X

അഹമ്മദിനോട് കാണിച്ചത് ഫാസിസത്തിന്റെ ഭീകര മുഖം: പി.കെ കുഞ്ഞാലിക്കുട്ടി

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

മണ്ണാര്‍ക്കാട്: രാജ്യം ഭരിക്കുന്നത് മനുഷ്യത്വം മരവിച്ച ഭരണകൂടമെന്ന് മുസ്‌ലിംലീഗ് ദേശീയ ട്രഷററും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. മരണമുഖത്ത് ഇ.അഹമ്മദ് എം.പിയോട് കാണിച്ചത് ഫാസിസത്തിന്റെ ഭീകരമുഖമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) 38ാം സംസ്ഥാന സമ്മേളനം മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ഭാഷയെ നിരാകരിക്കുകുകയും, അഭ്യര്‍ത്ഥനകളെ പിടിച്ചുതളളുകയും ചെയ്യുന്ന ഗുണ്ടാ രാഷ്ട്രീയം ബൗണ്‍സര്‍മാരെ മുന്‍നിര്‍ത്തി മതില്‍ കെട്ടുകയാണ്. സോണിയാഗാന്ധിയോട് പോലും കാണിച്ചത് ഈ ക്രൂരതയാണ്. ഏകാധിപതികള്‍ മടങ്ങിയെത്തിയ പുതിയ ചരിത്രത്തില്‍ ട്രമ്പും, നരേന്ദ്രമോഡിയും ഉന്നതിയില്‍ വിരാചിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിദ്യാഭ്യാസത്തെ രാജ്യത്ത് കാവി വല്‍ക്കരിക്കുമ്പോള്‍ കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു. സംസ്ഥാനത്ത് അധ്യാപക സമൂഹം സംതൃപ്തരല്ലാതാവുന്നു. അധ്യാപക പാക്കേജുള്‍പ്പെടെ യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാവുന്നില്ല. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.എസ്.ടി.യു മുഖപത്രമായ ഗുരുചൈതന്യം മാസികയുടെ വാര്‍ഷിക പതിപ്പ് പി.കെ കുഞ്ഞാലിക്കുട്ടി പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് നല്‍കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ വി.കെ മൂസ നന്ദിയും പറഞ്ഞു. പ്രൊ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, മുസ്‌ലിംലീഗ് ജില്ലാ നേതാക്കളായ എന്‍.ഹംസ, അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, അഡ്വ.നാസര്‍ കൊമ്പത്ത്, മണ്ഡലം നേതാക്കളായ ടി.എ സലാം മാസ്റ്റര്‍, സി.മുഹമ്മദ് ബഷീര്‍, പി. മുഹമ്മദാലി അന്‍സാരി, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, റഷീദ് ആലായന്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി ഉദ്ഘാടനം ചെയ്തു.

chandrika: