X

വ്യാപാരികളുടെ അഭിപ്രായം തേടി ശശി തരൂരും എംകെ മുനീറും; മിഠായി തെരുവിലെത്തി

കോഴിക്കോട്: വ്യാപാരികളുടെ അഭിപ്രായംതേടി ഡോ.ശശി തരൂര്‍ എംപി മിഠായിതെരുവില്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിനും യു.ഡി.എഫ് നേതാക്കള്‍ക്കുമൊപ്പം ശശി തരൂര്‍ എസ്.എം സ്ട്രീറ്റിലെത്തിയത്. അപ്രതീക്ഷിതമായി പ്രിയനേതാവിനെ കണ്ടതോടെ വ്യാപാരികളും ഉപഭോക്താക്കളും ഒരുനിമിഷം അമ്പരന്നു. പിന്നീട് തങ്ങളുടെ ആകുലതകളും കോവിഡ് തീര്‍ത്ത പ്രതിസന്ധിയുമെല്ലാം എംപിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല ഏറ്റെടുത്ത ശശിതരൂര്‍ സംസ്ഥാനത്തുടനീളം പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായ രൂപീകരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് നഗരത്തിലെത്തിയത്.
കോവിഡ് പ്രതിസന്ധികാരണം അടച്ചിടേണ്ടിവന്നതിനാല്‍ വാടകയിനത്തില്‍ ഇളവ് നല്‍കേണ്ടതിന്റെ ആവശ്യകതയും വാഹന പാര്‍ക്കിംഗ് നിരോധനംമൂലം വ്യാപാരമേഖല നഷ്ടത്തിലായി കട പൂട്ടിയ അനുഭവങ്ങളും പലരും പങ്കുവെച്ചു. ലോക്ക്ഡൗണ്‍ മുതല്‍ എട്ടുമാസകാലം കച്ചവടം മുടങ്ങി കുടുംബം ദുരിതത്തിലായ അനുഭവമാണ് മിഠായിതെരുവിലെ വഴിയോരകച്ചവടക്കാര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും കടുത്തഅവഗണനയാണെന്നും തെരുവ് കച്ചവടക്കാര്‍ തരൂരിനോട് പറഞ്ഞു. യു.ഡി.എഫ് പ്രകടനപത്രികയില്‍ വ്യാപാരികളുടെപ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തമെന്ന് തരൂര്‍ പറഞ്ഞു.
മിഠായിതെരുവില്‍ ശശി തരൂരിനെ അപ്രതീക്ഷിതമായി നേരില്‍കണ്ടതിന്റെ അമ്പരപ്പായിരുന്നു പ്രൊവിഡന്‍സ് വുമണ്‍സ് കോളജ് മൂന്നാംവര്‍ഷ ഹിസ്റ്ററി വിദ്യാര്‍ത്ഥിനി ഇവ റോസ്‌ലിന്. എഴുത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിഞ്ഞ പ്രിയനേതാവിനെ നേരില്‍കണ്ട ഇവയുടെ പരിസരംമറന്നുള്ള ആഹ്ലാദപ്രകടനം എല്ലാവരിലും ചിരിപടര്‍ത്തി. ചക്കിട്ടപ്പാറ സ്വദേശിനി ഇവയുമായി കുശലാന്വേഷണം നടത്തിയാണ് തരൂര്‍ പിരിഞ്ഞത്.

 

web desk 1: