X
    Categories: Video Stories

ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പടാം: ഉത്തര കൊറിയ

ന്യൂയോര്‍ക്ക്: ഏതു സമയവും ആണവ യുദ്ധം പൊട്ടിപ്പുറപ്പാമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ നിരായുധീകരണ കമ്മിറ്റി മുമ്പാകെ ഉത്തര കൊറിയയുടെ ഡെപ്യൂട്ടി അംബാസഡര്‍ കിം ഇന്‍ റ്യോങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 1970 മുതല്‍ അമേരിക്കയില്‍ നിന്ന് ഏറ്റവുമധികം ആണവാക്രമണ ഭീഷണി നേരിടുന്ന രാജ്യം ഉത്തര കൊറിയ ആണെന്നും അതിനാല്‍ ആണവായുധം കൈവശം വെക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും റ്യോങ് അവകാശപ്പെട്ടു.

ഓരോ വര്‍ഷവും ആണവായുധങ്ങള്‍ അടക്കം പ്രദര്‍ശിപ്പിച്ച് ഉത്തര കൊറിയ സൈനിക അഭ്യാസങ്ങള്‍ നടത്താറുണ്ട്. എന്നാല്‍, ഉത്തര കൊറിയയുടെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാന്‍ അമേരിക്ക ആവിഷ്‌കരിക്കുന്ന രഹസ്യ പദ്ധതികള്‍ അതിനേക്കാള്‍ അപകടകരമാണ്. സര്‍വ സന്നാഹങ്ങളോടെയുള്ള ആണവായുധങ്ങള്‍ തയ്യാറാണെന്നും അമേരിക്കയുടെ മുഴുവന്‍ പ്രദേശങ്ങളും തങ്ങളുടെ ലക്ഷ്യത്തിനുള്ളിലാണെന്നും റ്യോങ് പറഞ്ഞു. ‘ഞങ്ങളുടെ ഭൂമി കയ്യേറാന്‍ യു.എസ് തുനിഞ്ഞാല്‍ ഭൂമിയുടെ ഏതു ഭാഗത്താണെങ്കിലും അമേരിക്ക ഒരിഞ്ചു പോലും ഞങ്ങളുടെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപ്പെടില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം ആണവ മുക്തമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍, ഞങ്ങളുടെ ആണവ സംവിധാനങ്ങള്‍ അടിയറ വെക്കാന്‍ ഒരുക്കമല്ല. അമേരിക്കയില്‍ നിന്നുള്ള ആണവ ഭീഷണി പൂര്‍ണമായി ഇല്ലാതായാലല്ലാതെ ഞങ്ങള്‍ ആണവായുധങ്ങളോ ബാലിസ്റ്റിക് റോക്കറ്റുകളോ താഴെ വെക്കില്ല. – കിം റ്യോങ് പറഞ്ഞു.

അതേസമയം, നിലവില്‍ രൂപപ്പെട്ട അസ്വാരസ്യം ഒഴിവാക്കാന്‍ നയതന്ത്ര വഴികള്‍ തുടര്‍ന്നും തേടുമെന്ന് യു.സ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലര്‍സന്‍ പറഞ്ഞിരുന്നു. ആദ്യത്തെ ബോംബ് വീഴും വരെ നയതന്ത്രം തുടരുമെന്നായിരുന്നു ടില്ലര്‍സന്റെ വാക്കുകള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: