X

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

കൊച്ചി: കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പിടികിട്ടാപുള്ളി കോട്ടയം പുതുപ്പള്ളി മൈലക്കാട്ട് ഉതുപ്പ് എം വര്‍ഗീസിനെ സിബിഐ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ 3.15ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ്. കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തിയ ഉതുപ്പിനെ വിമാനത്താവളത്തില്‍ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. സിബിഐ കോടതിയില്‍ ഹാജരാക്കിയ ഉതുപ്പിനെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവായി.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഉതുപ്പിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉതുപ്പിനെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇരുകൂട്ടരുടേയും അപേക്ഷകള്‍ ഇന്ന് പരിഗണിക്കും.

കൊച്ചിയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ അല്‍ സറാഫ മാന്‍പവര്‍ കണ്‍സള്‍ട്ടന്റ് ഉടമയായ ഉതുപ്പ് വര്‍ഗീസ് രണ്ട് വര്‍ഷമായി അബുദാബിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കുവൈത്ത ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആസ്പത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് നടത്തിയതു വഴി ഉതുപ്പും സംഘവും 300 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാനാണ് ഏജന്‍സിക്ക് അനുമതി. എന്നാല്‍ നഴ്‌സുമാരില്‍ നിന്നും 19.5 ലക്ഷം രൂപ കൈപ്പറ്റി. 1,629 പേരില്‍ നിന്നും ഇത്രയും തുക ഈടാക്കിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 1291 പേരെ റിക്രൂട്ട്‌മെന്റ് നടത്തി. ഇതില്‍ 1200ഓളം പേര്‍ കുവൈത്തിലേക്ക് പോയി. എന്നാല്‍ അവിടെയെത്തിയ നഴ്‌സുമാരെ വീണ്ടും വഞ്ചിച്ചു. ആരോഗ്യ മന്ത്രാലയത്തിന് പകരം വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ നിയമിച്ചു. ഇതിനായി അഞ്ച് ലക്ഷം രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കി. ഇതിലൂടെ മാത്രം 119 കോടി തട്ടിയെടുത്തതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. 2015 മാര്‍ച്ച് 30ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിബിഐക്ക് മുന്നില്‍ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഉതുപ്പ് എത്തിയത്. ബുധനാഴ്ച എത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സംശയം തോന്നി ഉതുപ്പിനെ തടഞ്ഞുവച്ചു. ഉതുപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ സിബിഐയെ വിവരം അറിയിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

chandrika: