X
    Categories: columns

കേരളത്തിന്റെ നേട്ടവും ഉത്തരംതാങ്ങികളും

വളര്‍ച്ച, സുസ്ഥിരവികസനം, ഭരണനിര്‍വഹണം തുടങ്ങിയവയില്‍ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്നത് കൊച്ചു കേരളമാണെന്ന സ്ഥിതിവിവരക്കണക്ക് നാം കേരളീയരെ കഴിഞ്ഞദിവസങ്ങളില്‍ അതിശയിപ്പിക്കുകയും ഒപ്പം ആഹ്ലാദിപ്പിക്കുകയുമുണ്ടായി. ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ്-2020 റിപ്പോര്‍ട്ടിലാണ് മേല്‍പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. പലവിധത്തിലുള്ള ഘടകങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയതെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത തുടങ്ങിയ അടിസ്ഥാന മേഖലകളില്‍ നേരത്തെതന്നെ കേരളം ലോകത്തുതന്നെ കേളികേട്ടിരുന്നതാണ്. യൂറോപ്യന്‍ ജീവിത നിലവാരത്തോട് താരതമ്യപ്പെടുത്താവുന്ന നേട്ടമാണ് കേരളത്തിന്റെ നാളിതുവരെയുള്ള അഭിമാനംതന്നെ.

കേരള വികസന മാതൃക എന്ന പേരില്‍ പലപ്പോഴും നാം ലോക സാമ്പത്തിക വികസന രംഗത്ത് പ്രശംസാപാത്രമായിരുന്നു. കാരണങ്ങള്‍ പലതുണ്ടെങ്കിലും കഠിനപ്രയത്‌നവും സ്ഥിരോല്‍സാഹവുമാണ് മലയാളിയുടെ ഈ വിജയത്തിന് നിദാനമെന്ന് ആരും സമ്മതിക്കുന്നതാണ്. പ്രവാസ ജീവിതവും കാര്‍ഷിക ഭൂ പരിഷ്‌കരണവും മറ്റും ഈ നേട്ടത്തിന് കാരണമായിട്ടുണ്ടെങ്കിലും ഭരണ നിര്‍വഹണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നേട്ടം ഇതിന്റെയൊക്കെ പ്രതിഫലനവും ഫലപ്രാപ്തിയുമാണെന്നതാണ് സാമാന്യമായ വസ്തുത. അതിനുപകരം ഈ നേട്ടത്തെ രാഷ്ട്രീയ നേട്ടത്തിനായി പ്രചരിപ്പിക്കുന്നവരുടെ കുബുദ്ധിയെയും രാഷ്ട്രീയ തന്ത്രത്തെയും പരിഹാസ്യമെന്നേ വിശേഷിപ്പിക്കാനാകൂ. ഇപ്പോള്‍ കേരളം ഭരിക്കുന്നവരാണ് ഈ നേട്ടങ്ങള്‍ക്കെല്ലാം ഉത്തരവാദികളെന്നവകാശപ്പെടുന്നതിനെ ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയോടേ ഉപമിക്കാനാകൂ.

വലുതും ചെറുതുമായി വേര്‍തിരിച്ചാണ് പബ്ലിക് അഫയേഴ്‌സ് സൂചികാപഠനം നടത്തിയിരിക്കുന്നത്. ഭരണ നിര്‍വഹണത്തില്‍ വലിയ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതും ഉത്തര്‍പ്രദേശ് ഒടുവിലുമാണെന്നത് ഈ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തെക്കുറിച്ച് സാമാന്യ അറിവുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. സാമൂഹികവും സാമ്പത്തികവും ലിംഗപരവുമായ മാനദണ്ഡങ്ങളാണ് പഠനത്തില്‍ പരിശോധിക്കപ്പെട്ടത്. സമ്പത്തിന്റെ സന്തുലിതവിതരണം, പൊതുവളര്‍ച്ച, വികസനത്തിലെ സ്ഥിരത എന്നിവയാണ് പൊതുവായി പഠനത്തിന് മാനദണ്ഡമാക്കിയിരുന്നത്. ഇതില്‍ സ്ത്രീകളുടെ ഭരണപങ്കാളിത്തം, പോഷകാഹാരക്കുറവ്, ചേരികള്‍, പട്ടികജാതി-പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ പഠനവിധേയമാക്കിയ ഉപഘടകങ്ങളാണ്. വലിയ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്താണെങ്കില്‍ ചെറിയവയില്‍ മുന്നിലുള്ളത് ഗോവയാണ്.

വലുതില്‍ രണ്ടാം സ്ഥാനത്ത് കര്‍ണാടകയും മൂന്നാം സ്ഥാനത്ത് തമിഴ്‌നാടും നാലാമത് തെലങ്കാനയും അഞ്ചാമത് ആന്ധ്രപ്രദേശും ആറാമത് പഞ്ചാബുമാണെന്ന് പഠനം പറയുന്നു. 18-ാംസ്ഥാനത്താണ് ഉത്തര്‍പ്രദേശിന്റെ കിടപ്പ്. കാര്‍ഷിക മേഖലയിലെ മുതല്‍മുടക്ക്, വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം, കുടിവെള്ളം, ശുചിത്വം, വൈദ്യുതി, ധനക്കമ്മി, തൊഴിലില്ലായ്മ എന്നിവയെ അടിസ്ഥാനമാക്കിയാണ് കേരളത്തെ വളര്‍ച്ചയില്‍ മുന്നിലെന്ന് കണ്ടെത്തിയിരിക്കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാമത് ഗോവയും രണ്ടാമത് ഹിമാചലും മൂന്നാമത് സിക്കിമും നാലാമത് ഡല്‍ഹിയും ഏറ്റവുമൊടുവില്‍ പതിനൊന്നാം സ്ഥാനത്ത് മണിപ്പൂരുമാണ്. സമ്പത്തിന്റെ തുല്യതയില്‍ വലിയ സംസ്ഥാനങ്ങളില്‍ ഒന്നാമത് ആന്ധ്രപ്രദേശും രണ്ടാമത് കേരളവുമാണ്. സുസ്ഥിര വികസനത്തിലും കേരളം ഒന്നാം സ്ഥാനത്തുതന്നെയാണ്. രണ്ടാമത് തമിഴ്‌നാടും മൂന്ന് തെലുങ്കാനയും നാല് ഛത്തീസ്ഗഡും അഞ്ച് കര്‍ണാടകയും ഏറ്റവുമൊടുവില്‍ അസമും. വളര്‍ച്ചയിലും സുസ്ഥിരവികസത്തിലും ചെറുസംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം ഗോവക്കുതന്നെ. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനം ഛണ്ഡീഗഡിനാണ്്. ഇതിലൊക്കെ തെളിയുന്ന പ്രധാനപ്പെട്ട വസ്തുത വടക്കും കിഴക്കും സംസ്ഥാനങ്ങളെ അപേക്ഷിച്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നുവെന്നതാണ്. അവിടെയാണ് ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ചിന്താഗതിയും ജീവിതരീതികളും തിരിച്ചറിയപ്പെടേണ്ടത്. പൊതുവില്‍ കഠിനാധ്വാനികളും സ്ഥിരോല്‍സാഹികളും സമാധാനവാദികളുമായ ജനതയാണ് രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളിലുള്ളതെന്നത് ഇതുകൂടാതെതന്നെ പലവിധേന ബോധ്യമുള്ളതാണ്.

ഇവിടെയാണ് കേരളത്തിന്റെ ഈ നേട്ടത്തെ ചിലര്‍ ചേര്‍ന്ന് വക്രീകരിക്കാനും ആത്മപ്രശംസക്കും ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ കേരളം കേട്ട പരാതികളിലൊന്നായിരുന്നു മാധ്യമങ്ങള്‍ കേരളത്തിന്റെ ഭരണ നിര്‍വഹണത്തിലെ നേട്ടത്തെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല എന്നത്. സംസ്ഥാനം ഭരിക്കുന്ന മുഖ്യകക്ഷിയായ സി.പി.എമ്മിന്റെ നേതാക്കളും അണികളുമാണ് ഇത്തരമൊരു പരാതി ഉന്നയിച്ചത്. ഈ ആരോപണമാകട്ടെ, പൊതുഭരണ സൂചികയിലെ നേട്ടത്തിന് കാരണക്കാര്‍ തങ്ങള്‍ മാത്രമാണെന്ന മുന്‍ധാരണയിലും. കേരളത്തിന്റെ നേട്ടത്തിന് പിന്നില്‍ പ്രത്യേക സര്‍ക്കാരോ പാര്‍ട്ടിയോ മാത്രമാണെന്നുപറയാതെ എല്ലാ സര്‍ക്കാരുകളുടെയും അതിലുപരി പൊതുജനങ്ങളുടെയും പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് സമ്മതിക്കേണ്ടിവരും.

2016 മുതല്‍ 2019 വരെയുളള കണക്കുകളാണ് പരിശോധിച്ചത് എന്നതിനാല്‍ പ്രത്യേകിച്ചും. സ്ഥാനമൊഴിഞ്ഞ അതുവരെയുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനമാകുമല്ലോ ആ വിലയിരുത്തലിന് നിദാനമായിട്ടുണ്ടാകുക. മാത്രമല്ല. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നിരവധി കേരളത്തെതേടിയെത്തിയിരുന്നുവെന്നതും മറന്നുകൂടാ. ജനസമ്പര്‍ക്ക പരിപാടിക്കുള്ള യു.എന്‍ അവാര്‍ഡ്-2013, മികച്ചസംസ്ഥാനത്തിനുള്ള ഐ.ബി.എന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ് (2012), അധികാര വികേന്ദ്രീകരണത്തിനുള്ള അവാര്‍ഡ് (2014), ഇന്ത്യടുഡേയുടെ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്‌സ് അവാര്‍ഡ് (2103), ടൂറിസംരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യൂളിസസ് അവാര്‍ഡ് (2012) തുടങ്ങിയവ കേരളത്തിന്റെ മഹത്തായ ചരിത്രഗതിയിലെ പൊന്‍തൂവലുകളാണ്. എന്നിട്ടും കേരളീയ പൊതുസമൂഹത്തിന് കിട്ടുന്ന നേട്ടങ്ങളെയും ആദരവുകളെയുമാകെ തങ്ങളുടെ സ്വന്തം പെട്ടിയിലിട്ട് പൂട്ടിവെക്കാനും അര്‍മാദിക്കാനും മറ്റുള്ളവരെ ഭത്സിക്കാനുമുള്ള അവസരമാക്കുന്നതിനെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കുക? കഴിഞ്ഞ നാലര വര്‍ഷത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ ബാലന്‍സ് ഷീറ്റിന്റെ പരിശോധനകളാണ് ഇന്ന് കേരളവും ലോകവും കേട്ടുകൊണ്ടിരിക്കുന്നത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൊള്ളരുതായ്മകളുടെയും അന്ധകാരത്തില്‍ ആണ്ടിരിക്കുന്ന ഒരു സര്‍ക്കാരിന് വീണുകിട്ടിയതെന്തും ‘വല്ലഭന് പുല്ലും ആയുധ’മെന്ന കണക്കിന് കൊണ്ടാടുന്നുവെന്നല്ലാതെന്തുപറയാന്‍!

 

web desk 3: