X

ഉച്ചകോടി: ഉത്തരകൊറിയയുടെ ഉന്നത ഉദ്യോഗസ്ഥന്‍ യു.എസില്‍

 

ബീജിങ്: സിംഗപ്പൂര്‍ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഉത്തരകൊറിയയുടെ മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോങ് ചോല്‍ അമേരിക്കയിലെത്തി. ജൂണ്‍ 12ന് സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഒരുക്കങ്ങള്‍ യു.എസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍നിന്നാണ് ചോല്‍ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറിയത്. ന്യൂയോര്‍ക്കില്‍നിന്ന് അദ്ദേഹം വാഷിങ്ടണിലേക്ക് പോകും. ഉത്തരകൊറിയന്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാനായ അദ്ദേഹം ഉന്നിന്റെ വലം കൈയാണ്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സമീപ കാലത്ത് ഉത്തരകൊറിയയില്‍ നടത്തിയ സന്ദര്‍ശനത്തിന് പകരമാണ് ചോല്‍ അമേരിക്കയില്‍ എത്തിയിരിക്കുന്നത്. പോംപിയോയുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ഉന്‍-ട്രംപ് കൂടിക്കാഴ്ചയുടെ ഒരുക്കങ്ങള്‍ക്ക് ഇരുവരും അന്തിമ രൂപം നല്‍കും. 2000ത്തിനുശേഷം അമേരിക്കയില്‍ കാലുകുത്തുന്ന ഏറ്റവും ഉന്നതനായ ഉത്തരകൊറിയന്‍ നേതാവാണ് ചോല്‍. കൊറിയന്‍ അതിര്‍ത്തിയില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു. അനിശ്ചിതത്വങ്ങള്‍ നീങ്ങി ഉന്‍-ട്രംപ് കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നാണ് പുതിയ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം യു.എസ് സംഘവും ഉത്തരകൊറിയയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
ഉത്തരകൊറിയയുടെ ആണവനിരായുധീകരണം എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ അന്തിമ ധാരണയുണ്ടാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. ആണവായുധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ഉത്തരകൊറിയ തയാറാകുമോ എന്ന കാര്യത്തില്‍ അമേരിക്കക്ക് സംശയമുണ്ട്.
ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ തയാറാണെന്ന് ഉന്നുമായി രണ്ടാം തവണയും ചര്‍ച്ച നടത്തിയ ശേഷം മൂണ്‍ ജേ ഇന്‍ അമേരിക്കയെ അറിയിച്ചിരുന്നു.

chandrika: