എ.കെ ഷൗക്കത്തലി, സലാം തേക്കുംകുറ്റി, സി. ജാഫര്‍ സാദിഖ്, വി.കെ റഷീദ് മാസ്റ്റര്‍, എ.കെ കൗസര്‍, എ. ഷിജിത്ത്ഖാന്‍, എസ്.വി മുഹമ്മദ് ഷൗലീക്ക്, ടി.പി.എം ജിഷാന്‍, യു. സജീര്‍ നേതൃത്വം നല്‍കി.

chandrika: