X

ബലാബലം ഇന്ന്: വിശ്വാസ വോട്ടെടുപ്പ് രാവിലെ 11 മണിക്ക്

ചെന്നൈ: എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അധികാരം ഏറ്റെടുത്ത തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ടു തേടും. കാലത്ത് 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ പളനിസാമിക്ക് അനുകൂലമാണെങ്കിലും കണക്കിലെ കളികളും എം.എല്‍.എമാരുടെ കാലുമാറ്റവും നിര്‍ണായകമാകും. വിശ്വാസ വോട്ടെടുപ്പ് മുന്നില്‍ കണ്ട് ശശികല ക്യാമ്പും ഒ.പി.എസ് ക്യാമ്പും രാഷ്ട്രീയ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം പളനിസാമി സര്‍ക്കാറിനെ എതിര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികളായ ഡി.എം. കെയും കോണ്‍ഗ്രസസും മുസ്്‌ലിംലീഗും രംഗത്തെത്തി. ഇത് ഒ.പി.എസ് ക്യാമ്പിന് ആത്മവിശ്വാസം പകരുമെങ്കിലും വലിയ പ്രതീക്ഷ നല്‍കുന്നില്ല. 15 ദിവസത്തിനകം നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാണ് പളനിസാമിയോട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒ.പി. എസ് ക്യാമ്പിലേക്കുള്ള എം. എല്‍.എമാരുടെ കൂറുമാറ്റം ഭയന്ന് ഇന്നുതന്നെ വിശ്വാസ വോട്ടു തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

234 അംഗ നിയമസഭയില്‍ നിലവില്‍ 233 അംഗങ്ങളാണുള്ളത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെതുടര്‍ന്ന് ആര്‍.കെ നഗര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 117 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പളനി സാമി സര്‍ക്കാറിന് സഭയുടെ വിശ്വാസം നേടാനാകും. പ്രതിപക്ഷ കക്ഷികളായ ഡി. എം.കെക്ക് 89ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എട്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന് ഒന്നും അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്തിന്റെ ആകെ അംഗബലം 98. ഒ പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത ക്യാമ്പിനൊപ്പം എത്ര എം. എല്‍.എമാര്‍ നില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വിശ്വാസ വോട്ടിലെ ജയവും പരാജയവും.

അഞ്ച് എം.എല്‍.എമാര്‍ മാത്രമാണ് ഒ.പി.എസ് ക്യാമ്പില്‍ പരസ്യമായി നിലയുറപ്പിച്ചിട്ടുള്ളത്. പരമാവധി ഏഴ് എം.എല്‍.എമാരാണ് വിമത ക്യാമ്പിലുള്ളതെന്നാണ് ശശികല വിഭാഗത്തിന്റെ വാദം. ഈ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെങ്കില്‍ പളനിസാമിക്ക് ബലപരീക്ഷണത്തില്‍ വിജയിക്കാനാകും. അതേസമയം 19 എ. ഐ.എ.ഡി.എം.കെ എം.എല്‍. എമാരെ സ്വന്തം ക്യാമ്പിലെത്തിച്ചെങ്കില്‍ മാത്രമേ പന്നീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കും പ്രതീക്ഷയുള്ളൂ. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ രണ്ടു ദിവസം മാത്രം ആയുസുള്ള എടപ്പാടി പളനിസാമി സര്‍ക്കാറിനെ തള്ളിവീഴ്ത്താനാകും. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഇതിനിടെ വിദ്യാഭ്യാസ മന്ത്രി കെ സെങ്കോട്ടയ്യനെ എ. ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി ശശികല ക്യാമ്പ് തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. നേരത്തെ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ഒ പന്നീര്‍ശെല്‍വം ആയിരുന്നു എ.ഐ. എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവ്. ഈ പാത പിന്തുടരുന്നതിന്റെ ഭാഗമായാണ് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയും സെങ്കോട്ടയ്യന്‍ കക്ഷി നേതാവുമായതെന്നാണ് എ.ഐ. എ.ഡി.എം.കെ വൃത്തങ്ങള്‍ പറുന്നത്.

ഒ.പി.എസ് ക്യാമ്പ് ഇന്നലെ നിയമസഭാ സ്പീക്കര്‍ പി ധനപാലുമായി കൂടിക്കാഴ്ച നടത്തി. മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം, മുന്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍, എസ് സെമ്മലൈ, ശണ്‍മുഖനാഥന്‍ (എല്ലാവരും എം.എല്‍.എമാര്‍), മുതിര്‍ന്ന നേതാവ് സി പൊന്നയ്യന്‍ എന്നിവരാണ് സ്പീക്കറെ കണ്ടത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് കൂടിക്കാഴ്ചക്കു ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ മുന്‍ ചെന്നൈ പൊലീസ് കമ്മീഷണറും മൈലാപൂര്‍ എം.എല്‍.എയുമായ ആര്‍ നടരാജ് പന്നീര്‍ശെല്‍വം ക്യാമ്പിന് പിന്തുണ പ്രഖ്യാപിച്ചു.

chandrika: