X
    Categories: columns

പരിചരണത്തിലെ ആത്മ സംതൃപ്തി

ഡോ. എം.എ അമീറലി

ജനകീയ ആരോഗ്യ മേഖലയില്‍ വന്ന ഏറ്റവും വിപ്ലവകരമായ മുന്നേറ്റമാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ അഥവാ കിടപ്പിലായ രോഗികള്‍ക്കുള്ള സാന്ത്വന പരിചരണം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാത്ത മാതൃകയാണ് പാലിയേറ്റീവ് കെയര്‍ സമൂഹത്തിനു സമ്മാനിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു യൂറോപ്പില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ ആരംഭിച്ചത്. പ്രതീക്ഷയറ്റ്, ഒരിക്കലും ഭേദമാകാന്‍ സാധ്യതയില്ലാത്ത കാന്‍സര്‍ രോഗികള്‍ക്കുവേണ്ടിയായിരുന്നു ഒരു ശാസ്ത്ര ശാഖ എന്ന നിലയില്‍ ‘സാന്ത്വന പരിചരണം’ (Palliative Care) ആരംഭിച്ചത്. 1993 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ഇതിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചു.

പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്ന കിടപ്പിലായ രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിത നിലവാരം ഉയര്‍ത്താനും ശാരീരികവും മാനസികവും ആത്മീയവുമായ പ്രശ്‌നങ്ങളില്‍ പിന്തുണയും സഹായവും നല്‍കലുമാണ് പാലിയേറ്റീവ്‌കെയര്‍ മുന്നോട്ട് വെക്കുന്ന ആശയം. കേരളത്തില്‍ ഇന്ന് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ഏറെ മുന്നോട്ട് പോയിട്ടുണ്ട്. നിരവധി രംഗങ്ങളില്‍ ലോകത്തിനു തന്നെ മാതൃകയായ കേരളം, പാലിയേറ്റീവ് കെയറിന്റെ കേരള മാതൃകയെന്ന്‌പോലും പറയാന്‍ സാധിക്കുംവിധമാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ നേടിയ വളര്‍ച്ച. സന്നദ്ധ സംഘടനകളിലൂടെ കടന്നുവന്ന് സമൂഹം ഏറ്റുപിടിച്ച ഈ സംവിധാനം മുതിര്‍ന്നവര്‍ മുതല്‍ വിദ്യാര്‍ത്ഥികളില്‍വരെ സുപരിചിതവും സജീവവുമാകാന്‍ അധികകാലം വേണ്ടിവന്നില്ല. സംസ്ഥാന സര്‍ക്കാരും പാലിയേറ്റീവ് കെയര്‍ സംവിധാനത്തെ ഔദ്യോഗികമായി അംഗീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് നടത്തിയ മികച്ച ഇടപെടലുകള്‍ ഇന്ത്യയിലോ കേരളത്തിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നടത്താന്‍ സാധിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതല്‍ ശാസ്ത്രീയമായും നഗരങ്ങള്‍ തൊട്ട് ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് ഈ സംവിധാനത്തിന്റെ പ്രയോജനം എത്തും വിധവുമാണ് മുസ്‌ലിംലീഗിന്റെ പാലിയേറ്റീവ് കെയര്‍ രംഗത്തേക്കുള്ള ചുവട്‌വെപ്പ് എന്നത് ശ്രദ്ധേയമാണ്. ഇരുപതാം നൂറ്റാണ്ടോടെയാണ് പാലിയേറ്റീവ് കെയര്‍ കൂടുതല്‍ സജീവമാകുന്നത്. ആധുനിക ഹോസ്പിസ് ആശയങ്ങള്‍ക്ക് കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് ഡോ. സിസ്‌ലി സൗണ്ടേര്‍സിനോടായിരിക്കും. ജീവിതാന്ത്യ പരിചരണം എന്ന ആശയത്തില്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന കൂടുതല്‍ ആശയങ്ങളെ പ്രായോഗികവത്കരിക്കാന്‍ ശ്രമിച്ചത് അവരായിരുന്നു. 1987 ഡോ. ഡെക്ലാന്‍ വാഷാണ് ആസ്പത്രി കേന്ദ്രീകൃതമായ ആദ്യ പാലിയേറ്റീവ് കെയര്‍ കേന്ദ്രം ആരംഭിക്കുന്നത്. ഇന്ന് ലോകത്തുടനീളമായി നിരവധി ഹോസ്പിസുകളും പാലിയേറ്റീവ് സംരംഭങ്ങളും നിലനില്‍ക്കുന്നു. 2005ലാണ് ആദ്യമായി ലോകാരോഗ്യ സംഘടന പാലിയേറ്റീവ് കെയര്‍ ദിനം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണിത് ആചരിച്ചുവരുന്നത്.

രോഗം മൂലം ജീവിതപ്രതീക്ഷകള്‍ അവസാനിക്കുന്ന നേരങ്ങളില്‍ മനുഷ്യന്‍ അതിസങ്കീര്‍ണ്ണമായ മാനസിക തടവറകളിലേക്കാണ് തള്ളപ്പെടുന്നത്. തന്റെ വേദനകളെ നേരാംവണ്ണം മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കാന്‍പോലും സാധിക്കാത്ത സാഹചര്യങ്ങള്‍ സംജാതമാകുന്നു. അത്തരം മനുഷ്യരിലേക്ക് ഒരു വാക്കുകൊണ്ടോ നോട്ടംകൊണ്ടോ തലോടല്‍കൊണ്ടോ കടന്നുചൊല്ലുമ്പോള്‍, അവരുടെ മാനസികാരോഗ്യം പകുതിയും വീണ്ടെടുത്തിട്ടുണ്ടാകും. വിവരിക്കാനാവത്ത സന്തോഷം അവരുടെ കണ്ണുകളില്‍ തിളങ്ങുന്നുണ്ടാകും. പരിചരിക്കാനെത്തിയവരില്‍ അനല്‍പമായ സംതൃപ്തിയാണ് അത്തരം നിമിഷങ്ങള്‍ സമ്മാനിക്കുക.

പാലിയേറ്റീവ്‌കെയര്‍ രംഗത്തേക്ക് സജീവമാകാന്‍ സമൂഹത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് കെയര്‍ ദിന സന്ദേശം. പാലിയേറ്റീവ് കെയര്‍: എന്റെ പരിചരണം, എന്റെ സംതൃപ്തി യെന്നതാണ് സന്ദേശം. മറ്റൊരാള്‍ക്ക് നിങ്ങള്‍ നല്‍കുന്ന പരിചരണം നിങ്ങള്‍ക്കുതന്നെയാണ് ഏറ്റവും വലിയ മാനസിക സംതൃപ്തി സമ്മാനിക്കുക. സമൂഹത്തിന്റെ കൂടുതല്‍ ശ്രദ്ധപതിയേണ്ട രംഗം തന്നെയാണ് പാലിയേറ്റീവ് കെയര്‍. ചെറിയ ചെറിയ നിരാശകളില്‍ ജീവിതം അവസാനിപ്പിക്കാന്‍ നേക്കുന്നവര്‍, ചുറ്റുമുള്ളവരുടെ വേദനകളിലേക്ക് ഒന്നിറങ്ങി ചെല്ലാന്‍ ശ്രമിക്കണം. വര്‍ഷങ്ങളായി കിടന്ന കിടക്കയില്‍നിന്ന് മൂത്രമൊഴിക്കാന്‍പോലും ഒന്നനങ്ങാന്‍ കഴിയാത്ത രോഗികളുടെ അടുക്കല്‍ അല്‍പ്പനേരം ചിലവഴിച്ചാല്‍, നൊമ്പരങ്ങളും നിരാശകളുമൊക്കെ പമ്പ കടക്കും. രോഗീ സന്ദര്‍ശനത്തെ വലിയ പുണ്യമായി പ്രവാചകരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ രംഗത്തേക്ക് സമൂഹം കൂടുതല്‍ സജീവമായി ഇടപെടുന്നത് സമൂഹത്തിന്റെ മാനസികാരോഗ്യത്തില്‍ സമൂലമാറ്റം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.
(പൂക്കോയ തങ്ങള്‍ ഹോസ്പിസ് സി.എഫ്.ഒ യാണ് ലേഖകന്‍)

 

web desk 3: