X

മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കാന്‍ നിതി ആയോഗ് ശിപാര്‍ശ. പെട്രോള്‍ ഉപയോഗിച്ച് ഓടിക്കുന്ന യാത്രാ വാഹനങ്ങളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ത്ത പെട്രോള്‍ നിര്‍ബന്ധമാക്കാനാണ് ആലോചിക്കുന്നത്.
കാബിനറ്റിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചാല്‍ മാസം പെട്രോള്‍ ബില്‍ ഇനത്തില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്താനും പെട്രോളിയം ഇറക്കുമതി കുറക്കാനുമാവുമെന്നാണ് കരുതുന്നത്.
ജൂലൈ അവസാന വാരത്തില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതയും കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹ നേരിട്ട് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഥനോള്‍ എക്കണോമി റോഡ് മാപ്പ് നിതി ആയോഗ് തയാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ പ്രാവര്‍ത്തികമാക്കിയാല്‍ 2030 ഓടെ വര്‍ഷത്തില്‍ 100 ബില്യന്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനാവുമെന്നാണ് പറയുന്നത്. നിലവില്‍ ഇന്ത്യയില്‍ 10 ശതമാനം എഥനോള്‍ ചേര്‍ത്ത എണ്ണയാണ് ഉപയോഗിക്കുന്നത്. എഥനോള്‍ ലിറ്ററിന് 42 രൂപ ചെലവ് വരുമ്പോള്‍ മെഥനോളിന് ലിറ്ററിന് 20 രൂപ മാത്രമാണ് ചെലവ് വരിക. ഇതുവഴി പെട്രോള്‍ വിലയില്‍ 10 ശതമാനത്തിന്റെ കുറവ് വരുത്താനാവും.
അതേ സമയം നിലവിലെ വാഹനങ്ങള്‍ 18-20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഓടിക്കാന്‍ പര്യാപ്തമാണെന്നും മെഥനോള്‍ കലര്‍ത്തുന്നതിനായി വാഹനങ്ങളുടെ എഞ്ചിനില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നതിനെ കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നുവെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥൂര്‍ പറഞ്ഞു.

chandrika: