X
    Categories: columns

പുരോഗതി സയ്യിദ് ശിഹാബ് തങ്ങളിലൂടെ

ഇ സാദിഖ് അലി

ബാഫഖി തങ്ങള്‍ മാനേജിങ് ഡയരക്ടറായപ്പോള്‍ എല്ലാ പിന്തുണയുമായി ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളും സഹായത്തിനെത്തി. കോഴിക്കോട് വൈ.എം.സി.എ റോഡിലെ കെട്ടിടവും കൂറ്റന്‍ ഷെഡ്ഡും ഗോഡൗണും സ്വന്തമാക്കിയപ്പോള്‍തന്നെ സാമ്പത്തിക ഞെരുക്കം വല്ലാതെ അലട്ടിയിരുന്നു. പ്ലാറ്റ് ബെഡ് റോട്ടറി മെഷീനുമെത്തി ജോബ് സെക്ഷനും കൂടി തുടങ്ങിയപ്പോള്‍ ചന്ദ്രികക്ക് വേണ്ടി പണം നല്‍കാനും പണം പിരിക്കാനും പ്രചരിപ്പിക്കാനുമായി ഊര് ചുറ്റാനിറങ്ങി. തെക്കന്‍ കര്‍ണ്ണാടകത്തില്‍പെട്ട കാസര്‍കോട് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്ന പടന്നയിലെ പൗരപ്രമുഖന്‍ വി.കെ.പി അബ്ദുല്‍ ഖാദര്‍ ഹാജിയും ഏറനാട്ടിന്റെ മുക്കിലും മൂലയിലും മഞ്ചേരി കുരിക്കള്‍ കുടുംബത്തിലെ അതികായന്മാരായ എം. പി.എം ഹസ്സന്‍ കുട്ടി കുരിക്കളും അഹമ്മദ് കുരിക്കളും ചന്ദ്രികയെ വ്യാപകമാക്കി. എം.കെ ഹാജി ചന്ദ്രികയുടെ സന്ദേശം മറുനാട്ടിലെത്തിക്കാന്‍ കച്ച മുറുക്കി. അദ്ദേഹത്തിന്റെ പണവും ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനവുംകൊണ്ട് അത് വിജയിക്കുകയുമുണ്ടായി. എന്‍.എ മമ്മുഹാജി, പി.കെ ഉമ്മര്‍ഖാന്‍, വി. പി അലി തുടങ്ങി നിരവധി പേരെ ചന്ദ്രികയുടെ ഇണപിരിയാത്ത കൂട്ടുകാരാക്കി ഓഹരി വര്‍ധിപ്പിക്കാനാണ് സി.കെ.പി ചെറിയ മമ്മുക്കേയി തന്റെ ഡയരക്ടര്‍ പദവി ഉപയോഗപ്പെടുത്തിയത്. പിന്നീട് മാനേജിങ് ഡയരക്ടര്‍മാരായിവന്ന പി. എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പൂര്‍വ്വീകര്‍ തുടങ്ങിവെച്ച സംശുദ്ധമായ സ്‌നേഹ സൗഹൃദത്തിന്റെയും ആത്മാര്‍ത്ഥതയുടെയും അഭിമാനത്തിന്റെയും പൈതൃകം നിലനിര്‍ത്തി.

സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ക്ക് ഈജിപ്തില്‍ പഠിക്കുന്ന കാലത്ത്തന്നെ ചന്ദ്രികയുമായി ബന്ധമുണ്ട്. ഖലീല്‍ ജിബ്രാന്റെ കഥകളെ പ്രണയിച്ചും കേരളത്തില്‍ ജീവിച്ച് അറബിയില്‍ കവിതയെഴുതിയും അത്ഭുതപ്പെടുത്തിയ ശിഹാബ് തങ്ങള്‍ക്ക് എഴുത്തൊരു ഇഷ്ട വിഷയവുമായിരുന്നു. അറിയാതെ വന്നെത്തിയ രാഷ്ട്രീയ തിരക്കുകളില്‍ ശിഹാബ് തങ്ങളിലെ സാഹിത്യകാരന്‍ മലയാളിക്ക് നഷ്ടമായി. അറബി ഭാഷയില്‍ മാസ്റ്റര്‍ ബിരുദമുണ്ടായിരുന്ന ശിഹാബ് തങ്ങളുടെ രചനകള്‍ നിരവധി ലോക പ്രശസ്ത സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ഈജിപ്തില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം ചന്ദ്രികയിലും എഴുതിയിരുന്നു. ചന്ദ്രികയുമായി ശിഹാബ് തങ്ങളുടെ ബന്ധം ആരംഭിക്കുന്നതങ്ങനെയാണ്. എന്നാല്‍ പതിനഞ്ച് കൊല്ലങ്ങള്‍ക്ക്പിറകെ അദ്ദേഹം ചന്ദ്രികയുടെ അമരത്തെത്തിയതോടെ കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊക്ക് വര്‍ധിച്ചു. ചന്ദ്രിക മെല്ലെ മെല്ലെ പുരോഗതിയിലേക്ക് കുതിപ്പ് തുടങ്ങി. ഓരോ കാലഘട്ടത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ഡയരക്ടര്‍മാര്‍ കഠിനമായി യത്‌നിച്ച്‌കൊണ്ടിരുന്നു.

ചന്ദ്രികയുടെ കോഴിക്കോട് ആപ്പീസില്‍ റോട്ടറി പ്രസ്സ് സ്ഥാപിച്ചത് 1970 ലാണ്. വൈ.എം. സി. എ റോഡിലെ ഇരുനില കെട്ടിടത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ അധ്യക്ഷതയില്‍ ഗവര്‍ണ്ണര്‍ വിശ്വനാഥനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കാലത്തിന്റെ കുതിപ്പ് കാണാതെ പോകുന്നത് പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിന് ഭൂഷണമല്ലെന്ന് മനസ്സിലാക്കിയ അവര്‍ പിന്നെയും പിന്നെയും ചിന്തിച്ചു. സാങ്കേതിക വിദ്യയുടെ വളര്‍ച്ച കണ്ടറിഞ്ഞ സി.എച്ച് ആഗ്രഹിച്ച ഓഫ്‌സെറ്റ് പ്രസ്സ് സ്വായത്തമാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും ഡയരക്ടര്‍ ഇന്‍ചാര്‍ജ്ജായിരുന്ന പി സീതിഹാജിയും മറ്റ് ബോര്‍ഡംഗങ്ങളും നാട്‌നീളെ സഞ്ചരിച്ച് ദൗത്യം വിജയിപ്പിക്കാന്‍ വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്തു. സാമ്പത്തിക ക്ലേശം തരണംചെയ്യാന്‍ മുമ്പ് ഏ.കെ കുഞ്ഞിമായിന്‍ ഹാജി എന്‍ കുഞ്ഞാലി ഹാജിയെയും പിന്നീട് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ പല പ്രമുഖരെയും സമീപിച്ച് പണം സ്വരൂപിച്ച പോലെ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും രംഗത്തിറങ്ങി. പ്രവര്‍ത്തകന്മാര്‍ അകമഴിഞ്ഞ് സഹായിച്ചതിന്റെ ഫലമായി 1988 ഡിസംബര്‍ 31 ന് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ഓഫ്‌സെറ്റ് പ്രസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് ചന്ദ്രികയുടെ ചിന്ത പ്രധാന കേന്ദ്രങ്ങളില്‍ എഡിഷന്‍ ആരംഭിക്കുന്നതിലായി. കൊച്ചിയാണ് ആദ്യം തെരഞ്ഞെടുത്ത പട്ടണം. എറണാകുളത്തിന്റെ കണ്ണായ ഭാഗത്ത് ജഡ്ജസ് അവന്യുവില്‍ ഓഫീസും സ്ഥലവും സ്വന്തമാക്കി 1992 ആഗസ്ത് 31 ന് എറണാകുളം എഡിഷനും ആരംഭിച്ചു. മാനേജിങ് ഡയരക്ടര്‍ വിജ്ഞാന കുതുകിയായ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ക്ക് അറിവിനോടുള്ള ആഭിമുഖ്യം കാരണം ചന്ദ്രിക കുടുംബത്തില്‍ നിന്നൊരു വനിതാപ്രസിദ്ധീകരണത്തിന് അനുമതി നല്‍കിക്കൊണ്ട് പച്ചക്കൊടി വീശി. 1996 ജനുവരിയില്‍ കോഴിക്കോട്‌നിന്ന് മഹിളാചന്ദ്രികയും പുറത്തിറങ്ങി. ചന്ദ്രികയുടെ നവീകരണ പദ്ധതികള്‍ അങ്ങനെ ഓരോന്നോരോന്നായി പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു.

1946 ല്‍ ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറിച്ച്‌നടുമ്പോഴത്തെ ഓര്‍മ്മ പുതുക്കാനും സ്മരണകളയവിറക്കാനും ന്യൂനപക്ഷ സമുദായ സന്ദേശങ്ങള്‍ കൈമാറാനും കണ്ണൂര്‍ പട്ടണത്തില്‍ എഡിഷന്‍ വേണമെന്ന് നിശ്ചയിക്കുകയും സംസ്ഥാപനത്തിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്തു. 1994 ഏപ്രില്‍ 14 ന് മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന സുല്‍ത്താന്‍ അബ്ദുറഹിമാന്‍ ആലി രാജയുടെ നാട്ടില്‍ കണ്ണൂര്‍ എഡിഷനും ഉദ്ഘാടനം ചെയ്തു.

വിവര സാങ്കേതിക വിദ്യയുടെ വ്യാപനം വളരെ പെട്ടെന്നാണ് ലോകത്ത് സംഭവിച്ച്‌കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ തൊഴില്‍ തേടി മലയാളികള്‍ പല ദിക്കുകളിലേക്കും സഞ്ചാരം തുടങ്ങിയിരുന്നു. റംഗൂണിലും സിലോണിലും മലേഷ്യയിലും ഗള്‍ഫിലുമൊക്കെ അവരെത്തി. ഇന്ത്യയില്‍ തന്നെ മുംബൈയിലും കല്‍ക്കട്ടയിലും മദ്രാസിലും മൈസൂരിലും ആന്ധ്രയിലുമൊക്കെ മലയാളികളുടെ സാന്നിധ്യം വളരെയേറെയുണ്ടായി. നാട്ടുവിശേഷമറിയാനുള്ള മലയാളികളുടെ വാഞ്ഛ മലയാള പ്രസിദ്ധീകരണങ്ങളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2002 നവംബര്‍ 1 ന് മുംബൈ എഡിഷനും ഉദ്ഘാടനം ചെയ്തു.

2004 ല്‍ ചന്ദ്രിക മാനേജിങ് ഡയരക്ടര്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഡയരക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഗള്‍ഫില്‍ ചന്ദ്രിക തുടങ്ങാന്‍ തീരുമാനമെടുത്തു. ഇതിന്‌വേണ്ടി ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്താന്‍ എക്‌സിക്യുട്ടിവ് ഡയരക്ടര്‍ ഇ അഹമ്മദിനെയും ഗള്‍ഫില്‍ ചുമതലയുണ്ടായിരുന്ന പി.വി അബ്ദുല്‍ വഹാബിനെയും ഉത്തരവാദപ്പെടുത്തി. 2005 ജനുവരി 26 ന് ദുബൈ എഡിഷന്‍ പ്രാബല്യത്തില്‍ വന്നു. 2007 സെപ്തംബറില്‍ മുത്തുകളുടെ രാജ്യമായ ബഹ്‌റൈനിലും 2009 ഏപ്രില്‍ 5 ന് അധിനിവേശത്തിനെതിരെ ധീരോദാത്തമായി ചെറുത്ത്‌നിന്ന് വൈദേശികാധിപത്യത്തില്‍ നിന്ന് അമ്മനാടിനെ മോചിപ്പിക്കാന്‍ പടനയിച്ച മാപ്പിളമാരുടെ മണ്ണില്‍ മലപ്പുറം എഡിഷനും ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ചന്ദ്രിക കുടുംബത്തില്‍ നിന്ന് ശിഹാബ് തങ്ങളുടെ കാലത്ത് പുറത്തിറക്കിയ രണ്ട് പ്രസിദ്ധീകരണങ്ങളാണ് ബാലചന്ദ്രികയും പ്രവാസ ചന്ദ്രികയും. ഇതിനിടയില്‍ നിരവധി ജില്ലാ ബ്യുറോകളും ടൗണ്‍ ബ്യുറോകളും ആരംഭിച്ചു. 2011 ജൂണില്‍ ആരംഭിച്ച ഖത്തര്‍, സഊദി എഡിഷനുകളും കോട്ടയം എഡിഷനും ശിഹാബ് തങ്ങളുടെ മരണശേഷം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയരക്ടറായതില്‍ പിന്നെയാണ് തുടങ്ങിയത്.

web desk 3: