X

ഓസീ പ്രതാപം

 

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് പിടിമുറുക്കി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിന് 109 റണ്‍സ് എന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിന് ജയിക്കാന്‍ ഇനി 156 റണ്‍സ് കൂടി മതി. സപിന്നര്‍മാര്‍ അരങ്ങു വാണ ടെസ്റ്റില്‍ പിടിച്ചു നില്‍ക്കാനായാല്‍ ജയം ഓസീസിനൊപ്പമാവും. ആദ്യ ഇന്നിങ്‌സിലേതു പോലെ ബംഗ്ലാ സ്പിന്നര്‍മാര്‍ അല്‍ഭുതം കാണിച്ചാല്‍ ഫലം മറിച്ചാവും. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 75 റണ്‍സുമായി ഓപണര്‍ ഡേവിഡ് വാര്‍നറും 25 റണ്‍സുമായി ക്യാപ്റ്റന്‍ സ്മിത്തുമാണ് ക്രീസില്‍. ഇരുവരും മൂന്നാം വിക്കറ്റില്‍ ഇതിനോടകം തന്നെ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അഞ്ചു റണ്‍സെടുത്ത മാറ്റ് റെന്‍ഷോയും ഒരു റണ്ണെടുത്ത ഉസ്മാന്‍ ഖ്വജയുമാണ് പുറത്തായത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 43 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാ കടുവകള്‍ 221 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച ലീഡ് പ്രതീക്ഷിച്ച കടുവകളെ നഥാന്‍ ലിയോണിന്റെ ബൗളിങാണ് വട്ടം കറക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ഓപണര്‍ തമീം ഇഖ്ബാല്‍ രണ്ടാം ഇന്നിങ്‌സിലും (78) മികച്ച പ്രകടനം കാഴ്ചവെച്ചു. ഇഖ്ബാലിന് പുറമെ ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം (41), ഷബ്ബീര്‍ റഹ്മാന്‍ (22), മെഹദി ഹസന്‍ (26) എന്നിവര്‍ക്കു മാത്രമേ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ. കങ്കാരുക്കള്‍ക്കു വേണ്ടി സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആറു വിക്കറ്റ് വീഴ്ത്തി. ഇത് പത്താം തവണയാണ് ടെസ്റ്റില്‍ ലിയോണ്‍ അഞ്ചു വിക്കറ്റോ അതില്‍ കൂടുതലോ നേടുന്നത്. ആഷ്റ്റന്‍ അഗര്‍ രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

chandrika: