X

റൂട്ടിന് സെഞ്ച്വറി; രാജ്‌കോട്ട് ടെസ്റ്റ് ഇംഗ്ലണ്ടിന്റെ പിടിയില്‍

ജോ റൂട്ടിന്റെ ബാറ്റിങ്‌

രാജ്‌കോട്ട്: ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ലഞ്ചിനു പിരിയുമ്പോള്‍ മൂന്നിന് 102 എന്ന നിലയിലായിരുന്ന സന്ദര്‍ശകര്‍ നാലാം വിക്കറ്റില്‍ ജോ റൂട്ട് (116 നോട്ടൗട്ട്‌)- മുഈന്‍ അലി (75 നോട്ടൗട്ട്‌) കൂട്ടുകെട്ടിന്റെ മികവില്‍ ആധിപത്യം പുലര്‍ത്തുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 76 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 260 എന്ന നിലയിലാണ് ഇംഗ്ലണ്ട്. അതിനിടെ, പേസ് ബൗളര്‍ മുഹമ്മദ് ഷമി പരിക്കു കാരണം പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ജോ റൂട്ട്, ഏഷ്യന്‍ പിച്ചുകളിലെ തന്റെ ആദ്യ ശതകമാണ് ഇന്ന് കുറിച്ചത്. 154 പന്തില്‍ ഒമ്പത് ഫോറുകള്‍ സഹിതമാണ് യുവതാരം മൂന്നക്കത്തിലെത്തിയത്. രവീന്ദ്ര ജഡേജയെ സിക്‌സറിനു പറത്തി റൂട്ട് തന്റെ നേട്ടം ആഘോഷമാക്കുകയും ചെയ്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തുടങ്ങിയ സന്ദര്‍ശകര്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നു വിക്കറ്റിന് 102 എന്ന നിലയിലായിരുന്നു. അഞ്ച് ബൗളര്‍മാരുമായി കളിക്കിറങ്ങിയ ഇന്ത്യക്കു വേണ്ടി സ്പിന്നര്‍മാരാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. അരങ്ങേറ്റ താരം ഹസീബ് ഹമീദിനെ (31)യും ബെന്‍ ഡക്കറ്റിനെയും (13) രവിചന്ദ്രന്‍ അശ്വിന്‍ വീഴ്ത്തിയപ്പോള്‍ അലിസ്റ്റര്‍ കുക്കിനെ (21) രവീന്ദ്ര ജഡേജ മടക്കി.

പേസ് ബൗളര്‍മാരായി മുഹമ്മദ് ഷമിയെയും ഉമേഷ് യാദവിനെയും സ്പിന്നര്‍മാരായി അമിത് മിശ്ര, അശ്വിന്‍, ജഡേജ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. ഇംഗ്ലണ്ട് നിരയില്‍ മൂന്നു വീതം സ്പിന്നര്‍മാരും പേസര്‍മാരുമുണ്ട്. പ്രായം കുറഞ്ഞ ഇംഗ്ലീഷ് ഓപണറായി ഹസീബ് ഹമീദിന് അരങ്ങേരാന്‍ അവസരം ലഭിച്ചു.

ഒന്നാം വിക്കറ്റില്‍ ഹമീദിനൊപ്പം 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കുക്ക് മടങ്ങിയത്. സ്‌കോര്‍ 76ല്‍ നില്‍ക്കെ ഹമീദ് വീണു. ഡക്കറ്റ് കൂടി പുറത്തായതിനു ശേഷമാണ് ജോ റൂട്ട് – മുഈന്‍ അലി സഖ്യം ക്രീസില്‍ ഒരുമിച്ചത്.

chandrika: