X

യുഎന്‍ ഉപരോധം യുദ്ധത്തിന് തുല്യം ,ആണവ പരീക്ഷണങ്ങളില്‍ പിന്നോട്ടില്ല: ഉത്തര കൊറിയ

യുഎന്‍ രക്ഷാസമിതിയുടെ പുതിയ ഉപരോധങ്ങള്‍ യുദ്ധത്തിന് തുല്യമാണെന്ന് ഉത്തരകൊറിയ. ആണവരാഷ്ട്രമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ച കണ്ട് വിരണ്ട അമേരിക്ക മറ്റു രാജ്യങ്ങളെ സ്വാധീനിച്ചാണ് ഉത്തരകൊറിയക്കുമേല്‍ സമ്പൂര്‍ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപിച്ചു. ഇതു സംബന്ധിച്ച വാര്‍ത്ത ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് പുറത്തുവിട്ടത്.

പ്രധാനമായും യുഎസ് തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ആണവഭീഷണിക്കെതിരെ കൂടുതല്‍ ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി രാജ്യം മുന്നോട്ടുപോകുമെന്നും തങ്ങള്‍ക്കെതിരെ ശത്രുതാപരമായ നിലപാട് പിന്തുടരുന്ന അമേരിക്കക്കെതിരെ പിടിച്ചുനില്‍ക്കാന്‍ ഇതാണ് ഏക മാര്‍ഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ഷം 40 ലക്ഷം ബാരലാക്കി കുറച്ചതുള്‍പ്പെടെ ഉത്തരകൊറിയക്കെതിരെ യുഎന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം കടുത്ത ഉപരോധ നടപടികളാണ് പ്രഖ്യാപിച്ചത്. ശുദ്ധീകരിച്ച എണ്ണയുടെ ഇറക്കുമതി അഞ്ചുലക്ഷം ബാരലാക്കി ചുരുക്കിയതോടെ ഫലത്തില്‍ ഉപഭോഗത്തിന്റെ 90 ശതമാനമാണു വെട്ടിക്കുറച്ചത്.

അതേസമയം വിദേശത്തു ജോലിചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്മാരെ രണ്ടു വര്‍ഷത്തിനകം സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യം ഒരു വര്‍ഷത്തിനുള്ളില്‍ മടക്കി അയക്കാനായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷം ഇതു രണ്ടാക്കി ഭേദഗതി ചെയുകയായിരുന്നു. യുഎസാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രമേയം കൊണ്ടുവന്നപ്പോള്‍ മറ്റു രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തതുമില്ല. വീണ്ടും ആണവ, മിസൈല്‍ പരീക്ഷണത്തില്‍ നടത്തിയാല്‍ ഉപരോധം കൂടുതല്‍ കഠിനമാക്കാനാണ് തീരുമാനം. യുഎസിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് ഉത്തരകൊറിയ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതാണു അമേരിക്കയെ ചൊടിപ്പിച്ചത്. ഉത്തരകൊറിക്കുള്ള വ്യക്തമായ സന്ദേശമാണിതെന്നു യുഎസ് അംബാസഡര്‍ നിക്കി ഹാലെ യുഎന്നിലെ വ്യക്തമാക്കിയിരുന്നു.

chandrika: