X

ഒ. അബ്ദുല്ലക്ക് മറുപടിയുമായി നജീബ് കാന്തപുരം

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ മുസ്ലിം ലീഗ് നിലപാടിനെ പരിഹസിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയ ഒ അബ്ദുല്ലക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നബീബ് കാന്തപുരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒ.അബ്ദുല്ല സാഹിബ്,സമുദായത്തിന്റെ
നേരം വെളുപ്പിക്കാന്‍
നിങ്ങളുടെ ടോര്‍ച്ച് മതിയാവില്ല..
ഫാഷിസം മുടിയഴിച്ചാടുന്ന കരാളമായ കാലത്ത് കണ്ണില്‍ കണ്ടവരെയെല്ലാം ഒക്കത്തിരുത്തി ഫാഷിസ്റ്റ് വിരുദ്ധ യുദ്ധം നയിക്കാമെന്ന ഫത് വ ആരുതന്നാലും അതംഗീകരിക്കാന്‍ മുസ്ലിം ലീഗിനാവില്ല.സമുദായത്തിനകത്ത് തീവ്രവാദത്തിന്റെ വിത്തു വിതക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് മണ്ണ് കിളച്ചു കൊടുക്കുന്ന പണിയല്ല മുസ്ലിം ലീഗിനുള്ളത്. ഇന്ത്യയിലെ സംഘി തീവ്രവാദത്തെ ചെറുക്കാന്‍ മുസ്ലിംകള്‍ സായുധ പോരാട്ടമല്ല നടത്തേണ്ടതെന്നും നിയമത്തിന്റെയും ഭരണഘടനയുടെയും വഴിയില്‍ ജനാധിപത്യ പരമായ പോര്‍മുഖമാണ് തുറക്കേണ്ടതെന്നും പറഞ്ഞു വരുന്നത് മുസ്ലിം ലീഗിന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ്. ഈ ആദര്‍ശത്തെ എതിര്‍ത്ത് പോരുന്ന സംഘടനകളോട് സന്ധി ചെയ്ത് കൊണ്ട് വിശാല ഐക്യമുണ്ടായാല്‍ പിന്നെ മുസ്ലിം ലീഗ് ഇല്ല. ഇത്രയും കാലം മുസ്ലിം ലീഗ് പുലര്‍ത്തിപ്പോരുന്ന ഈ നിലപാടില്‍ വെള്ളം ചേര്‍ത്താല്‍ പിന്നെ എന്താണ് സുഡാപിയും ലീഗും തമ്മിലുള്ള മാറ്റം?സമുദായം ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ മുസ്ലിം യൂത്ത് ലീഗ് തീവ്രവാദ വിരുദ്ധ നിലപാട് കൈക്കൊള്ളുന്നതിനെ പരിഹസിച്ച് ഒ. അബ്ദുല്ല സാഹിബ് എഴുതിയ കുറിപ്പ് വായിച്ചു. ഒരു കാര്യമുറപ്പാണ് സംഘി വിരുദ്ധതയുടെ പേരില്‍ പോലും സമുദായത്തിനകത്തെ ക്ഷുദ്രജീവികളെ കൂട്ടിരുത്താന്‍ ഒരിക്കലും മുസ്ലിം ലീഗിനു കഴിയില്ല. മുസ്ലിം സമുദായത്തിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന കടുത്ത ആക്രമണങ്ങളെ ഒ. അബ്ദുല്ല സാഹിബ് നിര്‍ദ്ധേശിക്കുന്ന മുസ്ലിം മഹാസഖ്യം കൊണ്ട് നേരിടാനല്ല ലീഗ് ആഗ്രഹിക്കുന്നത്. ഈ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കറകളഞ്ഞ മതേതര വാദികളായ യഥാര്‍ത്ഥ ഹൈന്ദവരെ കൂടി അണി നിരത്തി അത് സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് മുസ്ലിം ലീഗിനുള്ളത്. തെക്കന്‍ കേരളത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തി വരുന്ന പര്യടനത്തിനിടയില്‍ ഞങ്ങള്‍ സന്ദര്‍ശിച്ച യഥാര്‍ത്ഥ ഹൈന്ദവ ഭക്തന്മാര്‍ ആ ഉറപ്പാണ് ഞങ്ങള്‍ക്ക് നല്‍കുന്നത്. അവരൊരിക്കലും കണ്ണിയറ്റ് തീര്‍ന്നിട്ടില്ലെന്ന വിശ്വാസമാണ് അരക്കിട്ടുറപ്പിക്കുന്നത്. തീവ്രവാദികളുമായി ഒപ്പം കിടന്ന് നേരം വെളുക്കുന്നതിനേക്കാള്‍ നല്ലത് ഞങ്ങള്‍ ഒറ്റക്ക് ഉറക്കമൊഴിച്ച് നേരം വെളുപ്പിക്കുന്നതാണ്. തീവ്രവാദികളുടെ ടോര്‍ച്ചടിച്ച് സമുദായത്തിന്റെ നേരം വെളുപ്പിക്കാനിറങ്ങിയവര്‍ സ്വന്തം അട്ടത്തേക്ക് തന്നെ ലൈറ്റടിച്ചാല്‍ മതി. ഏഴു പതിറ്റാണ്ട് കാലമായി സമുദായത്തിന്റെ ഉറക്കത്തിലും ഉണര്‍വ്വിലും അവര്‍ക്ക് വെളിച്ചം പകര്‍ന്ന് നിന്ന ലീഗിനെ നേരം വെളുപ്പിക്കാന്‍ മാത്രമുള്ള ടോര്‍ച്ചൊന്നും തല്‍ക്കാലം താങ്കളുടെ കയ്യിലില്ല അബ്ബ്ദുല്ല സാഹിബ്.ഗുണ ദോഷിക്കലെല്ലാം നല്ലതാണ്. അത് പഴയ കൂട്ടരുടെ വക്കാലത്ത് പിടിച്ച് വേണ്ടെന്ന് മാത്രം.

chandrika: