X

സ്വര്‍ണ്ണം കൈവശമുള്ളവര്‍ പരിഭ്രാന്തരാവേണ്ടതില്ല

കോഴിക്കോട്: പരമ്പരാഗതമായോ വെളിപ്പെടുത്തിയ വരുമാനത്തില്‍നിന്നോ നികുതിയിളവുള്ള വരുമാനത്തില്‍നിന്നോ വാങ്ങിയ സ്വര്‍ണ്ണത്തിന് നിര്‍ദ്ദിഷ്ട നിയന്ത്രണം ബാധകമല്ലെന്ന് കേരള ജ്വല്ലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പുതിയ നിര്‍ദ്ദിഷ്ട നികുതി ഭേദഗതിയോടനുബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് വ്യക്തതവരുത്തുന്നതിനുവേണ്ടി ഡിസംബര്‍ 1-ന് കേന്ദ്രം പുറപ്പെടുവിച്ച

 

വിജ്ഞാപനത്തില്‍ 1994 ജൂണ്‍ 15-ന് പുറപ്പെടുവിച്ച സര്‍ക്കുലറിലെ ഇന്‍സ്ട്രക്ഷന്‍ നമ്പര്‍ 1916 പരാമര്‍ശിച്ചുകൊണ്ട് കള്ളപ്പണം കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ ന്യായമായ മാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിച്ച സ്വര്‍ണ്ണത്തിന് മുഴുവന്‍ സംരക്ഷണം ലഭിക്കുമെന്ന് മാത്രമല്ല, പുരുഷന് 100 ഗ്രാമും വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണ്ണംവരെയും കൈവശംവെക്കുന്നതില്‍ ഇളവ് ലഭിക്കുന്നതുമാണെന്ന് വ്യക്തമാക്കുന്നുണ്ട്.

 

22 വര്‍ഷമായി നിലനില്‍ക്കുന്ന ഈ ആനുകൂല്യം വിസ്മരിച്ചുകൊണ്ട് പുതിയ നികുതി നിര്‍ദ്ദേശത്തെ തെറ്റിദ്ധരിച്ച് പരിഭ്രാന്തരായി പലരും സ്വര്‍ണ്ണം കിട്ടുന്ന വിലക്ക് വിറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഇതു തികച്ചും ബുദ്ധിശൂന്യമാണ്. മുകളില്‍ പറഞ്ഞ ന്യായമായ മാര്‍ഗ്ഗത്തിലൂടെ സ്വന്തമാക്കിയ സ്വര്‍ണ്ണവും ആഭരണങ്ങളും എത്ര സൂക്ഷിക്കുന്നതിലും തടസ്സമില്ല. പ്രാചീനകാലംമുതലേ ആഗോളവിനിമയമൂല്യമുള്ള സമ്പാദ്യമാണ് സ്വര്‍ണ്ണം എന്നതുകൊണ്ട് ഇതിന്റെ പ്രാധാന്യവും സുരക്ഷിതത്വവും സ്വര്‍ണ്ണം കൈവശമുള്ളവര്‍ മനസ്സിലാക്കണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

chandrika: