X

പെട്രോള്‍, ഡീസല്‍ വില മാറ്റം ഇനി ദിനം തോറും

ന്യൂഡല്‍ഹി: സ്വര്‍ണം, വെള്ളി വില പോലെ എണ്ണ വിലയും ഇനി ദിനം പ്രതി മാറും. മെയ് ഒന്നു മുതല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ദിനം പ്രതി പുതുക്കി നിശ്ചയിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം.

ആദ്യ ഘട്ടത്തില്‍ അഞ്ചു നഗരങ്ങളിലായിരിക്കും പരീക്ഷാടിസ്ഥാനത്തില്‍ പദ്ധതി നിലവില്‍ വരിക. പദ്ധതി താമസിയാതെ ഇന്ത്യ മുഴുവനും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയില്‍ പുതുച്ചേരി, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നിലവില്‍ വരുന്നത്. ഇതിനു പുറമെ ഉദയ്പൂര്‍, ജാംഷഡ്പൂര്‍, ചാണ്ഡിഗഡ് എന്നിവിടങ്ങളിലാണ് മെയ് ഒന്നിന് പദ്ധതി പ്രാവര്‍ത്തികമാവുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ തുടരുന്ന അനിശ്ചിതത്വം ഇതോടെ വിപണികളില്‍ ദിനം പ്രതി പ്രതിഫലിക്കും.
നിലവില്‍ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങിയ കമ്പനികള്‍ 15 ദിവസത്തിലൊരിക്കലാണ് എണ്ണ വില പുതുക്കി നിശ്ചയിക്കുന്നത്. ഡൈനാമിക് പ്രൈസിങ് എന്ന പേരില്‍ പല വികസിത രാജ്യങ്ങളിലും എണ്ണ വില ദിനം പ്രതി പുതുക്കി നിശ്ചയിക്കുന്നുണ്ടെന്നും ഇതിനോടു ചുവടു പിടിച്ച് ഇന്ത്യയിലും ഇതേ രീതി തുടരാനാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്നും പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സ്വകാര്യ എണ്ണക്കമ്പനികളായ റിലയന്‍സ്, എസ്സാര്‍ എന്നീ കമ്പനികളും പൊതുമേഖലാ കമ്പനികള്‍ക്കു പിന്നാലെ ദിനം പ്രതി വില പുതുക്കി നിശ്ചയിക്കുമെന്നാണ് കരുതുന്നത്.
അതേ സമയം ദിനം തോറും വില പുതുക്കി നിശ്ചയിക്കാനുള്ള ശിപാര്‍ശ വിദഗ്ധരുടേതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ പറഞ്ഞു.

chandrika: