X

പത്രിക തള്ളി: ചരിത്രത്തിലാദ്യമായി ബംഗാളില്‍ സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയില്ല

യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം തളളിയതോടെ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയില്ലാതെ ബംഗാളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്. സിപിഎം സ്ഥാനാര്‍ത്ഥിയായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദേശപത്രിക തിരഞ്ഞടുപ്പ് കമ്മീഷന്‍ തള്ളിയതോടെയാണ് സിപിഎം മത്സരത്തില്‍ നിന്ന് പുറത്തായത്. യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി നിഷേധിച്ചതോടെയാണ് ബികാസ് സ്ഥാനാര്‍ത്ഥിയായത്. നാമനിര്‍ദേശ പത്രിക തള്ളിയത് പാര്‍ട്ടിക്കകത്തും പുതിയ വിവാദത്തിന് വഴിക്കുമെന്നുറപ്പാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ച് മിനുട്ടുകള്‍ക്ക് ശേഷമാണ് പത്രികയ്‌ക്കൊപ്പം നല്‍കേണ്ട സത്യവാങ്മൂലം നല്‍കിയതെന്ന കാരണത്താലാണ് ബികാസ് രഞ്ജന്‍ മേത്തയുടെ നാമനിര്‍ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഇതോടെ ബംഗാളില്‍ ഒഴിവുള്ള 6 രാജ്യസഭാ സീറ്റുകളിലേക്ക് അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു. യെച്ചൂരിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച സിപിഎം കേന്ദ്ര കമ്മിറ്റി പൊതുസ്വതന്ത്രനെ കണ്ടെത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൊതുസ്വതന്ത്രനെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മുന്‍ കൊല്‍ക്കത്ത മേയറായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

ബികാസിന്റെ നാമനിര്‍ദേശപത്രിക തള്ളിയതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎമ്മിന്റെ വാദം.  അതേസമയം നാമനിര്‍ദേശ പത്രിക തള്ളിയതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം ആരോപിച്ചു. നിയമപരമായ പോംവഴികള്‍ ആരായുമെന്നും ഇടതുമുന്നണി നിയമസഭാ കക്ഷി നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു

നാമനിര്‍ദേശപത്രിക തള്ളിയത് പാര്‍ട്ടിക്കകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും. കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ തന്നെ മത്സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ടാണ് കേന്ദ്ര കമ്മിറ്റി തള്ളിയത്. സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചിട്ടുള്ള ബികാസിന്റെ നാമനിര്‍ദേശപത്രിക തള്ളിയത് ആശ്ചര്യത്തോടെയാണ് പാര്‍ട്ടി നേതൃത്വവും കാണുന്നത്. കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയില്ലാതെ ബംഗാളില്‍ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

chandrika: