X

വധശ്രമക്കേസ് പ്രതി കോടതിയില്‍നിന്ന് ചാടിപ്പോയി

 

തിരുവനന്തപുരം: കൊലപാതക ശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതി കോടതിയില്‍ നിന്നും ചാടിപ്പോയി. തിരുവനന്തപുരം അഡീ.സെഷന്‍സ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കോടതിയുടെ വാറണ്ട് ഉത്തരവ് പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയ കവര്‍ച്ചാ കൊലപാതക ശ്രമ കേസിലെ പ്രധാന പ്രതി പേപ്പര്‍ അനസ് എന്ന അനസാണ് കോടതിയില്‍ നിന്നും പൊലീസിന്റെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവില്‍ പോയതിനാലാണ് അനസിനെതിരെ കോടതി വാറണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
വഞ്ചിയൂര്‍ കോടതി പരിസരത്ത് പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി കോടതി സമുച്ചയത്തിന്റെ പടിഞ്ഞാറേ ഗേറ്റ് കടന്ന് റോഡിലേക്ക് ഓടി. അനസ് വഞ്ചിയൂര്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ ഡിവൈഡറില്‍ കെട്ടിയിരുന്ന കമ്പിയില്‍ തട്ടി വീഴുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ രണ്ട് സിവില്‍ പൊലീസുകാര്‍ പ്രതിയെ പിടികൂടിയെങ്കിലും കോടതിയില്‍ ഉച്ചതിരിഞ്ഞ് 2.45 മണിക്കാണ് ഹാജരാക്കിയത്. പരിക്കുകളോടെ ഹാജരാക്കിയ അനസിനെ സെഷന്‍സ് ജഡ്ജി പി.എന്‍.സീത 16 വരെ റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. രാവിലെ കോടതി ചേര്‍ന്ന 11 മണിക്കാണ് പ്രതി ഇറങ്ങിയോടിയത്. പല തവണ കോടതിയില്‍ കേസ് വിളിച്ചിട്ടും പ്രതി മുങ്ങിയ വിവരം പൊലീസ് കോടതിയില്‍ നിന്നും മറച്ചുവെക്കുകയായിരുന്നു. 2015 ല്‍ മംഗലപുരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കവര്‍ച്ചാ വധശ്രമക്കേസിലെ ഒന്നാം പ്രതിയാണ് അനസ്. കണിയാപുരം ഹൈസ്‌ക്കൂളിന് സമീപം മണക്കാട്ടു വിളാകം മുനീസ്ഷാ, വേങ്ങോട് പാല്‍ സൊസൈറ്റിക്ക് എതിര്‍വശം ഫഌവര്‍ ഹൗസില്‍ ചങ്കു എസ് എന്ന സുനില്‍, കീഴ് തോന്നയ്ക്കല്‍ മഞ്ചമല അനീഷ് ഭവനില്‍ ഉണ്ണി എന്ന അനീഷ്, കണിയാപുരം കണ്ണേറ്റില്‍ വീട്ടില്‍ ഷാജഹാന്‍ എന്നിവരാണ് കേസിലെ രണ്ടു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍. 2014ല്‍ പ്രതികള്‍ ഗൂഡാലോചന നടത്തി മംഗലപുരത്തെ ഒരു വീട്ടില്‍ അതിക്രമിച്ചു കടന്ന് ഗൃഹനാഥനെ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച് കവര്‍ച്ച നടത്തുകയും ഗൃഹനാഥയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും എതിര്‍ത്ത ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഷാജഹാന്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്.

chandrika: