X

ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രാഈല്‍ സംഘടന യുഎന്നില്‍

ഫലസ്തീന്‍ യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഉറച്ച നടപടി സ്വീകരിക്കണമെന്ന് ഇസ്രാഈല്‍ മനുഷ്യാവകാശ സംഘടനയായ ബിറ്റ്‌സെലം യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ 49 വര്‍ഷമായി ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഫലസ്തീന്‍ ജീവിതത്തെ ഇസ്രാഈല്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം ഉറക്കമുണര്‍ന്ന് തങ്ങളുടെ നയങ്ങളുടെ ക്രൂരത തിരിച്ചറിഞ്ഞ് മര്‍ദ്ദകനായ ഇസ്രാഈല്‍ പിന്മാറുകയില്ല. യു.എന്‍ രക്ഷാസമിതിയുടെ ഭാഗത്തുനിന്ന് ഉറച്ച നടപടികളാണ് വേണ്ടത്. ഫലസ്തീനികളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുകയും അധിനിവേശം അവസാനിപ്പിക്കുകയും വേണം. ഇപ്പോള്‍ അതിനുള്ള സമയമാണ്. 2017 ജൂണില്‍ ഫലസ്തീനിലെ ഇസ്രാഈല്‍ അധിനവേശത്തിന് അരനൂറ്റാണ്ട് തികയുകയാണ്.

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ രക്ഷാസമിതി തയാറാവണമെന്നും ബിറ്റ്‌സെലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹഗായ് എല്‍ ആദ് യു.എന്‍ രക്ഷാസമിതിയുടെ അനൗദ്യോഗിക യോഗത്തില്‍ പറഞ്ഞു. ഫലസ്തീനിലെ അധിവേശപ്രവര്‍ത്തനങ്ങള്‍ ഇസ്രാഈലിന്റെ സുരക്ഷക്കും നിലനില്‍പ്പിനും ഭീഷണിയായിരിക്കുകയാണെന്ന് യു.എസ് മനുഷ്യാവകാശ സംഘടനയായ അമേരിക്കന്‍സ് ഫോര്‍ പീസ് നൗ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈലിനെതിരെ നയതന്ത്ര ഭീകരത സൃഷ്ടിക്കാനുള്ള ഫലസ്തീന്‍ ശ്രമത്തിന് പിന്തുണ നല്‍കുകയാണ് ബിറ്റ്‌സെലം എന്ന് ഇസ്രാഈലിന്റെ യു.എന്‍ അംബാസഡര്‍ ഡാനി ഡാനണ്‍ ആരോപിച്ചു.

chandrika: