X

നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; 154 വാഹനങ്ങള്‍ക്കെതിരെ കേസ്

നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ചെറിയൊരു ഇടവേളക്ക് ശേഷം സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് നിരത്തിലിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കാണാനായത് നിരവധി നിയമ ലംഘനങ്ങള്‍.

മലപ്പുറം ജില്ലാ ആര്‍.ടി.ഒ യുടെ നിര്‍ദ്ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെയും വിവിധ സബ് ആര്‍.ടി.ഒ. ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഒരാഴ്ചയായി നടത്തിയ പരിശോധനയില്‍ 1,600 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ അപാകത കണ്ടെത്തിയ 154 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യം വെച്ച് വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ.

സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ചയാണ് സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന ആരംഭിച്ചത്. സ്‌കൂള്‍ ബസ്സുകളും കുട്ടികളുടെ യാത്രക്ക് ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളും മെക്കാനിക്കല്‍ സ്ഥിതിയും പരിശോധനയ്ക്ക് വിധേയമാക്കി. ഫയര്‍ എക്സിറ്റിംഗ്വിഷര്‍, എമര്‍ജന്‍സി വാതില്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, ഡോര്‍ അറ്റന്‍ഡര്‍, സ്പീഡ് ഗവര്‍ണര്‍, വാഹനത്തിന്റെ പൊതുവായ അവസ്ഥ എന്നിവയാണ് പരിശോധിക്കുന്നത്.

വാഹനങ്ങളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ട്രിക്കല്‍ വയറിങ് ഫ്യൂസ് തുടങ്ങിയവയും ടയര്‍, ലൈറ്റ് തുടങ്ങിയവയും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കി. വിദ്യാര്‍ത്ഥികളെ പ്രയാസത്തിലാക്കാത്ത രീതിയിലായിരുന്നു പരിശോധന. എമര്‍ജന്‍സി ഡോര്‍ തകരാറിലായ വാഹനങ്ങളും, ഹാന്‍ഡ് ബ്രേക്ക്, സ്പീഡ് ഗവര്‍ണര്‍ തകരാറിലായതും, ടാക്സും പെര്‍മിറ്റും ഇല്ലാത്ത വാഹനങ്ങള്‍ വരെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

webdesk14: