X

ഖത്തര്‍-സഊദി അതിര്‍ത്തിക്ക് കുറുകെ സമുദ്ര പാത: പരിഹാസം പടര്‍ത്തി സോഷ്യല്‍മീഡിയ

ദോഹ: ഖത്തര്‍-സഊദി അതിര്‍ത്തിക്ക് കുറുകെ സമുദ്ര പാത നിര്‍മിച്ച് ഖത്തറിനെ ഒരു ദ്വീപാക്കി മാറ്റാന്‍ സഊദി അറേബ്യ പദ്ധതി തയാറാകുന്നു. മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിന്റെ ഏക കരമാര്‍ഗ അതിര്‍ത്തി സഊദിയുമായാണ് പങ്കുവെക്കുന്നത്. ഖത്തര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സല്‍വയില്‍ നിന്ന് എതിര്‍വശത്തുള്ള ഖോര്‍ അല്‍ഉദൈദിലേക്ക് ഒരു ചാനല്‍ നിര്‍മിച്ച് ഖത്തറുമായുള്ള കരബന്ധം പൂര്‍ണമായും വിഛേദിക്കാനുള്ള പദ്ധതിക്കാണ് സഊദി രൂപം നല്‍കുന്നത്. പദ്ധതി ഔദ്യോഗിക അംഗീകാരത്തിന് കാത്തിരിക്കുകയാണെന്നു സഊദി പത്രമായ സബ്ഖ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്ത വൈറലായതോടെ മിഡില്‍ ഈസ്റ്റ് മേഖലയിലെ സാമൂഹിക മാധ്യമങ്ങളില്‍ സഊദിക്കെതിരെ വന്‍ പരിഹാസമാണ് നടക്കുന്നതെന്ന്് പെനില്‍സുല റിപ്പോര്‍ട്ട് ചെയ്തു. പദ്ധതി ഒരിക്കലും പ്രാവര്‍ത്തികമാക്കാന്‍ സഊദിക്ക് സാധിക്കില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ വിവിധ വ്യക്തികള്‍ അപിപ്രായപ്പെടുന്നു.
ചരക്ക്, യാത്രാ കപ്പലുകളെ സ്വീകരിക്കാന്‍ പറ്റുന്ന വിധം പ്ലാന്‍ ചെയ്ത ചാനലിന് 60 കിലോമീറ്റര്‍ നീളവും 200 മീറ്റര്‍ വീതിയും 15 മുതല്‍ 20 മീറ്റര്‍ വരെ ആഴവും ഉണ്ടായിരിക്കും എന്ന് സബ്ഖിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 750 മില്യണ്‍ ഡോളര്‍ പ്രാഥമിക ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ നിര്‍മാണം 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും എന്നും പത്രം വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഗള്‍ഫ് സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണിപ്പോള്‍. ‘സല്‍വ മാരിടൈം ചാനല്‍’ എന്ന ട്വിട്ടര്‍ ഹാഷ് ടാഗ് വെള്ളിയാഴ്ച ഖത്തറിലേയും സഊദിയിലെയും ടോപ്പ് ട്രെന്ടിംഗ് ആയിരുന്നു. ഇത്തരം വിചിത്രമായ ഒരു പദ്ധതി സഊദി നടപ്പിലാക്കാന്‍ സാധ്യതയില്ലെങ്കിലും ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുകയും കൂടുതല്‍ വഷളാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് വാര്‍ത്തകള്‍ പടച്ച് വിടുന്നതെന്ന് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ അപിപ്രായപ്പെട്ടു. ഇത് വെറും ഒരു പ്രചാരണമാണെന്നും ഖത്തറിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണെന്നും ട്വിറ്ററില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്ക്, ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ തുടങ്ങി പരാജയപ്പെട്ട പ്രോജെക്റ്റുകളുടെ നീണ്ട ഒരു ചരിത്രം സഊദിക്കുണ്ടെന്നു അഭിപ്രായപ്പെട്ടവരുമുണ്ട്്.

chandrika: