X

എം.എം മണിയുടെ രാജി; യൂത്ത്‌ലീഗ് പ്രതിഷേധ പ്രകടനങ്ങളില്‍ രോഷമിരമ്പി

എം.എം മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ പ്രകടനം

കോഴിക്കോട്: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പുറത്ത്‌പോകണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ യുവജന രോഷമിരമ്പി. കുറ്റാരോപിതനായ മണിക്കെതിരെയും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമുള്ള പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.

കോഴിക്കോട് നടന്ന പ്രതിഷേധ പ്രകടനത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, പി.പി റഷീദ്, കെ.എം.എ റഷീദ്, പി.പി ജാഫര്‍, ജാഫര്‍ സാദിഖ്, വി.പി റിയാസ് സലാം, എ.കെ ഷൗക്കത്തലി, എ. സിജിത്ത്ഖാന്‍, വി.കെ റഷീദ് മാസ്റ്റര്‍ സലാം തേക്കുംകുറ്റി, സൈദ് ഫസല്‍, ടി.പി.എം ജിഷാന്‍, സജീര്‍ കൊമ്മേരി, കെ.വി മന്‍സൂര്‍ നേതൃത്വം നല്‍കി.
ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നടന്ന പ്രതിഷേധ പ്രകടനത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ്, ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, നേതൃത്വം നല്‍കി. വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ നടന്ന പ്രകടനത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, ജനറല്‍ സെക്രട്ടറി സി.കെ ആരിഫ് നേതൃത്വം നല്‍കി. മലപ്പുറത്ത് നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫൈസല്‍ ബാബു നേതൃത്വം നല്‍കി.

 

ഇടുക്കി തൊടുപുഴയില്‍ നടന്ന പ്രകടനത്തിന് സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദ്, ജില്ലാ പ്രസിഡന്റ് ടി.കെ നവാസ്, ജനറല്‍ സെക്രട്ടറി വി.എം റസാഖ് നേതൃത്വം നല്‍കി. എറണാകുളത്ത് നടന്ന പ്രകടനത്തിന് സംസ്ഥാന വൈസ് വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ് നേതൃത്വം നല്‍കി. കോട്ടയത്ത് നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് കെ.എ മാഹിന്‍, ജനറല്‍ സെക്രട്ടറി അജി കൊറ്റംമ്പാടം നേതൃത്വം നല്‍കി, പത്തനംതിട്ടയില്‍ നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് ഹുനൈസ് ഊട്ടുകുളം, ജനറല്‍ സെക്രട്ടറി എ. സഗീര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് ഡി. നൗഷാദ്, ജനറല്‍ സെക്രട്ടറി സഹീര്‍ ഖരീം നേതൃത്വം നല്‍കി.

 
ഇതിലും ചെറിയ കേസുകളില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുക പോലും ചെയ്യാതെ കേവലം ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പോലും ധാര്‍മ്മികതയുടെ പേരില്‍ കേരളത്തില്‍ മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയവരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ പറഞ്ഞു. എം.എം മണി ധാര്‍മ്മികതയുടെ പേരില്‍ മാത്രമല്ല ഭരണഘടനാപരമായും മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ ബാധ്യസ്ഥനാണ്.

 
അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി കുറ്റക്കാരനാണെന്ന് കോടതിയില്‍ വാദിക്കുന്നത് സ്റ്റേറ്റിന്റെ ഭാഗമായ പ്രോസിക്യൂഷനാണ്. അതേ സ്റ്റേറ്റിന്റെ ഭാഗമായി സ്റ്റേറ്റ് കുറ്റക്കാരനാണെന്ന് കോടയില്‍ വാദിക്കുന്ന എം.എം മണി മന്ത്രി സ്ഥാനത്ത് തുടരുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടുമുള്ള അവഹേളനമാണ്. മന്ത്രി സ്ഥാനത്ത് നിന്ന് സ്വയം മാറുന്നില്ലെങ്കില്‍ എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പിണറായി ആര്‍ജ്ജവം കാണിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

chandrika: