X

പുലി പതുങ്ങുന്നത് ഒളിക്കാനോ?

ഗാന്ധിയനെന്ന് പേര് കേട്ട അണ്ണാ ഹസാരെയുടെ നേതൃത്വത്തിലെ അഴിമതിക്കെതിരായ വലിയ ഇളക്കിമറിക്കലുകള്‍ കണ്ടാണല്ലോ രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ അവസാന വര്‍ഷത്തെ പ്രഭാതങ്ങള്‍ പിന്നിട്ടത്. ഇത്രയും വലിയ ജനക്കൂട്ടത്തെ അതും യൗവനത്തെ തലസ്ഥാനത്തെ സമരത്തിനെത്തിച്ചതിന് പിന്നില്‍ കരുത്തുറ്റ കരങ്ങളും ബുദ്ധിയും പ്രവര്‍ത്തിച്ചിരുന്നു. അവയില്‍ പ്രധാനപ്പെട്ടതാണ് വിവേകാനന്ദ ഇന്റര്‍നാഷനല്‍ എന്ന ബൗദ്ധിക കേന്ദ്രം. എല്ലാം താഴെ തട്ടില്‍ നടപ്പാക്കാന്‍ കെല്പുള്ള രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു വിഭാഗം മാത്രമാണ് വിവേകാനന്ദ ഇന്റര്‍നാഷനല്‍. അതു കൊണ്ടുതന്നെയാണ് ദൗത്യം പൂര്‍ത്തിയാക്കി അണ്ണാ ഹസാരെക്ക് മടങ്ങാനായത്. കിരണ്‍ ബേദിക്ക് ബി.ജെ.പി.യുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനായത്. അരവിന്ദ് കെജ്‌രിവാള്‍ ഇതില്‍ നിന്ന് അല്പം മാറി നടന്ന ആളാണ്. അതു കൊണ്ടു തന്നെയാവാം, ആദ്യഘട്ടത്തില്‍ തന്നെ ഹസാരെ കെജ്‌രിവാളിനോട് വിയോജിച്ചു.

അഴിമതിക്കെതിരായതും അഴിമതിക്ക് ഇട നല്‍കാത്തവിധം സുതാര്യമായതുമായ ഭരണം എന്ന മുദ്രാവാക്യം നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതോടെ ഉപേക്ഷിക്കപ്പെടേണ്ടതല്ല, മറിച്ച് കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തിപ്പിടിക്കേണ്ടതാണ് എന്ന് കെജ്‌രിവാളിന് തോന്നി. രാജ്യ തലസ്ഥാന നഗരിയില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുകയും ചെയ്തു. അതിന് മറ്റൊരു തലം ഉള്ളത് ബി.ജെ.പി.യും കോണ്‍ഗ്രസും മാറിമാറി ഭരിച്ച ഇടമാണ് ഡല്‍ഹിയെന്നതാണ്. മോദി അധികാരത്തിലേറിയിട്ട് അധികം കാലം പിന്നിടുന്നതിന് മുമ്പായിരുന്നല്ലോ ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പ്. ഭൂരിപക്ഷമില്ലാതെ അധികാരത്തിലേറിയ കെജ്‌രിവാളിനെ കോണ്‍ഗ്രസും ബിജെപി.യും ചേര്‍ന്ന് വലിച്ച് താഴെയിട്ടപ്പോള്‍ ജനം മറ്റൊന്ന് പരീക്ഷിക്കാന്‍ തന്നെ ഒരുങ്ങി. കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് ചുരുങ്ങിയ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി.ക്കും മോദിക്കും കനത്ത പ്രഹരമാകുകയാണുണ്ടായത്. പിന്നീട് ഇതുവരെ ഇന്ദ്രപ്രസ്ഥത്തിലെ ബുദ്ധി രാക്ഷസന്‍മാര്‍ ഉറങ്ങിയിട്ടില്ല. കെജ്‌രിവാളിനെ താഴെയിറക്കി മാത്രമേ തന്റെ കുടുമ കെട്ടൂവെന്ന് തീരുമാനിച്ചവരവിടെയുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് അവരെ ആവേശം കൊള്ളിക്കുന്നതാണ്.
മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തന്ത്രം തന്നെ. അഴിമതി വിരുദ്ധനെ അഴിമതി ആരോപണം കൊണ്ടെടുക്കുക. കെജ്‌രിവാള്‍ മന്ത്രിസഭയിലെ ടൂറിസം ജലം വകുപ്പ് മന്ത്രിയായ കപില്‍ മിശ്രയെ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ അദ്ദേഹം അഴിമതി ആരോപണവുമായി രംഗത്തെത്തി. ആം ആദ്മി പാര്‍ട്ടിക്കാരുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടും ആം ആദ്മി ഫണ്ട് സ്വീകരണം സംബന്ധിച്ചും ആരോപണം ഉന്നയിച്ച കപില്‍ മിശ്ര മറ്റൊരു മന്ത്രിയില്‍ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി സ്വീകരിച്ചുവെന്നും താന്‍ അതിന് സാക്ഷിയാണെന്നും പറഞ്ഞു. എല്ലാത്തിനും തെളിവുണ്ടെന്ന് അറിയിച്ച മിശ്ര പരാതി ലഫ്. ഗവര്‍ണര്‍ക്കും ആന്റി കറപ്ഷന്‍ ബ്യൂറോക്കും നല്‍കി. സി.ബി.ഐ.ക്കുള്ളത് വേറെ. മുഖ്യമന്ത്രിയെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് കപില്‍ മിശ്ര നിര്‍ദേശിച്ചിട്ടുണ്ട്. 400 കോടി രൂപയുടെ വെള്ളട്ടാങ്കര്‍ വിഷയത്തില്‍ അന്വേഷണം വൈകിച്ചുവെന്നും അതിന് പിന്നില്‍ അഴിമതിയുണ്ടെന്നും മിശ്ര വാദിക്കുന്നു.
പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കെജ്‌രിവാളിനൊപ്പം നിന്ന പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ എം.എല്‍.എ.മാരെ കൂടെ നിര്‍ത്താന്‍ പരിശ്രമിച്ചവരില്‍ പ്രമുഖനാണ് കപില്‍ മിശ്ര. ബി.ജെ.പി. നേതാവും മുന്‍ മേയറുമായ അന്നപൂര്‍ണ മിശ്രയുടെ മകനാണെന്നതോ ആര്‍.എസ്.എസ്. കളരിയില്‍ വളര്‍ന്നതാണെന്നതോ മാത്രം പോര കപില്‍ മിശ്രയുടെ വാദഗതിയെ നേരിടാനെന്ന് കെജ്‌രിവാളിന് നന്നായി അറിയുമായിരിക്കണം. അതുകൊണ്ടു തന്നെ അദ്ദേഹം ഒന്നു പതുങ്ങുന്നുണ്ട്. പുലി പതുങ്ങുന്നത് പിന്‍വാങ്ങാനാണെന്ന് വിശ്വസിക്കാന്‍ വരട്ടെ. ഭാര്യാ സഹോദരന് 50 കോടി രൂപ വിലമതിക്കുന്ന ഫാം ഹൗസ് തരപ്പെടുത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട പണമാണ് പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിന്‍ മുഖ്യമന്ത്രിക്ക് കൈമാറിയതെന്നാണ് ആരോപണം. ആപ് നേതാക്കളുടെ വിദേശ സന്ദര്‍ശനത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സത്യഗ്രഹ സമരവും കപില്‍ മിശ്ര നടത്തുന്നുണ്ട്. ഈ സമരത്തിന് നേരെ ആപ് പ്രവര്‍ത്തകന്റെ കൈയേറ്റമുണ്ടായെന്നതും ശ്രദ്ധേയമാണ്.
മുപ്പത്തിയേഴുകാരനായ കപില്‍ മിശ്ര ഏതാനും വര്‍ഷങ്ങളായി ഡല്‍ഹിയിലെ പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുന്നയാളാണ്. ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍വര്‍കില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഗ്രീന്‍പീസ്, ആംനസ്റ്റി തുടങ്ങിയ അന്തര്‍ദേശീയ സംഘടനകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. യൂത്ത് ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുണ്ടാക്കി യുവാക്കളെ പ്രത്യക്ഷ ഇടപെടലുകള്‍ക്ക് സജ്ജരാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളും അതിലെ അഴിമതിയും ആദ്യം ഉയര്‍ത്തിപ്പിടിച്ചവരിലൊരാള്‍ ഇദ്ദേഹമാണ്. കോമണ്‍വെല്‍ത്ത് അഴിമതിയെ പറ്റി ഒരു പുസ്തകം തന്നെ ഇദ്ദേഹത്തിന്റേതായി വന്നു. ജസീക്കലാല്‍ വധം, കര്‍ഷക ആത്മഹത്യ, യമുനാ കയ്യേറ്റം എന്നീ പ്രശ്‌നങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ കപില്‍ മുന്നിലുണ്ടായി. സി.എന്‍.എന്‍. ഐ.ബി.എന്‍. സിറ്റിസണ്‍ ജേര്‍ണലിസം പുരസ്‌കാരം ലഭിച്ചു.
പക്ഷെ കെജ്‌രിവാളിനോട് ഭിന്നിപ്പു രേഖപ്പെടുത്തിയ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ്, ഏറ്റവും ഒടുവില്‍ ഭിന്നസ്വരം ഉയര്‍ത്തിയ കുമാര്‍ വിശ്വാസ് എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. -മറ്റെന്തും പറയാം. കൈക്കൂലിക്കാരന്‍ എന്നു മാത്രം കെജ്‌രിവാളിനെ കുറിച്ച് പറഞ്ഞാല്‍ ആരും അംഗീകരിക്കില്ലാ എന്ന്. എന്നാല്‍ കെജ്‌രിയെ കേന്ദ്രം വാഴുന്നോര്‍ വെച്ചേക്കില്ല.

chandrika: