X
    Categories: CultureVideo Stories

റഫാല്‍ ഇടപാട്: നിര്‍ണായക രേഖകള്‍ പരീക്കറുടെ ബെഡ്‌റൂമില്‍, ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ നിര്‍ണായകമായ രേഖ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ കിടപ്പുമുറിയിലുണ്ടെന്നും അതുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തെ കേന്ദ്ര സര്‍ക്കാര്‍ ഭയക്കുന്നതെന്നും വ്യക്തമാക്കുന്ന ടെലിഫോണ്‍ സംഭാഷണം കോണ്‍ഗ്രസ് പുറത്തുവിട്ടു.

റഫാല്‍ രേഖകള്‍ തന്റെ ബെഡ്‌റൂമിലുണ്ടെന്ന് കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി കൂടിയായ പരീക്കര്‍ വ്യക്തമാക്കിയെന്ന് ഗോവയിലെ മന്ത്രിയായ വിശ്വജിത്ത് റാണെ മറ്റൊരാളുമായി ടെലിഫോണില്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങള്‍ക്കു നല്‍കിയത്. പരീക്കറുടെ അവകാശവാദം സംബന്ധിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചുറപ്പിച്ച റഫാല്‍ കരാറില്‍ ഭേദഗതി വരുത്തി നരേന്ദ്ര മോദി ഒപ്പുവെക്കുമ്പോള്‍ മനോഹര്‍ പരീക്കര്‍ ആയിരുന്നു പ്രതിരോധമന്ത്രി. റഫാല്‍ രേഖകള്‍ തന്റെ ബെഡ്‌റൂമിലുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തന്നെ മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും പരീക്കര്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞുവെന്നാണ് കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ റാണെ പറയുന്നത്.

റഫേല്‍ കരാര്‍ സംബന്ധിച്ച് ലോക്‌സഭില്‍ ഇന്ന് ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വിവാദമായ സംഭാഷണം പുറത്തുവിട്ടത്. റഫാല്‍ വിഷയത്തില്‍ സംവാദത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും കോണ്‍ഗ്രസ് ഇത് സ്വീകരിക്കുകയും ചെയ്തിരുന്നു. സംവാദത്തിന് തിയ്യതി കുറിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററിലെ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ജെ സ്പീക്കര്‍ സുമിത്ര മഹാജനോട് അഭ്യര്‍ത്ഥിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: