X
    Categories: columns

സുതാര്യത ജീവിതനിഷ്ഠയാവട്ടെ

പ്രൊഫ. പി.കെ.കെ തങ്ങള്‍

ഓരോ ഭരണാധികാരിക്കും അതിര്‍ത്തികളുണ്ട്. ആ പരിധിക്കകത്ത് ഭരണം നിര്‍വഹിക്കുകയെന്നതാണവരിലോരോരുത്തരുടെയും കടമ. അങ്ങിനെ വരുമ്പോള്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ചൈന, പാക്കിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയുള്ള രാജ്യങ്ങളുടെ അതിര്‍ത്തികള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. രാജ്യാതിര്‍ത്തി തീരുന്നിടത്ത് ആ രാജ്യങ്ങളുടെ അതിര്‍ത്തി ആരംഭിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ സൗകര്യത്തിനും സുരക്ഷിതത്വത്തിനും സുതാര്യതക്കുംവേണ്ടി ഓരോ രാജ്യവും അതിര്‍ത്തി പങ്കിടുന്നിടത്ത് ആര്‍ക്കും അവകാശപ്പെടാന്‍ പാടില്ലാത്ത ‘ആരുടേതുമല്ലാത്ത ഭൂമി’ (നോമേന്‍സ് ലാന്റ്) എന്ന ഒരു നിശ്ചിത അകലം, സംരക്ഷണമേഖല എന്ന് വിശേഷിപ്പിക്കാവുന്ന വിധത്തില്‍ നിലനിര്‍ത്തിപ്പോരുന്നുണ്ട്. സംശയത്തിന്റെയോ അവ്യക്തതയുടെയോ പേരില്‍ ഒരാളും അയല്‍ രാജ്യത്ത് അനധികൃതമായി കാലുകുത്താനിടയാവരുത് എന്ന മൗലികമായ സൂക്ഷ്മതക്കുവേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്.

കൃഷിയിടങ്ങളില്‍ നടന്നുകയറി വിള തിന്നു നശിപ്പിക്കാനിടയാവുമെന്ന സൂക്ഷ്മതയുടെ പേരിലാണല്ലോ കാലികളെ കയറില്‍ കെട്ടിയിട്ടു മേച്ചില്‍ അതിര്‍ത്തി നിശ്ചയിച്ചുകൊടുക്കുന്നത്. അത് കാലികളുടെ കാര്യം. എന്നാല്‍ മനുഷ്യന് അതിര്‍ത്തി നിര്‍ണ്ണയിച്ചുകൊടുക്കുന്നത് കയര്‍ ബന്ധനത്തിലൂടെയല്ല, മറിച്ച് നിയമ-ധാര്‍മ്മിക അതിര്‍ത്തി നിര്‍ണ്ണയത്തിലൂടെയാണ്. അത്തരം നിയമ-ധാര്‍മ്മിക അതിര്‍ത്തികള്‍ ലംഘിക്കുന്നിടത്താണ് ‘നിയമലംഘന’മെന്ന അതിര്‍ത്തിലംഘന പ്രശ്‌നം ഉടലെടുക്കുന്നതും തുടര്‍ന്ന് ഗുരുതരമായ ഭവിഷ്യത്തുക്കള്‍ക്ക് കാരണമാകുന്നതും. ഭൂമിക്കു മാത്രമല്ല സമുദ്രം, ആകാശം എന്നിവക്കും അതിര്‍ത്തിരേഖകളുണ്ട്. ഇവയെല്ലാം സൂക്ഷ്മമായി പാലിക്കപ്പെടേണ്ടതുണ്ട്. രാജ്യങ്ങളുടെ സുരക്ഷിതത്തിനും ജനങ്ങളുടെ സൈ്വര ജീവിതത്തിനും അനിവാര്യമാണ്. ‘അതിര്‍വരമ്പുകള്‍’ എന്ന് സാമാന്യേന ഉപയോഗിക്കപ്പെടുന്ന അതിര്‍ത്തി രേഖകള്‍ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും ശാസ്ത്രീയവുമായ അടിത്തറയുടെ പേരിലാണെങ്കില്‍, അതിനെല്ലാം മീതെയായി, മനുഷ്യരാശിയുടെ ശാന്തിക്കും സമാധാനത്തിനും ആത്മീയവും ഭൗതികവുമായ ജീവിതസുരക്ഷക്കും വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ് ‘മാനവിക ധാര്‍മ്മികത’.

വളര്‍ന്നു വികസിച്ച സമൂഹമെന്ന നിലയില്‍ മനുഷ്യവംശത്തിലെ ആദ്യത്തെ കക്ഷി വ്യക്തിയാണ്. തുടര്‍ന്ന് കുടുംബം, നാട്, രാജ്യം, ലോകം എന്നീ വികാസങ്ങളിലൂടെ ഇന്ന് നാം നിലകൊള്ളുന്നിടത്തെത്തി നില്‍ക്കുന്നു; ആ പ്രതിഭാസം തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ആ പ്രയാണത്തില്‍, ഒരു വലിയ സമൂഹമെന്ന നിലയില്‍ തൊട്ടുരുമ്മി, തിക്കിത്തിരക്കി മുന്നേറേണ്ടതുണ്ടെന്നതിനാല്‍, മനുഷ്യ സമൂഹത്തിന് ആകമാനം പ്രായോഗികമാക്കാവുന്ന നിയമ-കര്‍മ്മ പദ്ധതികള്‍ മനുഷ്യന്‌വേണ്ടി അവതരിക്കപ്പെട്ടിട്ടുണ്ട്. അത്തരം ആശായാദര്‍ശ പദ്ധതികളുടെ പ്രായോഗികതയും ഗുണഫലങ്ങളുമെല്ലാം തുറന്ന പുസ്തകം പോലെ നമ്മുടെ മുമ്പിലുണ്ട്. പ്രവാചകന്മാര്‍, മഹത്തുക്കള്‍, പണ്ഡിതന്മാര്‍ എന്നിവരുടെയെല്ലാം ജീവിതം നമുക്ക് മാതൃകയായി സ്രഷ്ടാവ് നിശ്ചയിച്ചു തന്നിരിക്കുന്നത് പുതുസമൂഹം ഇരുട്ടില്‍ തപ്പാതിരിക്കാനും നേര്‍വഴിയില്‍ ശക്തരായി മുന്നേറി വിജയം വരിക്കാനുമാണ്.

ആധുനിക സമൂഹ സംവിധാനത്തില്‍ നമ്മുടെ മുന്നിലുള്ളത് ഹ്രസ്വമായി പറഞ്ഞാല്‍ ഭരണകര്‍ത്താക്കളും ഭരണീയരും- പഴയ ശൈലിയില്‍ പറഞ്ഞാല്‍ രാജാവും പ്രജകളും. പേരെന്ത് പറഞ്ഞാലും പ്രാഥമിക വിലയിരുത്തലില്‍ എല്ലാവരും മനുഷ്യര്‍, വ്യക്തികള്‍. എന്നുവെച്ചാല്‍ സമൂഹത്തിന്റെ ആദ്യപടി (അടിത്തറ) വ്യക്തി എന്നര്‍ത്ഥം. വ്യക്തികള്‍ ചേര്‍ന്ന് സമൂഹം രൂപപ്പെടുന്നു- സമൂഹത്തിന്റെ നാനാവിധ ഘടനകള്‍ രൂപപ്പെടുന്നു. ഭരണാധികാരികളും ഭരണീയരും രൂപപ്പെടുന്നു- നേതാവും അനുയായികളുമുണ്ടാവുന്നു. തൊഴിലാളിയും തൊഴില്‍ ദാതാവുമുണ്ടാകുന്നു -അങ്ങിനെ സമൂഹത്തിലെന്തെല്ലാം വേദികളുണ്ടോ അവിടെയെല്ലാം കൃത്യമായ ഒരു സംവിധാനം നിലവില്‍വരുന്നു. അങ്ങിനെ ഉടലെടുക്കുന്ന സംവിധാനങ്ങള്‍, പ്രസ്ഥാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്തു തന്നെയായാലും എല്ലാറ്റിനും കൃത്യമായ ആരോഹണാവരോഹണക്രമങ്ങള്‍ സംജാതമാകുന്നു.

കുടുംബ സംവിധാനത്തില്‍ മാതാപിതാക്കളില്‍ നിന്ന് തുടക്കം- മക്കള്‍ മാതാപിതാക്കളെ പിന്തുടര്‍ന്ന്, അനുകരിച്ച് ജീവിക്കാന്‍ തുടങ്ങുന്നു. അവിടെയാണ് യഥാര്‍ത്ഥത്തിലുള്ള തുടക്കും മാതാപിതാക്കളുടെ സ്വഭാവം, ശീലങ്ങള്‍, തെരഞ്ഞെടുപ്പ് (ചോയ്‌സ്) എന്നിവ മക്കളില്‍ പതിഞ്ഞിരിക്കും. ഈ യാഥാര്‍ത്ഥ്യം രക്ഷിതാക്കള്‍ വേണ്ടവിധം ഉള്‍ക്കൊണ്ട്, ഉത്തമ കുടുംബനാഥനാകാനുള്ള ഒരുക്കം നടത്തിയിരിക്കണം. ജനിക്കാന്‍ പോകുന്ന മക്കള്‍, എന്നെ -അല്ലെങ്കില്‍ ഞങ്ങളെ കണ്ടാണ് ജീവിതം പകര്‍ത്തുകയെന്ന പ്രാഥമിക ബോധമെങ്കിലും ഉള്‍ക്കൊണ്ട് മാതാപിതാക്കള്‍ ജീവിതം ക്രമപ്പെടുത്താന്‍ തയ്യാറായില്ലെങ്കില്‍ അതിനര്‍ത്ഥം, വളര്‍ന്നുവരുന്ന മക്കള്‍ക്ക് തന്നിഷ്ടത്തിനുള്ള പച്ചക്കൊടി അവര്‍ കാണിച്ചുകൊടുത്തുവെന്ന് തന്നെയാണ്.

വൃത്തി, നല്ല പെരുമാറ്റം, സമയബോധം, അധ്വാനശീലം, സൗഹൃദ സമ്പര്‍ക്കം, സ്‌നേഹം, സഹാനുഭൂതി, ഗുരുഭക്തി, തെളിഞ്ഞ അയല്‍പക്കബന്ധം, ഗുണകരമായ സമൂഹബന്ധങ്ങള്‍, മിതത്വശീലം, ആരോഗ്യ-വൃത്തി പാഠങ്ങള്‍, മൂല്യങ്ങള്‍, ധര്‍മ്മബോധം, മിതവ്യയം, ഉള്ളതില്‍ തൃപ്തിപ്പെടല്‍, സഹജാവബോധം തുടങ്ങിയുള്ള എല്ലാ സദ്ഗുണങ്ങളുടെയും ആദ്യപാഠങ്ങള്‍ ‘പ്രസംഗ രൂപത്തിലല്ലാതെ’, ഒരു കണ്ണാടിയിലെന്നപോലെ തെളിഞ്ഞുകണ്ടു മുന്നേറാനുള്ള അവസരം മാതാപിതാക്കളുടെ ജീവിത രീതിയിലൂടെ മക്കള്‍ക്ക് ലഭ്യമാവണം. മക്കളില്‍ നിന്നൊളിച്ചുവെക്കേണ്ട, മറച്ചുപിടിക്കേണ്ടതൊന്നും മാതാപിതാക്കളില്‍ ഉണ്ടാവരുത്. വാചകങ്ങള്‍ കുറച്ച്, കഴിവതും മാതൃകാപ്രവര്‍ത്തനരീതിയിലൂടെ മക്കളുടെ മുന്നില്‍ മാതൃകയാവുക. ‘ഞാന്‍ എന്റെ മക്കള്‍ക്ക് കണ്ടുപഠിക്കാന്‍ യോഗ്യനാണോ’ എന്ന ആത്മപരിശോധന നടത്താന്‍ രക്ഷിതാവ് മാനസിക ക്രമീകരണം വരുത്തണം.

കുടുംബത്തിനകത്തെ പെരുമാറ്റം, ബാഹ്യ ഇടപെടലുകളിലെ രീതികള്‍, ചങ്ങാത്തത്തിലെയും അയല്‍ ബന്ധങ്ങളിലെയും സുതാര്യത എന്നിവയെല്ലാം മക്കള്‍ക്ക് കണ്ടുപഠിക്കാവുന്നത് തന്നെയാണെന്ന മാനസിക സംതൃപ്തി രക്ഷിതാവിനുണ്ടാവണം. വായ് തുറന്ന് സംസാരിക്കാനും ചോദ്യം ചെയ്യാനുമൊക്കെയുള്ള പ്രായമെത്തുമ്പോള്‍ സ്വന്തം മക്കള്‍ പിതാവിന്റെ മുഖത്ത് നോക്കി ‘എനിക്കൊന്നും അറിയില്ലെന്ന് കരുതി എന്തെല്ലാം വേണ്ടാത്തരങ്ങള്‍ നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടെ’ന്ന് ചോദിക്കാനിടവന്നാല്‍ ആ പിതാവിന്റെ സ്ഥാനമെന്തായിരിക്കും. അതിനാല്‍ മാതാപിതാക്കള്‍ കഴിവിന്റെ പരമാവധി മാതൃകാപദവി ബോധമുള്‍ക്കൊണ്ട് തന്നെ മക്കളുടെ മുന്നില്‍ ജീവിക്കണം; മക്കളുടെ ആദ്യ മാതൃകയാവണം മാതാപിതാക്കള്‍.

ഈ സുതാര്യത തന്നെയാണ് ഗുരുനാഥന്മാരും ശിഷ്യന്മാരുടെ മുന്നില്‍ പുലര്‍ത്തേണ്ടത്. അവര്‍ക്ക് കുട്ടികളുടെ മുന്നില്‍ ഒളിക്കാന്‍ ഒന്നുമുണ്ടാവരുത്. അകവും പുറവും നിഷ്‌കളങ്കമായിരിക്കണം. കുട്ടികള്‍ക്ക് ലഭ്യമാവേണ്ടത് ഭാവിജീവിതത്തില്‍ അവര്‍ക്ക് പുലര്‍ത്തേണ്ട ഉത്തമമാതൃകയാണ്. കുറെ വിഷയ ഭാഗങ്ങള്‍ മനഃപാഠം പഠിപ്പിക്കലും പരീക്ഷയില്‍ മാര്‍ക്കുവാങ്ങലും മാത്രമല്ല ഗുരുശിഷ്യബന്ധത്തിന്റെ അടിസ്ഥാനം. വരവും പോക്കും ഇടപെടലും അത്യാവശ്യം കളിയും ചിരിയും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും ബാഹ്യവിജ്ഞാനാര്‍ജ്ജനവും വ്യക്തിവികാസവും ഭാവനാശീലവും സദ്ഭാഷണവുമെല്ലാം കുട്ടികള്‍ പകര്‍ത്തിയെടുക്കേണ്ടത് ഗുരുനാഥന്മാരില്‍നിന്നു തന്നെയാണ്. അത് സത്യസന്ധവുമായിരിക്കണം. ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഒളിക്കാന്‍ ഒന്നുമുണ്ടാവരുത്.

കുടുംബ ജീവിതം പോലും അങ്ങേയറ്റം സുതാര്യമായിരിക്കണമല്ലോ. വ്യക്തിബന്ധങ്ങള്‍, ഇടപാടുകള്‍, സംഭാഷണരീതികള്‍ തുടങ്ങി എല്ലാം സ്ഫുടമായിരിക്കണം. അവ്യക്തമോ സംശയം ജനിപ്പിക്കുന്നതോ ആയിക്കൂടാ. പകുതി വിഴുങ്ങി ബാക്കിമാത്രം സംസാരിക്കാന്‍ ഒരു ഭരണാധികാരിക്ക് പാടില്ല. കുടുംബ-വ്യക്തിജീവിതത്തില്‍പോലും സുതാര്യത പുലര്‍ത്താന്‍ ഒരു ഭരണാധികാരിക്ക് കഴിയണം. സംസാരത്തില്‍ വ്യക്തതയില്ലാതെ വരുമ്പോള്‍ അതിനര്‍ത്ഥം ഒളിച്ചുവെക്കേണ്ടതായി എന്തോ ഉണ്ടെന്നല്ലേ? നിര്‍ദ്ദോഷിയാണെന്നൊരാള്‍ക്കുറപ്പുണ്ടെങ്കില്‍ അയാള്‍ ശങ്കിക്കേണ്ടതില്ലല്ലോ. ഗുരുനാഥന്റെയും അവസ്ഥ ഇതു തന്നെയാണ്.

ധനത്തേക്കാള്‍, സമ്പത്തിനേക്കാള്‍ വളരെയധികം വിലപ്പെട്ട മൂല്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് അധ്യാപകര്‍. അപ്പോള്‍ തീര്‍ച്ചയായും വ്യക്തതയുടെയും പൂര്‍ണ്ണതയുടെയും സുതാര്യതയുടെയും വക്താക്കളായിരിക്കണം അവര്‍. ഈയോരു ദൗത്യം പുതുതലമുറയില്‍ പ്രായോഗികതലത്തില്‍ എത്തിക്കേണ്ട ചുമതലക്കാര്‍ കൂടിയാണ് അവര്‍. ‘ഒളിപ്പിക്കാനില്ലാത്തവന് പേടിക്കാനുമില്ല’ എന്ന ഒരു പ്രയോഗം സുതാര്യജീവിതത്തെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ശൈലിയാണ്. ‘മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം’ എന്നൊരു മൊഴിയുണ്ട്. അത്തരം കൈപ്പിഴകള്‍ മാപ്പര്‍ഹിക്കുന്നതാണെങ്കില്‍, തിരിച്ചറിയുക ബോധപൂര്‍വമോ, ലാഘവത്വം മൂലമോ വരുത്തിവെക്കുന്ന വിനകള്‍ കുറ്റകരം തന്നെയാണ്. ഒരുപാട് അഭിലഷണീയമായ കാര്യങ്ങളിലിടപെട്ട് പലതും സ്വന്തം ഭാര്യയുടെയും മക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ ഒളിപ്പിച്ച് ശ്വാസംമുട്ടി ഞെരുങ്ങി ജീവിക്കുന്നതിനേക്കാള്‍ വളരെ സരളമാണ് സുതാര്യജീവിതം. ഭരണാധികാരിതൊട്ട് ഒടുവിലത്തെ സാധാരണ പൗരന്‌വരെ തുല്യ ബാധകമായ ദര്‍ശനമാണിത്. സുതാര്യത സംശയാതീതമല്ലെങ്കില്‍ പിന്നെ, വ്യക്തിയായാലും നേതാവായാലും ഭരണാധിപനായാലും അവശേഷിക്കുക അവിശ്വാസ്യതയായിരിക്കും.

 

web desk 3: