X

മാസ്‌ക് പോലും ലഭ്യമാവുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിന് മാസ്‌ക് പോലും ലഭ്യമാവുന്നില്ലെന്ന് പരാതി. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാവുമ്പോഴും ജീവന്‍ പണയംവച്ചാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍മനിരതരായി രംഗത്തുള്ളത്. എന്നാല്‍ സര്‍ക്കാരും ആരോഗ്യവകുപ്പും മതിയായ പരിഗണന നല്‍കുകയോ സുരക്ഷ ക്രമീകരണങ്ങള്‍ സജ്ജമാക്കുകയോ ചെയ്യുന്നില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കോവിഡ് സുരക്ഷ ഉത്പന്നങ്ങളുടെ മതിയായ ലഭ്യത ഇല്ലാത്തതും ചികിത്സയെയും ബാധിക്കുന്നുണ്ട്. ആവശ്യത്തിന് മാസ്‌ക്ക് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ ആസ്പത്രികളില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും പരാതിയുണ്ട്. ഒരു ഡോക്ടര്‍ക്ക് അഞ്ച് മാസ്‌ക്കാണ് നല്‍കുന്നത്. ഇത് ഒരു മാസത്തേക്ക് തികയില്ല. ഗ്ലൗസിനും വലിയ ക്ഷാമമുണ്ട്. ആന്റ്ിജന്‍ കിറ്റുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതുവരെ ഇത് പരിഹരിക്കപ്പെട്ടിട്ടില്ല. ഓക്‌സിജന്‍ നല്‍കാനില്ലാത്തതു മൂലം മറ്റ് സ്ഥലങ്ങളിലേക്ക് റഫര്‍ ചെയ്യുമ്പോള്‍ യാത്രാമധ്യേ രോഗിക്ക് മരണം സംഭവിക്കുന്നതും ആശങ്കക്കക്കിടയാക്കുന്നുണ്ട്. ആവശ്യത്തിന് പിപിഇ കിറ്റ് ലഭ്യമാവാത്തതാണ് മറ്റൊരു പ്രശ്‌നം. പിപിഇ കിറ്റുകളുടെ ഗുണനിലവാരമില്ലായ്മ ജോലിക്കിടെ പല ഡോക്ടര്‍മാരിലും അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. നിലവാരമുള്ള കിറ്റുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ആവശ്യം. കോവിഡിനോടൊപ്പം കോവിഡ് ഇതര ചികിത്സയ്ക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
നാമമാത്രമായി പ്രഖ്യാപിച്ച വേതനവും ആനൂകൂല്യങ്ങളും പോലും സമയബന്ധിതമായി നല്‍കാത്തതും ആരോഗ്യപ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ കോവിഡ് ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഓരോ മാസവും ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് രോഗികളെ പരിചരിയ്ക്കുന്ന ഡോക്ടര്‍മാര്‍ക്ക് 30,000 രൂപയും നഴ്‌സുമാര്‍ക്കും പിജി വിദ്യാര്‍ഥികള്‍ക്കും 20,000 രൂപയുമാണ് ഓരോ മാസവും അധികമായി പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ദേശീയ ആരോഗ്യദൗത്യം വഴി നിയമിക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് പ്രതിമാസം 24,000 രൂപയും ഡോക്ടര്‍മാര്‍ക്ക് 40,000 രൂപയും മാത്രമാണ് നല്‍കുന്നത്. എറണാകുളത്ത് കഴിഞ്ഞ ആറുമാസമായി ഈ വേതനം പോലും കൃത്യമായി നല്‍കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.

web desk 3: