X
    Categories: Culture

തലസ്ഥാന മണ്ഡലത്തില്‍ ഹാട്രിക് വിജയം തേടി ശശി തരൂര്‍

ഇയാസ് മുഹമ്മദ്
തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന കേരളത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. വലിയ അത്ഭുതം നടക്കുമെന്ന പ്രതീതി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കളം നിറയാനുള്ള ബി.ജെ.പിയുടെ പ്രചരണ തന്ത്രമാണ് തിരുവനന്തപുരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കേരള നിയമസഭയില്‍ ആദ്യമായി ഒരു ബി.ജെ.പി അംഗം എത്തിയ നേമം ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലമെന്ന നിലക്ക് തിരുവനന്തപുരത്തിന് മേല്‍ വലിയ അവകാശ വാദമാണ് ബി.ജെ.പി ഉന്നയിക്കുന്നതും. എന്നാല്‍ കണക്കുകളുടെ പിന്‍ബലമൊന്നും ഈ അതിരുകടന്ന അവകാശവാദത്തിനില്ല. കഴിഞ്ഞ തവണ വിജയത്തിന് തൊട്ടടുത്തെത്തിയ വോട്ടു നില മാത്രമാണ് ബി.ജെ.പിക്ക് ചൂണ്ടിക്കാട്ടാനുള്ളത്. എന്നാല്‍ 2014ല്‍ നിന്ന് ഒരുപാട് ദൂരത്തേക്ക് രാഷ്ട്രീയ സ്ഥിതി മാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

രാഷ്ട്രീയവിവാദങ്ങളും തെരഞ്ഞെടുപ്പ് സഖ്യങ്ങളുമെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ ഏറ്റവും തീവ്രതയോടെ തന്നെ തിരുവനന്തപുരത്ത് പ്രതിഫലിക്കും. കഴിഞ്ഞ തവണ ബി.ജെ.പിക്ക് അനുകൂലമായ നിരവധി ഘടകങ്ങളാണ് അവരെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ഈ ഘടകങ്ങള്‍ പ്രതികൂലമായി മാറിയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന്റെ ദുഷ്ഫലങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടി വന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. വൈകാരികമായ തിരയിളക്കം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന വ്യാമോഹം തിരുവനന്തപുരത്ത് നടക്കില്ലെന്ന് ചുരുക്കം. തെരഞ്ഞെടുപ്പ് കണക്കുകള്‍ ശരിവെക്കുന്നതും ഇതാണ്.
രാഷ്ട്രീയം മാത്രമല്ല, ഭരണത്തിന്റെ നേട്ടവും കോട്ടവും വോട്ടുനിലയെ സ്വാധീനിക്കുന്നതാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചരിത്രം. ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാട്ടം നടത്തുന്നതാണ് പതിവ് രീതി. ബി.ജെ.പിക്ക് വിനയാകുന്നതും തലസ്ഥാന മണ്ഡലത്തിന്റെ ഈ രീതി തന്നെ. തിരുവനന്തപുരത്ത് ഇക്കുറി ത്രികോണ മത്സരമാണെങ്കിലും നേരിട്ട് ഏറ്റുമുട്ടുന്നത് ഇടതു, വലതു മുന്നണികള്‍ തമ്മില്‍ തന്നെ. കഴിഞ്ഞ രണ്ട് തവണ നേടിയ വിജയം ആവര്‍ത്തിച്ച് ഹാട്രിക് എന്നതാണ് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.ശശി തരൂരിന്റെ ലക്ഷ്യം. പെയ്‌മെന്റ് സീറ്റിന്റെ പേരില്‍ കഴിഞ്ഞ തവണ ഏറെ പഴികേട്ട സി.ദിവാകരനും സി.പി.ഐയും കഴിഞ്ഞ തവണ നേരിടേണ്ടി വന്ന വലിയ പരാജയത്തില്‍ നിന്നുള്ള മുക്തിയാണ് തേടുന്നത്. സംസ്ഥാന ഭരണത്തിനെതിരായി ജനവികാരവും സംസ്ഥാനത്ത് വീശിയടിക്കുന്ന രാഹുല്‍ തരംഗവും വലിയ തോതില്‍ സ്വാധീനിക്കുന്ന തലസ്ഥാന മണ്ഡലത്തില്‍ വിജയം ഇടതുമുന്നണിക്ക് ബാലികേറാ മലയാണ്.

ഹാട്രിക് എന്ന തരൂരിന്റെ ലക്ഷ്യത്തിന് ഒരു മുന്‍ഗാമിയുണ്ട്-എ.ചാള്‍സ്. 1984, 89, 91 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച് ചാള്‍സ് പാര്‍ലമെന്റിലെത്തി. എന്നാല്‍ നാലാം തവണ ചാള്‍സിന് ചുവടിടറി. സി.പി.ഐ ആശാനായ കെ.വി. സുരേന്ദ്രനാഥിനെ പോരിനിറക്കി മണ്ഡലം തിരിച്ചു പിടിച്ചു. 1998 ല്‍ വിജയം വീണ്ടും യു.ഡി.എഫിനൊപ്പമായി. കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ വി.എസ് ശിവകുമാര്‍ പാര്‍ലമെന്റിലെത്തി. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ശിവകുമാര്‍ വിജയം ആവര്‍ത്തിച്ചു. മണ്ഡലം തിരിച്ചുപിടിക്കാന്‍ സി.പി.ഐ ആവനാഴിയിലെ ബ്രഹ്മാസ്ത്രത്തെ തന്നെ പുറത്തെടുത്തു. അങ്ങനെ പി.കെ.വിയിലൂടെ 2004ല്‍ സി.പി.ഐ വിജയിച്ചു. 2005 ലും വിജയം സി.പിഐക്ക് ഒപ്പം നിന്നു- പന്ന്യന്‍ രവീന്ദ്രനിലൂടെ. എന്നാല്‍ പിന്നീട് തിരുവനന്തപുരത്ത് ക്ലച്ച് പിടിക്കാന്‍ സി.പി.ഐക്ക് സാധിച്ചില്ല. സി.പി.ഐക്കായി പി. രാമചന്ദ്രന്‍ നായര്‍ പോരിനിറങ്ങിയ 2009-ല്‍ ശശി തരൂരിന്റെ വിജയം 99,998 വോട്ടുകള്‍ക്കായിരുന്നു. ഒരു ലക്ഷത്തിന് രണ്ട് വോട്ടുകളുടെ മാത്രം കുറവ്. 2014ല്‍ കടുത്ത ത്രികോണ മത്സരത്തില്‍ ഭൂരിപക്ഷം പക്ഷേ കുറഞ്ഞു. 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. എന്നാല്‍ ഇടതുമുന്നണി നേരിട്ട പരാജയത്തില്‍ നിന്ന് കരകയറാന്‍ ഇനിയും അവര്‍ക്കായില്ല. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനെക്കാള്‍ 36,000 വോട്ടുകള്‍ക്ക് പിറകിലായിരുന്നു സി.പി.ഐയുടെ പരാജയം. ഇടതുമുന്നണിയുടെ 2019ലെ പോരാട്ടം ശ്രദ്ധേയമാകുന്നതും ഈ കണക്കുകള്‍ വെച്ചുതന്നെ.

ഡോ.ശശി തരൂരിനെ സംബന്ധിച്ച് അനുകൂലമായി നിരവധി ഘടകങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം പത്ത് വര്‍ഷമായി മണ്ഡലത്തിലുടനീളമുള്ള ബന്ധം തന്നെ. യു.പി.എ അധികാരത്തിലെത്തിയാല്‍ കാബിനറ്റ് റാങ്കില്‍ മന്ത്രി സ്ഥാനം കാത്തിരിക്കുന്നുവെന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. എന്നാല്‍ ഇടതുമുന്നണിയുടെ നുണ പ്രചരണങ്ങളും എന്‍.ഡി.എയുടെ വ്യാജ പ്രചരണങ്ങളും അതിജയിക്കാന്‍ ശക്തമായ പ്രചരണ തന്ത്രങ്ങള്‍ തന്നെ യു.ഡി.എഫിന് പുറത്തെടുക്കേണ്ടി വരും.

chandrika: