X

മോദി സര്‍ക്കാരില്‍ പുസ്തകം വായിക്കുന്നവര്‍ ആരുമില്ലേ: രാമചന്ദ്ര ഗുഹ

മുംബൈ: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചരിത്രകാരന്‍ രാമചന്ദ്രഗുഹ. പുസ്തകം വായിക്കുന്നവരോ എഴുതിയവരോ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും എഴുത്തുകാര്‍ക്കും ചരിത്രകാരന്മാര്‍ക്കും നേരെ സര്‍ക്കാറിന്റെ അധിക്ഷേപാര്‍ഹ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാജ്‌പേയി മന്ത്രിസഭില്‍ പകുതിയോളം പേരം എന്തെങ്കിലും എഴുതുന്നവരും വായിക്കുന്നവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ ബാന്ദ്രയില്‍ ടൈംസ് ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഗുഹ.

മുരളീ മനോഹര്‍ ജോഷി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ എന്നീ നേതാക്കളെല്ലാം എഴുതിയിരുന്നു. അന്നത്തെ മന്ത്രിസഭയിലംഗമായിരുന്ന മമത ബാനര്‍ജി, രബീന്ദ്ര നാഥ ടാഗോറിനെ വായിച്ചിട്ടുണ്ട്. ഈ മന്ത്രിസഭയിലാരും പുസ്തകം വായിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും അത് കൊണ്ടാണ് അവര്‍ എഴുത്തുകാരുടെ നേരെ കുതിര കയറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസ്റ്റുകാരും വലതുപക്ഷക്കാരും തമ്മില്‍ രസകരമായ ചില സമാനതകള്‍ ഉണ്ട്. അവരെ എതിര്‍ക്കുകയാണെങ്കില്‍ ഇരുകൂട്ടര്‍ക്കും നര്‍മ്മം എന്തെന്ന്് അറിയില്ല- മാത്രമല്ല ചില താല്‍പര്യങ്ങളോടെ മുദ്രകുത്തുകയും ചെയ്യും.

ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റുകാരെ നിങ്ങള്‍ എതിര്‍ത്താല്‍ അവര്‍ നിങ്ങളെ ബൂര്‍ഷ്വാസികള്‍ എന്നു വിളിക്കും- അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചരിത്രത്തെ കുറിച്ചെഴുതാന്‍ ഇനിയും ചരിത്രകാരന്മാരെ വേണം. കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ളതാണ് നേരത്തെ എഴുതപ്പെട്ട ചരിത്രങ്ങള്‍. കോണ്‍ഗ്രസ് സംസ്‌കാരത്തിനു ചേര്‍ന്ന ആളുകളെ കുറിച്ചാണ് ചരിത്രകാരന്മാര്‍ എഴുതിയിട്ടുള്ളത്. കേന്ദ്രത്തത്തില്‍ അധികാരത്തില്‍ മാറ്റം വന്നു.

 

പുതിയ വീക്ഷണത്തോടെ ചരിത്രം എഴുതാന്‍ പറ്റിയ വേളയാണിത്. എന്നാല്‍ പുതിയ ആളുകള്‍ക്ക് ഗവേഷണത്തില്‍ താത്പര്യങ്ങളില്ല. ചരിത്രം സാമൂഹിക ശാസ്ത്രത്തിന്റെ ഭാഗമാണെങ്കിലും അത് സാഹിത്യത്തിന്റെ ഒരു ശാഖയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ദിരാ ഗാന്ധിയും നരേന്ദ്രമോദിയും തമ്മില്‍ ഒരുപാട് സാദ്യശ്യങ്ങളുണ്ടെന്നും മോദിയുടെ പ്രവര്‍ത്തികള്‍ ഇന്ദിരയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും രാമചന്ദ്ര ഗുഹ പറഞ്ഞിരുന്നു.

chandrika: