X
    Categories: CultureFeatures

പറയാത്ത കഥ

സബീന എം സാലി

അർദ്ധപ്രാണന്റെ നിലവിളി

2012 ഒക്ടോബർ 12. അവധിദിനത്തിന്റെ ജോലിത്തിരക്കുകൾ എല്ലാം കഴിഞ്ഞു വന്നപ്പോഴേക്കും ഇഷാ നമസ്‌കരിക്കാൻ അല്പം വൈകി. മക്കളോട് രണ്ടാളോടും പിറ്റേദിവസത്തേക്ക് സ്‌കൂൾ ബാഗുകൾ അടുക്കിവെക്കാൻ പറഞ്ഞിട്ടാണ് നമസ്‌കാരക്കുപ്പായം എടുത്തണിഞ്ഞത്. മുസല്ല വിരിച്ച്, കൈ കെട്ടിയതും, തൊട്ടടുത്തിരുന്ന് ഫോൺ ബെല്ലടിച്ചു തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന്, അങ്ങനെ പല തവണ കോളുകൾ വരികയും കട്ടാവുകയും ചെയ്തുകൊണ്ടിരുന്നു. ഉള്ളിൽ ഒരങ്കലാപ്പ് ഉണ്ടായെങ്കിലും സാവകാശത്തിൽ തന്നെ നമസ്‌കാരം പൂർത്തീകരിച്ച ശേഷം ഫോണെടുത്തു. ഒരപരിചിത നമ്പർ ആണ്. എങ്കിലും ഏതെങ്കിലും അത്യാവശ്യക്കാർ ആയിരിക്കും എന്ന ഉറപ്പിൽ ഞാൻ ഫോൺ ചെവിയോട് ചേർത്തു. അങ്ങേത്തലയ്ക്കലെ ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു. തലച്ചോറിനുള്ളിൽ ഉഗ്രസ്‌ഫോടനത്തിന്റെ ഒരായിരം അമിട്ടുകൾ ഒന്നിച്ച് പൊട്ടി. കണ്ണുകൾ ശൂന്യമായി. ലോകം തന്നെ ഒരു നിമിഷത്തേക്ക് എന്റെ മുന്നിൽ നിന്ന് മാഞ്ഞില്ലാതായി.

ഞങ്ങളുടെ സുഹ്രുത്തുക്കളായ രണ്ട് ഈജിപ്ഷ്യൻ ഡോക്ടർമാർ അവരുടെ കുടുംബങ്ങളെ നാട്ടിൽ നിന്ന് വിസിറ്റിങ്ങിന് കൊണ്ടുവന്നിരുന്നു. സാധാരണ സൗദിയിൽ വിസിറ്റിന് വരുന്നവരുടെ ആദ്യലക്ഷ്യം വിശുദ്ധഗേഹങ്ങൾ സന്ദർശിക്കുക എന്നത് തന്നെയാണ്. ആലോചനകൾക്കൊടുവിൽ ആദ്യം മദീനസന്ദർശനം ആവാമെന്നും, ഞങ്ങൾ ഉൾപ്പെടെ മൂന്ന് കുടുംബങ്ങൾക്ക് കൂടി ഞങ്ങളുടെ ഹ്യുണ്ടായ് വാനിൽ പോകാം എന്ന തീരുമാനവുമായി. ഹോസ്പിറ്റലിൽ നിന്ന് ലീവും അനുവദിച്ചു. പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് മോൾക്ക് ചെറുതായി പനിച്ചത്. അതോടെ ഞാനും കുട്ടികളും യാത്രയിൽ നിന്ന് പിന്മാറി. സുഹ്രൃത്തുക്കളോടൊപ്പം പലതവണ ഇതേ വാഹനത്തിൽ ഞങ്ങൾ വിശുദ്ധഗേഹങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. വാനിൽ ധാരാളം സീറ്റുകൾ ഉള്ളതിനാൽ കുട്ടികൾക്കൊക്കെ അത് വളരെ സൗകര്യമാണ്. ആയിരം കിലോമീറ്റർ ദൈർഘ്യമുള്ള ദൂരയാത്രയായതിനാൽ ഭർത്താവ് ഡ്രൈവ് ചെയ്യുമ്പോൾ ഉറങ്ങാതെ തൊട്ടടുത്തിരുന്ന് സംസാരിക്കുക എന്നെ സംബന്ധിച്ച് പതിവായിരുന്നു. ഇത്തവണ ഞങ്ങൾ കൂടെയില്ലാത്ത യാത്രയാതിനാൽത്തന്നെ ഉള്ളിൽ നേരിയൊരു ഭയം ഇല്ലാതിരുന്നില്ല. അതുകൊണ്ട് തന്നെ യാത്രാവേളകളിൽ പലതവണയായി വിളിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു.

പ്രവാചകനഗരിയായ മദീനയിലെ പുണ്യസ്ഥലങ്ങളും, ചരിത്രപ്രാധാന്യമുള്ള പള്ളികളുമൊക്കെ സന്ദർശിച്ച്, അവിടെ താമസിക്കുന്ന കുടുംബ സുഹൃത്ത് ഷറഫ്ക്കയുടെ വീട്ടിൽ പോയി കുളിച്ച് ഭക്ഷണം കഴിക്കുമ്പോഴും ഞാൻ വിളിച്ച് സംസാരിച്ചിരുന്നു. ജുമുഅ കഴിഞ്ഞ് മടങ്ങുമെന്നാണ് അപ്പോൾ അറിയിച്ചത്. മടക്കയാത്ര പുറപ്പെട്ട ശേഷം വീണ്ടും ഒരു തവണ കൂടി ഞാൻ വിളിച്ചു. ഫോൺ എടുത്തതേ ഒരാൾക്കൂട്ടത്തിന്റെ ആരവം പോലെയുള്ള ശബ്ദമാണ് ഞാൻ കേട്ടത്. അരുതാത്ത ചിന്തകൾ അനുവാദം ചോദിക്കാതെ മനസ്സിൽ കടന്നു വരുന്നത് പതിവായതുകൊണ്ട് തന്നെ ഒരുൾഭയത്തോടെ ഞാൻ ചോദിച്ചു.
നിങ്ങളിപ്പോൾ എവിടെയാണ്..? ആക്‌സിഡന്റ് നടന്ന അൾക്കൂട്ടത്തിന് നടുവിലെന്ന പോലെ ഒരു ഫീൽ.

ആക്‌സിഡന്റോ… നിനക്കെന്താ പറ്റീത് വെറുതെ ഓരോന്ന് പറയല്ലേ. കുട്ടികൾ മുന്നിലെ സീറ്റിൽ വന്നിരുന്ന് ബഹളമുണ്ടാക്കുകയാണ്. ലെയ്‌സിന് വേണ്ടിയുള്ള മൽപ്പിടുത്തങ്ങളാണ്.

ഞാൻ സ്വച്ഛതയോടെ ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്തു. രണ്ടു ദിവസം കൊണ്ട് മകളുടെ പനി കുറവായി. സ്‌കൂളിലേക്കുള്ള ഹോംവർക്കുകളിലൊക്കെ സഹായിച്ച്, മറ്റു ജോലികളും തീർത്ത് നമസ്‌കരിക്കാനൊരുങ്ങുമ്പോഴാണ് എന്റെ മുന്നിൽ ലോകം ഇല്ലാതായത്.
ആ അപരിചിത നമ്പറിൽ നിന്ന് ഞാൻ കേട്ടത് എന്റെ ഭർത്താവിന്റെ പരവശമായ ശബ്ദമായിരുന്നു.

സബീ… എന്ന് വിളിച്ചിട്ട് കുറച്ചു നേരം ഒരു നിശബ്ദത. പിന്നെ വിറയ്ക്കുന്ന ശബ്ദത്തിൽ തുടർന്നു. നമ്മുടെ വണ്ടി അപകടത്തിൽപ്പെട്ടു. എനിക്കറിയില്ല, ആരൊക്കെയോ മരിച്ചു പോയെന്നാണ് തോന്നുന്നത്. ഇവിടെങ്ങും ആരുമില്ല. ഫോണൊക്കെ എങ്ങോട്ട് പോയെന്നറിയില്ല. എനിക്ക് നിന്റെ നമ്പർ മാത്രമേ ഓർമ്മയുള്ളു. നീ ആരെയെങ്കിലും ഒന്ന് വിളിച്ചറിയിക്ക്. വാക്കുകളിൽ വല്ലാത്ത നീറ്റൽ. നാവിന്റെ മരവിപ്പ് കൊണ്ടാവണം അത്രയും പറഞ്ഞ് ഫോൺ കട്ടായി.
അവിശ്വസനീയമായ ആ വാർത്തയുടെ ഷോക്കിൽ അൽപനേരത്തേക്ക് സമനില തെറ്റിയ മട്ടിലായിപ്പോയ ഞാൻ ഉറക്കെയുറക്കെ നിലവിളിച്ചു. എന്നെ കുലുക്കി വിളിച്ച് മക്കൾ ഉമ്മാ എന്തു പറ്റി എന്തു പറ്റിയെന്ന് വിലപിച്ചു. ഞാനവരുടെ നേരേ ഒരു സംഹാരരുദ്രയെപ്പോലെ രോഷപ്പെട്ടു. ആത്മരോഷങ്ങളുടെ വേപഥു ആ കുഞ്ഞുങ്ങളുടെ മേൽ ഊക്കോടെ പതിച്ചു.

നമസ്‌കരിക്കാൻ പറഞ്ഞാൽ രണ്ടിനും നേരമില്ലല്ലോ. അനുഭവിക്ക് രണ്ടാളും. റബ്ബ് നമ്മളെ ശിക്ഷിച്ചിരിക്കുന്നു. നമസ്‌കരിക്ക് പ്രാർത്ഥിക്ക് എന്ന് എത്ര പ്രാവശ്യം ഞാൻ പറയുമായിരുന്നു. അനുഭവിക്ക്…

കഥയറിയാതെ പകച്ച കണ്ണുകളുമായി എന്നെ ഉറ്റു നോക്കുന്ന പന്ത്രണ്ടും ഏഴും വയസ്സുള്ള മക്കളെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു.
മക്കളേ… നമ്മുടെ വാപ്പി.. വണ്ടി.. ആക്‌സിഡന്റ്… മുറിഞ്ഞു മുറിഞ്ഞു പോയ വാക്കുകൾ പൂർത്തിയാക്കാനാവാതെ ഞാനുഴറി… എത്ര നേരം ആ ഇരുപ്പിരുന്ന് ഞങ്ങൾ മൂന്നാളും കരഞ്ഞെന്നറിയില്ല.

കുറച്ച് നേരത്തേക്ക് ഞാനനുഭവിച്ച നിരാലംബതയിൽ നിന്ന്, ഞൊടിയിടയിൽ പരിസരബോധം വീണ്ടെടുത്ത ഞാൻ ഫോണെടുത്ത്, റിയാദിലുള്ള സുഹൃത്ത് സക്കീർക്കയെ വിവരം ധരിപ്പിച്ചു. മക്കൾ ഓടിപ്പോയി അയൽവക്കത്തെ രാജേട്ടനെ വിളിച്ചു. രാജേട്ടനും മറ്റൊരു സുഹൃത്ത് നവാസും കൂടി ആ രാത്രി തന്നെ മദീനയിലേക്കുള്ള പാതയിലേക്ക് പുറപ്പെട്ടു. പിന്നീട് എന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. അറിഞ്ഞവർ അറിഞ്ഞവർ വിളിച്ചുകൊണ്ടേയിരുന്നു. കരച്ചിൽ പുരണ്ട വാക്കുകളിലൂടെ ഞാനവരെ സംഭവം അറിയിച്ചു കൊണ്ടിരുന്നു. ഒരിറ്റ് കണ്ണീർ വാർക്കാൻ ഉറ്റവരോ ഉടയവരോ അടുത്തില്ലല്ലോ എന്നെനിക്ക് ഖേദിക്കേണ്ടി വന്നില്ല. സൗഹൃദങ്ങളുടെ ശക്തിയും വിലയും തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.

പിന്നീടുള്ള വിവരങ്ങളറിയാൻ ആ നമ്പറിലേക്ക് വിളിച്ചപ്പോൾ ഒരു പാക്കിസ്താനിയായിരുന്നു എടുത്തത്. അയാളായിരുന്നു സംഭവസ്ഥലത്ത് ആദ്യമെത്തിയ യാത്രക്കാരൻ. അയാൾ നീട്ടിയ ഫോണിൽ നിന്നായിരുന്നു ഇക്കാക്ക എന്നെ വിളിച്ചത്. ആംബുലൻസ് വന്ന് എല്ലാവരേയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. രണ്ടുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടുവെന്നും അയാൾ തബൂക്കിലേക്കുള്ള യാത്രയിലാണെന്നും ബാക്കിയുള്ള വിവരങ്ങൾ അറിയില്ല എന്നും പറഞ്ഞു.

സർവ്വനാഢികളും പൊള്ളി, ഉറക്കം വരാത്ത ഒരു രാത്രിയായിരുന്നു എനിക്കത്. അപകടസ്ഥലത്തെ ചങ്കുലയ്ക്കുന്ന കാഴ്ചകൾ ഓർത്തപ്പോൾ, മരണത്തേക്കാൾ ഭീകരമായ ഒരേകാന്തത എന്നെപ്പൊതിഞ്ഞു. പാതിരാത്രിയുടെ അന്ത്യത്തിലാണ് ഇവിടുന്ന് പോയവർ ഹോസ്പിറ്റൽ തേടിപ്പിടിച്ച് ചെന്ന് വിവരങ്ങൾ അറിയിച്ചത്. സംഭവം അറിഞ്ഞ് മാധ്യമത്തിന്റെ റിപ്പോർട്ടർ അസ്ലം കൊച്ചുകലുങ്കും സംഘവും ചെന്ന് വിവരങ്ങളുടെ നിജസ്ഥിതി അറിയിച്ചെങ്കിലും, റിയാദിൽ നിന്ന് വന്ന സക്കീർക്കായുടെ കുടുംബത്തോടൊപ്പം നാല് മണിക്കൂർ യാത്ര ചെയ്ത് ഹോസ്പിറ്റലിൽ എത്തുന്നതു വരെ കൈവെള്ളയിൽ തീയെരിയുന്ന പ്രതീതിയായിരുന്നു എനിക്ക്. ഹോസ്പിറ്റലിന്റെ ഈഥർ മണത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം ഉച്ചത്തിലായി. പച്ച വിരിപ്പിൽ നിശ്ചേഷ്ടനായി കിടക്കുന്ന അദ്ദേഹത്തെക്കണ്ടപ്പോൾ ഹൃദയം അറിയാതെ തുളുമ്പി. ഒരു ചെറുആലിംഗനത്തിന് ശേഷം കണ്ണിൽ പൊടിഞ്ഞ ഈറൻ തുടച്ചു. തലയിൽ ഉൾപ്പെടെ ശരീരം മുഴുവൻ ചെമ്മണ്ണ് പുരണ്ടിരുന്നു. ക്ലേശിച്ച ആ മുഖത്ത് ബലഹീനമായ ഒരു ചിരി വിടർന്നു. നെറ്റിയിലെ ഒരു മുറിവ് മാത്രമേ പ്രത്യക്ഷത്തിൽ കാണാനുണ്ടായിരുന്നുള്ളു. പക്ഷേ ഇടുപ്പെല്ലിൽ പൊട്ടൽ ഉണ്ടായിരുന്നതിനാൽ മറ്റൊരാളുടെ സഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥ. ആ കിടപ്പിലാണ് രാത്രി നടന്ന അപകടദൃശ്യങ്ങൾ വിവരിച്ചത്.

പുണ്യനഗരിയുടെ ദർശനസൗഭാഗ്യവുമായി ഏറെ സന്തോഷത്തിലായിരുന്നു സംഘാംഗങ്ങളുടെ മടക്കയാത്ര. ഇടയ്ക്ക് ഒരു പെട്രോൾ പമ്പിൽ ഇറങ്ങി മഗ്രിബും ഇശായും ചേർത്ത് നമസ്‌കരിച്ചശേഷം അത്യാവശ്യത്തിന് വെള്ളവും ഭക്ഷണവും ഒക്കെ ശേഖരിച്ചിരുന്നു. മുതിർന്നവരെ പിന്നിലാക്കി കുട്ടികൾ മുൻസീറ്റിൽ വന്ന് ചിരിയും കളിയും തുടർന്നു. ഹൈവേയിൽ പതിവ് തിരക്ക് ഇല്ലായിരുന്നു. അന്തരീക്ഷം ചെറിയൊരു പൊടിക്കാറ്റിന്റെ ലക്ഷണത്തോടെ മൂടി നിന്നിരുന്നു. ഏതാണ്ട് നൂറ് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഒരു വെളുത്ത ഹ്യുണ്ടായ് അക്‌സന്റ് കാർ വളരെ അപ്രതീക്ഷിതമായി സെൻട്രൽ ട്രാക്കിൽ പൊയ്‌ക്കൊണ്ടിരുന്ന നമ്മുടെ വാഹനത്തിന്റെ പിന്നിൽ വലിയൊരു ശബ്ദത്തോടെ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഏറെ മുന്നോട്ട് കുതിച്ച വാനിന്റെ സൈഡിൽ നിയന്ത്രണം വിട്ട ആ വെളുത്ത കാർ വട്ടം കറങ്ങി വീണ്ടും വന്നിടിച്ചു. ആദ്യ ഇടിയിൽ ഭയന്നു പോയ നമ്മുടെ ആൾക്കാരോട്, ഭയപ്പെടണ്ട എന്ന് പറഞ്ഞ് വണ്ടിയുടേ ബാലൻസ് വീണ്ടെടുക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. അപ്പോഴാണ് രണ്ടാമതും. അതോടെ നമ്മുടേ വണ്ടി ഹൈവേയുടെ ചെരിവിലേക്ക് പലതവണയായി മലക്കം മറിഞ്ഞു. സ്‌ളൈഡിങ്ങ് ഡോർ തുറന്ന് പിന്നിലുള്ളവരൊക്കെ പുറത്തേക്ക് തെറിച്ചുവീണു.
ഡ്രൈവിങ്ങ് സൈഡിലെ ഡോർ ജാമായിപ്പോയതിനാൽ ഞാനും മറ്റു ചിലരും അതിനുള്ളിൽപ്പെട്ടു. എന്താണ് നടന്നതെന്നറിയാത്ത വിഭ്രമത്തിനൊടുവിൽ ഉടഞ്ഞ ഗ്ലാസ്സ് വിൻഡോയിലൂടെ എങ്ങനെയോ വളരെ ശ്രമപ്പെട്ട് ഞാൻ പുറത്തിറങ്ങി. ചുറ്റും പരന്ന ഇരുട്ടിൽ രക്തത്തിൽ കുളിച്ച് അനക്കമില്ലാതെ കിടക്കുന്നവരെക്കണ്ട് ഇടനെഞ്ച് പൊട്ടി നിശബ്ദമായ് തേങ്ങി. നെറ്റിയിലൂടെ കുടുകുടാ ഒഴുകുന്ന ചോര നൂലുകൾ. കാത് മൂടുന്ന ഞരക്കങ്ങളും കരച്ചിലുകളും. പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെട്ട പിക്അപ്പിൽ നിന്നിറങ്ങിയ ഒരു പാക്കിസ്താനിയാണ് അയാളുടെ ഫോൺ വച്ചു നീട്ടിയത്. പിന്നെ അതുവഴി വന്ന വാഹനങ്ങളെല്ലാം നിർത്തി ആൾക്കൂട്ടമുണ്ടായെങ്കിലും അരമണിക്കൂർ കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്. ഡോക്ടർ ഇമാന്റെ പതിനെട്ട് വയസ്സുള്ള മകൻ അബ്ദുല്ല, ഡോക്ടർ അഹമ്മദിന്റെ പെങ്ങൾ എന്നിവരാണ് സംഭവസ്ഥലത്ത് മരണപ്പെട്ടത്. ബാക്കിയുള്ളവരെ ഒടിവും ചതവും മുറിവുമൊക്കെയായി അടുത്തുള്ള ഉഗ്‌ളത് സുഗൂർ ജനറൽ ഹോസ്പിറ്റലിലേക്കും പിന്നീട് 100 കി.മി അകലെയുള്ള അൽ റസ് ജനറൽ ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു. അൽ റസിലെത്തിയതിന് ശേഷം പിന്നീടാണ് ഡോക്ടർ അഹമ്മദിന്റെ അനുജനും മരണത്തിന് കീഴടങ്ങിയത്.

അസന്നിഗ്ദഘട്ടങ്ങളിൽ മറ്റുള്ളവർക്ക് സ്ഥൈര്യം കൊടുക്കാൻ എളുപ്പമാണ്. സ്വന്തം കാര്യം വരുമ്പോഴാണ് അതിന്റെ പരിമിതികൾ ബോധ്യപ്പെടുന്നത്. പരിക്കേറ്റവരെ ചെന്നു കാണുമ്പോൾ, പതിനേഴുകാരനായ മകനെ നഷ്ടപ്പെട്ട ഡോക്ടർ ഇമാനേയും, അനുജനും പെങ്ങളും നഷ്ടപ്പെട്ട ഡോക്ടർ അഹമ്മദിനേയും ആശ്വസിപ്പിക്കാൻ വാക്കുകൾ പരതുകയായിരുന്നു ഞാൻ. എന്റെ വിഷാദമുഖം കണ്ടപ്പോൾ അവർ ആദ്യം പറഞ്ഞത്, അൽഹംദുലില്ലാഹ് നന്മയും തിന്മയും അല്ലാഹുവിൽ നിന്ന് തന്നെ എന്നാണ്. സർവ്വശക്തനായ അല്ലാഹുവിന്റെ അലംഘനീയ വിധിയെ നമ്മൾ മനുഷ്യർക്ക് തടുക്കാനാവില്ല. കാലൊടിഞ്ഞ വേദനയിലും, വിശ്വാസിനിയായ ആ സ്ത്രീ എന്റെ തോളിൽത്തട്ടി അങ്ങനെ പറയുമ്പോൾ, ഉയർച്ചയിലും വീഴ്ചയിലും സന്താപത്തിലും സന്തോഷത്തിലും ഒരു വിശ്വാസിക്കുണ്ടാവേണ്ട സ്ഥൈര്യമെന്ന വലിയ പാഠമാണ് ഞാൻ അവരിൽ നിന്ന് പഠിച്ചത്.

രണ്ടു മാസം ശയ്യാവലംബിയായി കഴിയേണ്ടി വന്ന ഭർത്താവിനെ ശുശ്രൂഷിക്കുമ്പോഴൊക്കെയും ആ സ്ത്രീയുടെ അചഞ്ചല വിശ്വാസമാണ് എന്റെയുള്ളിൽ ഒരു ഭദ്രദീപമായ് ജ്വലിച്ചു നിന്ന് ഹൃദയത്തിൽ പ്രകാശം പരത്തിയത്. ഒരുപക്ഷേ മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമായിരിക്കാം ഞങ്ങളെ ആ അപകടത്തിൽ നിന്ന് ജീവനോടെ കാത്തത്. നാഥന്റെ കൃപയാൽ മൂന്നുമാസമെടുത്താണ് പൂർണ്ണമായ ജീവിതത്തിലേക്ക് നടന്നുകയറിയതെന്ന് ഇന്നും നെടുവീർപ്പോടെ സ്മരിക്കാറുണ്ട്.

ഇന്നും മദീനയിലേക്കുള്ള പാതയിൽ യാത്ര ചെയ്യുമ്പോൾ, മരുഭൂമിയുടെ വിതാനത്തിൽ ചോര പരന്നൊഴുകിയ ആ ഇടത്തെത്തുമ്പോൾ മനസ്സ് പിടയ്ക്കും. മരണനിഘണ്ടുവിൽ പേരെഴുതിച്ചേർക്കാതെ എന്നെയും കുട്ടികളെയും ഒഴിവാക്കിയ ആ പരാശ്ശക്തിയെ വാഴ്ത്തും. കാതിൽ മുഴങ്ങിക്കേട്ട മരണമണിയുമായി ഒരു രാത്രി, സ്വപ്‌നങ്ങൾ കരിഞ്ഞ പെണ്ണായിപ്പോയത് ഓർക്കും. ഒപ്പം അർദ്ധപ്രാണന്റെ ആ നിലവിളിയും.

 

 

സബീന എം സാലി

എഴുത്തുകാരി. എറണാകുളം ജില്ലയിലെ വൈറ്റില സ്വദേശി. റിയാദിലെ മിനിസ്ട്രി ഹോസ്പിറ്റലിൽ ഫാർമസിസ്റ്റ്. കന്യാവിനോദം, രാത്രിവേര് (കഥകൾ), വാക്കിനുള്ളിലെ ദൈവം, ബാഗ്ദാദിലെ പനിനീർപ്പൂക്കൾ (കവിതകൾ), ഗന്ധദ്വീപുകളുടെ പാറാവുകാരി, വെയിൽവഴികളിലെ ശലഭസഞ്ചാരങ്ങൾ (ഓർമ്മക്കുറിപ്പ്), തണൽപ്പെയ്ത്ത് (നോവൽ) പുസ്തകങ്ങൾ. ഭർത്താവ് മുഹമ്മദ് സാലി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: