X

രണ്ടാമൂഴം ‘മഹാഭാരത’മാവുന്നു; 1000 കോടി ബജറ്റില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഢ ചിത്രം

എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുമ്പോള്‍ പേര് ‘മഹാഭാരത’മാവുന്നു. പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്. വി.ആര്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങുന്നു. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.

മുമ്പും രണ്ടാമൂഴം സിനിമയാവുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുകേട്ടിരുന്നു. പക്ഷേ ആ ചര്‍ച്ചകളെല്ലാം പൂര്‍ണതയിലെത്താതെ പോയെന്നും എംടി വാസുദേവന്‍ നായര്‍ തന്നെ അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. രണ്ടുഭാഗമായി ചിത്രീകരിക്കണമെന്ന എംടിയുടെ നിലപാടുമായി ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടാമൂഴം എന്ന കൃതി അര്‍ഹിക്കുന്ന തരത്തില്‍ ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സംരഭത്തിന് മുതിരൂ എന്ന സംവിധായകന്റെ ഉറപ്പിന് ശേഷമാണ് തിരക്കഥ കൈമാറിയതെന്നും എംടി പറഞ്ഞു.

ബി.ആര്‍ ഷെട്ടി എന്ന ആഗോളസംരഭകനാണ് 1000 കോടി ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഭീമന്റെ വേഷത്തിലേക്ക് തന്നെ തെരഞ്ഞെടുത്ത എംടിക്ക് നന്ദി പറഞ്ഞ മോഹന്‍ലാല്‍ നിര്‍മാണച്ചുമതല ഏറ്റെടുത്ത ബി.ആര്‍ ഷെട്ടിയെ സല്യൂട്ട് ചെയ്യുന്നതായി പറഞ്ഞു.

chandrika: