X
    Categories: main stories

ഡല്‍ഹി കലാപ ഇരകളുടെ അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫീസില്‍ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസുകളിലെ ഇരകള്‍ക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫീസില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ്. പൗരത്വ ഭേദഗതി നിയമ പ്രതിഷേധ കേസുകളില്‍ പ്രതികളായവര്‍ക്ക് വേണ്ടിയും ഹാജരാവുന്നത് ഇദ്ദേഹമാണ്. ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്ലാണ് റെയ്ഡിനെത്തിയത്. നിസാമുദ്ദീനിലെ ഓഫിസില്‍ ഉച്ചക്ക് 12.30ന് ആരംഭിച്ച റെയ്ഡ് രാത്രി 8.30 വരെയും തുടരുകയാണ്.

വ്യാജരേഖകള്‍ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രാച്ചയുടെ ഓഫിസിലെ ലാപ്‌ടോപ്പുകളുടെയും ഇ-മെയിലിന്റെയും പാസ് വേഡുകള്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് മഹ്മൂദ് പ്രാച്ചയും ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഡല്‍ഹി പൊലീസ് ഉന്നത നിര്‍ദേശപ്രകാരമാണ് മഹ്മൂദ് പ്രാച്ചയുടെ ഓഫിസ് റെയ്ഡ് ചെയ്യാനെത്തിയത് എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിങ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പ്രതിഷേധിച്ചു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: