X

റോഹിഗ്യന്‍ ഐക്യദാര്‍ഢ്യ മഹാ സമ്മേളനം ഒക്ടോബര്‍ നാലിന്

കോഴിക്കോട്: കനത്ത മഴമൂലം മാറ്റിവെച്ച റോഹിഗ്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ മഹാ സമ്മേളനം ഒക്ടോബര്‍ നാലിന് കോഴിക്കോട്ട് നടക്കുമെന്ന് മുസ്്ലിം കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.പി.എ മജീദ് അറിയിച്ചു. വൈകിട്ട് നാലിന് അരയിടത്തുപാലം ബേബി ഹോസ്പിറ്റലിന് സമീപത്തെ പ്രഭാഷണ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തെ വിവിധ മുസ്്ലിം സംഘടനാ നേതാക്കളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരും അഭിവാദ്യം ചെയ്യും.
ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്നവരെന്ന് ഐക്യരാഷ്ട്ര സഭ പോലും വിലയിരുത്തുന്ന റോഹിഗ്യകളുടെ ദയനീയ അവസ്ഥ മനുഷ്യകുലത്തിന്റെ വലിയ നൊമ്പരമാണ്. മ്യാന്‍മറിലെ റോഹിഗ്യന്‍ മുസ്്ലിം വംശഹത്യയും പാലായയനം ചെയ്ത് ഇന്ത്യയിലെത്തിയ അഭിയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളും പറഞ്ഞറിയിക്കാനാവാത്തതാണ്. ഭീകര മുദ്രചാര്‍ത്തി കൊന്നു തള്ളുന്ന മ്യാന്‍മറിലെയും തീവ്രവാദം ആരോപിച്ച് അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന ഇന്ത്യയുടെയും ഭരണകൂടങ്ങളുടെ മനുഷ്യത്വ വിരുദ്ധസമീപനങ്ങള്‍ക്കെതിരായ ജന മുന്നേറ്റത്തിനാണ് മലബാറിന്റെ ആസ്ഥാന നഗരി സാക്ഷ്യം വഹിക്കുക.
മ്യാന്‍മര്‍ പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും വംശവെറിയും കൂട്ടക്കൊലയും ഐരാവതി നദിയെ ചോര നിറമാക്കുമ്പോള്‍ അഹിംസയുടെയും അഭയത്തിന്റെയും മഹാഭൂമിയായ ഇന്ത്യയിലാണ് ലോകത്തിന്റെ പ്രതീക്ഷ. റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ ഒറ്റപ്പെടുത്തിയും പട്ടിണിക്കിട്ടും ദ്രോഹിച്ച് ആട്ടിയോടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് നമ്മുടെ സംസ്‌കാരത്തില്‍ നിന്നുള്ള വ്യതിയാവനവും ആയിരത്താണ്ടു കാലത്തെ ഇന്ത്യന്‍ ചരിത്രത്തെ നിരാകരിക്കുന്നതുമാണ്. മനുഷ്യാവകാശത്തിന്റെ വിളംബരം തീര്‍ക്കുന്ന പാര്‍ത്ഥനാ നിര്‍ഭരമായ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

chandrika: