X

സല്‍മാന്‍ രാജാവിനെ ട്രംപ് ഫോണില്‍ വിളിച്ചു

വാഷിങ്ടണ്‍: ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ അമേരിക്കയില്‍ പ്രതിഷേധം തുടരവെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യയുടെ സല്‍മാന്‍ രാജാവിനെ ഫോണില്‍ വിളിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയിലും യമനിലും സുരക്ഷിത മേഖലകള്‍ സ്ഥാപിക്കാനും ഫോണ്‍ സംഭാണഷത്തില്‍ ഇരുവരും ധാരണയിലെത്തി.

ഇറാന്‍ വിഷയവും അവര്‍ ചര്‍ച്ചചെയ്തു. പശ്ചിമേഷ്യയെ അസ്ഥിരമാക്കാന്‍ ഇറാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയില്‍ വിഷയമായി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള യു.എസ്-സഊദി ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന് ഫോണ്‍ സംഭാഷണത്തിനുശേഷം വൈറ്റ്ഹൗസ് അറിയിച്ചു. ട്രംപിനെ സല്‍മാന്‍ രാജാവ് സഊദിയിലേക്ക് ക്ഷണിച്ചു. മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്.

യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബൂദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്‌യാനെയും ട്രംപ് ഫോണില്‍ ബന്ധപ്പെട്ടു.

chandrika: