X
    Categories: Article

മുഹമ്മദ് നബി എന്തുകൊണ്ട് അറേബ്യയില്‍?

ശുഐബുല്‍ ഹൈത്തമി
ഇസ്ലാം വിമർശകർ ,സന്ദേഹികൾ ,ഗവേഷകർ തുടങ്ങിയ പലരും ഉന്നയിക്കാറുള്ള ഒരു വിഷയമാണിത്.
എന്ത് കൊണ്ട് മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ അറേബിയിൽ നിയുക്തനായി , യൂറോപ്പിലോ അമേരിക്കയിലോ നിയുക്തനായില്ല?
വിവിധ മാനങ്ങളിൽ നിന്ന്കൊണ്ട് ആ ചോദ്യത്തെ വിശകലനം ചെയ്യാം .
തിയോളജിക്കൽ ലോജിക്ക് അനുസരിച്ച് ആദ്യം പറയാം .
ഒന്ന് :
അല്ലാഹുവിന് ആരെയും എവിടേയും നിയോഗിക്കാം. അത് മനുഷ്യരുടെ യുക്തിവിചാരത്തിൽ ന്യായമായാൽ മാത്രമേ ഉത്തമമാവുകയുള്ളൂ എന്ന ധാരണ ശരിയല്ല.
മനുഷ്യയുക്തി രൂപപ്പെടുന്നത് അവൻ്റെ അറിവും അനുഭവവും ഭാവനയും കൂട്ടിച്ചേരുമ്പോഴാണ്. അവ ഭൗതികമായിത്തന്നെ പരിമിതമാണ്.
ഒരു മനുഷ്യൻ്റെ യുക്തിന്യായം അപരന് അയുക്തികം ആവാം.
മാത്രമല്ല ,യുക്തിഭദ്രമല്ല എന്ന് മനുഷ്യരിൽ ചിലർക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ അല്ലാഹുവിന് സ്വാതന്ത്ര്യമില്ല / മനുഷ്യർക്ക് ശരിയാണെന്നത് ചെയ്യാൻ അല്ലാഹുവിന് ബാധ്യതയുണ്ട് എന്ന സങ്കൽപ്പം
– ദൈവവിശ്വാസത്തിൻ്റെ പൊതുനിർവ്വചനത്തിന് തന്നെ എതിരാണ്.
മനുഷ്യൻ്റെ യുക്തിയും അത് പ്രാവർത്തികമാവുന്ന രാസത്വരഗങ്ങളും പോലും അല്ലാഹുവിൻ്റെ സൃഷ്ടിയാണ്.
രണ്ട് :
ആ ചോദ്യം യുക്തിപരമായി ബാലിശവുമാണ്. കാരണം , അല്ലാഹു എന്ത്കൊണ്ട് അന്ത്യപ്രവാചകനെ അറേബ്യയിൽ നിയോഗിച്ചു എന്ന സന്ദേഹം വൈചാരികമായി അപൂർണ്ണമാണ്. ബില്യൺ കണക്കിന് നക്ഷത്രങ്ങളുള്ള ഗ്യാലക്സിയിൽ നിന്നും അല്ലാഹു മനുഷ്യവാസത്തിന് വേണ്ടി എന്ത് കൊണ്ട് ഭൂമിയെ തെരെഞ്ഞെടുത്തു , ഭൂമിയേക്കാൾ വലിയ / ചെറിയ മറ്റേതെങ്കിലും X / Y ഗ്രഹത്തെതെരെഞ്ഞെടുക്കാമായിരുന്നില്ലേ ? എന്ന് തന്നെ ചിന്തിക്കാമായിരുന്നല്ലോ .
അങ്ങനെയല്ലെങ്കിൽ , പ്രവാചകന്മാർക്ക് അഭിമുഖീകരിക്കാനുള്ള ജനപഥങ്ങളെ എല്ലാ ഗ്രഹങ്ങളിലുമായി സംവിധാനിക്കാമായിരുന്നില്ലേ എന്നും ചിന്തിക്കാം. ഇനി ഒരുപടി കയറിയാൽ വേറൊരു തലം കൂടി വരും.
XY മനുഷ്യർ ചിന്തിച്ചത് പോലെ , അല്ലാഹു മനുഷ്യവംശത്തെ അവർക്കറിയുന്ന ഗ്രഹങ്ങളിലൊക്കെ സംവിധാനിച്ചുവെന്നിരിക്കട്ടെ ,അപ്പോൾ ഒരന്യായ വാദം വേണമെങ്കിൽ ഉയർത്താം ;
എന്ത്കൊണ്ട് ABCD സമൂഹങ്ങളെ P ഗ്രഹത്തിലും EFGH സമൂഹങ്ങളെ Q ഗ്രഹത്തിലുമാക്കി ; മറിച്ചുമാവാമായിരുന്നല്ലോ ?
ഈ ആലോചന അറ്റത്തിലെത്താതെ വട്ടം ചുറ്റും .
“ഇങ്ങനെയൊരു പ്രാപഞ്ചിക വ്യവസ്ഥയല്ലാതെ മറ്റൊരു വ്യവസ്ഥ എന്ത് കൊണ്ട് ദൈവം ഉണ്ടാക്കിയില്ല ? ” എന്ന ചോദ്യം വരെ അത് നീളും .തിരിച്ച് പറഞ്ഞാൽ ,ആ ചോദ്യത്തിൽ നിന്നാണ് മറ്റെല്ലാ അന്യായവാദങ്ങളും ചോദ്യങ്ങളും ഉണ്ടാവുന്നത് എന്നും പറയാം.
നാം തുടങ്ങിയ വിഷയം തന്നെ നോക്കൂ ;
ഇനിയെങ്ങാനും അല്ലാഹു അന്ത്യപ്രവാചകനെ നിയോഗിച്ചത് അക്കാലത്ത് – ഏഴാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായിരുന്ന മായന്മാരിൽ നിന്നോ ജർമ്മനിയിലോ ഇംഗ്ലണ്ടിലോ ഉണ്ടായിരുന്ന ആംഗ്ലോസാക്സണിൽ നിന്നോ സ്പെയിനിലെ പാഗന്മാരിൽ നിന്നോ ചൈനയിലെ Sui/ Tang വംശജരിൽ നിന്നോ ഇന്ത്യയിലെ വർദ്ധനന്മാർ/ചാളക്യന്മാരിൽ നിന്നോ ആയിരുന്നുവെങ്കിൽ ,എന്ത് കൊണ്ട് അല്ലാഹു അന്ത്യപ്രവാചകനെ ,അവസാനദൈവദൂതനെ മിഡിൽ ഈസ്റ്റിൽ നിന്നും നിയോഗിച്ചില്ല ? എന്ന് ചോദിക്കാം.
ചുരുക്കിപ്പറഞ്ഞാൽ , അനുഭവത്തിൽ സംഭവിച്ച കാര്യത്തിൻ്റെയുക്തി ,
നിഷേധികൾ പരതുന്നത് അതേ കാര്യം അതല്ലാത്ത രൂപങ്ങളിൽ / സ്ഥലങ്ങളിൽ / സമയങ്ങളിൽ എന്ത് കൊണ്ട് ഉണ്ടായില്ല എന്ന ബാലിശമായ അർത്ഥത്തിലാണ്. അങ്ങനെയൊരു കാര്യം തന്നെ ഉണ്ടായിട്ടില്ല ,അതായത് അങ്ങനെയൊരു ഉണ്മ തന്നെയില്ല എന്ന അടിസ്ഥാനമാണവർക്ക് എന്നത് മറന്നുകൊണ്ടാണ് ആ സന്ദേഹം.
ഇത്തരം ഘട്ടത്തിൽ ,വിശ്വാസി മനസ്സിലാക്കേണ്ടത് , അല്ലാഹുവിൻ്റെ സ്വാതന്ത്ര്യത്തെ മൂല്യനിർണ്ണയം നടത്തി എത്രത്തോളം അക്കാര്യം ശരിയോടും ശരിയല്ലായ്മയോടും അടുത്തോ അകന്നോ ആണിരിക്കുന്നത് എന്ന പരിശോധന ദൈവവിശ്വാസമല്ല എന്നതാണ്.
ദൈവത്തെ വിശ്വാസമില്ലാത്തത് കൊണ്ടാണല്ലോ , ദൈവം ചെയ്തത് ശരിയാണോ അല്ലേ എന്ന് പരിശോധിക്കേണ്ടി വരുന്നത്. മേൽപ്പറഞ്ഞത് പോലോത്ത ചോദ്യങ്ങളുടെ വിശ്വാസപരമായ അടിസ്ഥാന മറുപടി അത് മാത്രമാണ്.
സംഭവിച്ചതായി അനുഭവിച്ച ,അറിഞ്ഞ കാര്യം എന്ത് കൊണ്ടാവാം അവിടെത്തന്നെ / അങ്ങനെത്തന്നെ / അപ്പോൾ തന്നെ ഉണ്ടായത് എന്ന് വിശ്വാസിക്ക് പരിശോധിക്കാം .പക്ഷെ ,അത് അല്ലാഹു ചെയ്തത് യുക്തിഭദ്രമാണോ അല്ലേ എന്ന് പരിശോധിക്കാനല്ല ,മറിച്ച് ,അല്ലാഹു ചെയ്ത യുക്തിഭദ്രമായ കാര്യത്തിൻ്റെ പൊരുൾ എന്തായിരിക്കും എന്ന് മനസ്സിലാക്കാനാണ്.
നിഷേധം , മുമ്പിലുള്ള ധാരണകളിൽ നിന്നും സത്യത്തിലേക്ക് ആരോഹണം ചെയ്ത് വഴിതെറ്റലാണ് ,ആരോഹണ മാധ്യമങ്ങൾ വ്യവസ്ഥാപിതമല്ലാത്തത് കൊണ്ടാണ് പിഴക്കുന്നത്.
മറുവശത്ത് , വിശ്വാസം – സത്യത്തിൽ നിന്നും മുമ്പിലുള്ള ധാരണകളിലേക്കുള്ള പിഴക്കാത്ത അവരോഹണമാണ്.
നോക്കൂ , മനുഷ്യർ മുഹമ്മദ് (സ്വ) പരിചയപ്പെടുത്തിയ അല്ലാഹുവിനെ വിശ്വസിക്കുകയായിരുന്നു. അല്ലാതെ ,അല്ലാഹു പറഞ്ഞ മുഹമ്മദിനെ (സ്വ) വിശ്വസിക്കുകയായിരുന്നില്ല.
മനുഷ്യൻ ആദ്യം മനസ്സിലാക്കിയ സത്യം മുഹമ്മദ് (സ്വ) ആണ്. ആ വ്യക്തിയിലൂടെ താഴോട്ടിറങ്ങിയപ്പോഴാണ് നമ്മുടെ ചുറ്റിലും നമ്മിൽ തന്നെയും അത് വരെ കാണാതിരുന്ന ദൈവാസ്തിക്യം നാം കാണാൻ തുടങ്ങിയത്.
മനുഷ്യൻ വഹിച്ച് നടക്കുന്നത് എന്താണെന്ന് അവനെ അറിയിച്ച ഏറ്റവും മുന്തിയ മനുഷ്യൻ്റെ പേരാണ് മുഹമ്മദ് (സ്വ) .
ഈ അടിസ്ഥാന പാഠം ചില മതപ്രബോധകർ തന്നെ മറന്നുപോവുന്നതാണ് , വിമർശക സമൂഹ മധ്യേ ഇസ്ലാം എന്നാൽ വെളുത്ത മഞ്ഞളാണെന്ന് ഡിസ്പ്ലേ ചെയ്യപ്പെടാനുണ്ടായ കാരണം.
മൂന്ന്:
ഒരു മുറിയിൽ വിളക്ക് വെക്കുകയാണെങ്കിൽ മധ്യത്തിൽ കൊളുത്തിയിടുമ്പോഴേ വെട്ടം സന്തുലിതമാവുകയുള്ളൂ , ഭൂമി മുറിയും ഹിജാസ് മധ്യവും മുഹമ്മദ് (സ്വ) ദീപവുമാണ്.
ഇവിടെ ,ഹിജാസ് മധ്യമാണ് എന്ന് കേൾക്കുമ്പോഴേക്ക് ഉരുണ്ട ഭൂമിയളക്കാനുള്ള കോലുമായി ചിലർ ജോഗ്രഫി പറയുന്നത് അൽപ്പത്തമാണ്. ഭൂമിയുടെ മധ്യം അതിൻ്റെ അന്തർഭാഗത്തായിരിക്കും ,കാരണം ഭൂമി വൃത്തമല്ല ,ഗോളമാണ് .ഉപരിതലത്തിലെ ഏത് ബിന്ദുവിനെയും മധ്യമായി സങ്കൽപ്പിക്കാം . കൊളോണിയൽ രാഷ്ട്രീയ സ്വാധീനത്തിൻ്റെ ഫലമായി നിലവിൽ സമയനിർണ്ണയരേഖ ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലായി .ഇതിന് അപവാദമായി മക്കയെ മധ്യമാക്കി പുതിയ സമയനിർണ്ണയം ആവിശ്കരിക്കപ്പെട്ടിട്ടുണ്ട്. https://en.m.wikipedia.org/wiki/Mecca_Time
മറ്റൊരിടം ആധാരമാക്കിയും ചെയ്യാം .
മക്ക എന്ന പോയിൻ്റ് മറ്റ് മധ്യമസാധുപ്രദേശങ്ങളേക്കാൾ മധ്യമാവാൻ സൗകര്യമാവുന്ന വിധം പരിചയപ്പെടുത്തുന്ന ഇസ്‌ലാം പക്ഷ ശാസ്ത്രീയ പഠനങ്ങൾ ഞാൻ മന:പൂർവ്വം ഒഴിവാക്കുകയാണ്. മക്കയിലെ മതാഫ് – പ്രദിക്ഷണപഥം മൈതാനവും ചുറ്റിടം ഗ്യാലറിയുമെന്ന പോലെ ഭൂമിയെ മനസ്സിലാക്കാൻ സഹായിക്കുന്ന അത്തരം ലിങ്കുകൾ ഈ ചർച്ചക്ക് ആവശ്യമില്ല.
പിന്നെയെന്താണ് മക്ക മധ്യമാണ് എന്ന് പറഞ്ഞാൽ അർത്ഥം ? മൂന്നർത്ഥങ്ങളാണ് അതിനുള്ളത്. ആ മൂന്ന് അർത്ഥങ്ങളും ചേർത്തി വായിക്കുമ്പോൾ മധ്യമപദവി കൃത്യമാവും .
ഒന്നാമതായി,
ഇസ്ലാമികമായ സാരമാണത് .
ലോകത്തെ മനുഷ്യവാസമുള്ള എല്ലാ കരകളിൽ നിന്നും ഹൃദയലക്ഷ്യമായി ഉന്നം വെക്കപ്പെടുന്ന പൊതുകേന്ദ്രം എന്നതാണാ അർത്ഥം. മറ്റ് മതങ്ങളിലോ സംസ്ക്കാരങ്ങളിലോ ഒരു തീർത്ഥാടന കേന്ദ്രമെന്ന അർത്ഥത്തിൽ അങ്ങനെയൊരു സാർവ്വഭൗമിക ബിന്ദുവില്ല.
മക്കയിലേക്കുള്ള തീർത്ഥാടനം മുഹമ്മദ് (സ്വ) ക്ക് ശേഷം തുടങ്ങിയതല്ല എന്ന് മനസ്സിലാക്കാൻ ലോക പൊതു ചരിത്രം പരിശോധിക്കുക.
രണ്ടാമതായി ,
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ നിലനിന്നിരുന്ന മനുഷ്യനാഗരികതകളുടെ മധ്യം എന്ന അർത്ഥത്തിലാണ്. ഉരുണ്ട ഭൂമി പരത്തിവെച്ച് ഏഴാം നൂറ്റാണ്ടിലെ ലോകജന സഞ്ചാരപഥങ്ങളെ പൊതുവിൽ ഏകീകരിക്കുന്ന ഒരിടം പരിശോധിച്ചാൽ മിഡിലീസ്റ്റ് എന്ന് മനസ്സിലാക്കാൻ കഴിയും ,കൃത്യം മക്കയാണ് എന്ന വാദം എനിക്കില്ല .മിഡിലീസ്റ്റിൽ നിന്ന് പിന്നെയെന്ത് കൊണ്ട് മക്കയായി എന്ന് അടുത്ത പോയിൻ്റിൽ പറയാം .
ഈ വാദം തെളിയിക്കാൻ നമുക്കന്നത്തെ ഭൂമിയിലെ മനുഷ്യർ എങ്ങനെയൊക്കെയായിരുന്നു ചിതറിയിരുന്നത് എന്ന് പരിശോധിക്കേണ്ടി വരും.
ഹൃസ്വമായി നോക്കാം ,
പ്രവാചക ജനനം ക്രിസ്തുവർഷം 570 – 571 നിടയിലെ ഏപ്രിൽ – ജൂൺ ദിവസങ്ങളിലൊന്നാണ്. നിര്യാണം ക്രിസ്താബ്ദം 632 ജൂൺ 8 നാണ്. ഏഴാം നൂറ്റാണ്ടാണ് പ്രബോധന കാലയളവ് എന്നർത്ഥം.
ഏഴാം നൂറ്റാണ്ടിൽ ഭൂമിയിൽ 15 കോടി ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഫിലിപ്പ് കെ ഹിറ്റി 12 കോടി എന്ന് അഭിപ്രായസംയോജനം നടത്തിയിട്ടുണ്ട്.
ആ 12 കോടി മനുഷ്യരിലെ ഒരാളായിരുന്നു ഈന്തമരത്തോട്ടങ്ങൾക്കും ഒട്ടകക്കൂട്ടങ്ങൾ ചിതറിയ മൊട്ടക്കുന്നുകൾക്കും ഇടയിൽ പാർത്ത മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹിവസല്ലം .
എവിടെയൊക്കെയായിരുന്നു ആ മനുഷ്യർ ചിതറിക്കിടന്നിരുന്നത് ?
1 : ഐബീരിയൻ പെനിൻസുല .അതായത് യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ദക്ഷിണപടിഞ്ഞാറൻ യൂറോപ്പ് – യൂറേഷ്യ .
സ്പെയിൻ ,പോർച്ചുഗൽ ,ഫ്രാൻസ് തുടങ്ങിയ ആധുനിക രാജ്യങ്ങളുടെ അന്നത്തെ ഭൂമണ്ഡലം. അവിടെ ക്രിസ്ത്യൻ ആധിപത്യത്തിലായിരുന്നു.
പള്ളി സഭകൾ ഭരണാലയമായ Council of Toledo ആയിരുന്നു ഭരണാധികാരികൾ .
സ്പെയിനിൽ പ്രകൃതിമതക്കാരായ പാഗന്മാരായിരുന്നു – Paganism – കൂടുതൽ.
NB : പ്രവാചകാഗമന കാലത്തിന് മുമ്പേയുള്ള സമൂഹങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്ന പൊതുചരിത്രത്തിൽ ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്നവർ എത്രത്തോളം ഇന്നത്തെ ക്രിസ്ത്യാനികളല്ല ,മറിച്ച് അന്നത്തെ മുസ്ലിംകൾ ആയിരുന്നു എന്നത് മറ്റൊരു ചർച്ചയാണ്.
2: ബൈസൻ്റയിൻ സാമ്രാജ്യം . പ്രവാചക രാഷ്ട്രീയത്തിൽ ഏറെ പരാമർശിക്കപ്പെടുന്ന സാമ്രാജ്യമാണത്. അന്നത്തെ ചക്രവർത്തി ഹെറാക്ലീസ് രണ്ടാമൻ (610- 641) ആയിരുന്നു.
ഇന്നത്തെ ഇസ്താംബൂളായിരുന്നു അന്നത്തെ തലസ്ഥാന നഗരമായിരുന്ന കോൺസ്റ്റാൻ്റിനോപ്പിൾ .ഇന്നത്തെ യൂറേഷ്യയുടെ ഭാഗമായ തുർക്കി ,ഗ്രീസ് ,ബൾഗേറിയ ,ഇറ്റലി എന്നിവയും ആഫ്രോ ഏഷ്യൻ മുനമ്പായ ഈജിപ്ത് , സിറിയ ,ലബനൻ ,യമൻ ,ജോർദ്ദാൻ തുടങ്ങിയ പ്രദേശങ്ങളൊക്കെ റോമാ സാമ്രാജ്യം എന്ന് പൊതുവേ വിളിക്കപ്പെടുന്ന അതിൻ്റെ പരിധിയിൽ വരുമായിരുന്നു. ഈ മേഖലയിലും ക്രൈസ്തവ മേൽക്കോയ്മ തന്നെയായിരുന്നു.
3: ചൈന – മംഗോളിയ – സൈബീരിയ. അന്നും ഭൂമിയിൽ ഏറ്റവും ജനസംഖ്യ ഈ മേഖലയിലായിരുന്നു ,ഏകദേശം 50 മില്യൺ .പന്ത്രണ്ട് ലക്ഷം ചതുരശ്ര കിലോമീറ്റർ ചൈനീസ് രാഷ്ട്രീയവും സംസ്ക്കാരവും തന്നെയായിരുന്നു .അതായത് മധ്യകിഴക്കനേഷ്യ മുഴുവനും എന്നർത്ഥം. ബുദ്ധമതം ,താവോയിസം , കൺഫ്യൂഷനിസം ,സൗരാഷ്ട്ര – അഗ്നിഹോമമതം എന്നിവയായിരുന്നു അന്നവിടെ നിലനിന്നിരുന്നത്.
4: ഇന്ത്യൻ പെനിൻസുല . 1.41 ലക്ഷം ചതുരശ്ര കിലോമീറ്റർ പടർന്ന് കിടന്ന മേഖലയിൽ ആര്യവേദമതം,ബുദ്ധിസം ,ജൈനമതം ,ചാർവ്വാക നിരീശ്വരത്വം എന്നിവയായിരുന്നു നില നിന്നിരുന്നത്. ഗുപ്ത സാമ്രാജ്യം തകർന്ന് തീർന്ന ഘട്ടമായിരുന്നു അത്. ഇന്നത്തെ ഹരിയാന മുതൽ ഉത്തർ പ്രദേശ് വരെ ഹർഷവർദ്ധന രാജാവിൻ്റെ കീഴിലും ദക്ഷിണേന്ത്യ
– കേരളമടക്കം – ചാളക്യ വംശജനായ പുലയകേഷൻ രണ്ടാമൻ്റെ കീഴിലുമായിരുന്നു അന്ന്. 50 മില്യൺ ജനങ്ങൾ ഇവിടെയും ഉണ്ടായിരുന്നു . വർണ്ണവ്യവസ്ഥയും ജാതീയതയും അതിൻ്റെ സുവർണ്ണ കാലഘട്ടമാഘോഷിച്ച ശതാസന്ധികളായിരുന്നു അപ്പോൾ .
5: യൂറോപ്പിൻ്റെ മറ്റൊരു ഭാഗത്ത് ആംഗ്ലോ സാക്സൺ ആധിപത്യവും ഇംഗ്ലീഷ് സംസ്ക്കാരത്തിൻ്റെ ആരംഭവും നടക്കുകയായിരുന്നു. ഇന്നത്തെ Uk യുടെ ചുറ്റിലുമായി 1 – 2 മില്യൺ ജനത അന്നുണ്ടായിരുന്നു.
6: വടക്കേ അമേരിക്ക .ഇന്നത്തെ USA ,കാനഡ തുടങ്ങിയ പ്രദേശങ്ങളിൽ അന്ന് 4 മില്യൺ ജനങ്ങളുണ്ടായിരുന്നു. ” മുഹമ്മദിനെ അല്ലാഹു എന്ത് കൊണ്ട് ന്യൂയോർക്കിലേക്കയച്ചില്ല , ചിക്കാഗോയിൽ പ്രസംഗിച്ചില്ല ” എന്നൊക്കെ ചോദിക്കുന്ന നിലവാരം കുറഞ്ഞ പ്രാദേശിക യുക്തിവാദികൾക്കറിയുമോ ആവോ – അന്ന് ആ 4 മില്യൺ മനുഷ്യർ വന്യവംശജരായിരുന്നു. നായാട്ടും വേട്ടയാടലുമായിരുന്നു മുഖ്യം .
7: അന്നത്തെ യൂറോപ്പിൽ സാംസ്ക്കാരികമായി ഏറ്റവും പിന്നോക്കം നിന്നിരുന്ന പ്രദേശം സ്കാണ്ടിനാവിയൻ പ്രദേശങ്ങളായിരുന്നു. കൃത്യമായി സ്വീഡൻ ,നോർവ്വെ ,ഡെന്മാർക്ക് എന്നൊന്നും ചരിത്രം പറയുന്നില്ലെങ്കിലും കൊലപാതകങ്ങളും മോഷണങ്ങളുമായിരുന്നു അവരുടെ പ്രധാനപരിപാടികൾ എന്ന് കാണാം.
8: കിഴക്കൻ യുറോപ്പിലെ പോളണ്ട് ,ഉക്രൈൻ ,റഷ്യ തുടങ്ങിയ പ്രവിശ്യകൾ റോമൻ സാമ്രാജ്യത്തിൻ്റെ കോളനികളായിരുന്നു. മതപരമായും രാഷ്ട്രീയപരമായും അവർ ബൈസൻ്റയിൻ ഉത്തരുവകളെ കാത്തിരിക്കേണ്ടവരായിരുന്നു.
9: തെക്കേ അമേരിക്ക .ലോക പ്രശസ്തമായ ആദിനാഗരികതകളിലൊന്നായ മായൻ സംസ്ക്കാരത്തിൻ്റെ ഏകദേശം അവസാന കാലമായിരുന്നു ഏഴാം നൂറ്റാണ്ട് .വികസനത്തിലും ക്രൂരതയിലും പേര് കേട്ടവരായിരുന്നു അവർ. സ്വന്തമായ ലിപി ,നാണയം ,സാങ്കേതിക വിദ്യകൾ എന്നിവ ഉണ്ടായിരുന്ന അവരുടെ മെയിൻ ജോലി യുദ്ധങ്ങളും കൊലകളും തന്നെയായിരുന്നു.
ഹൃദയം പിളർന്ന് കൊല്ലുക , തലയോട്ടിയിൽ ജീവനോടെ ആണിയടിച്ച് പിളർത്തുക തുടങ്ങിയ രീതികൾ അവരെ മരിച്ചിട്ടും മണ്ണടിയാത്ത ചരിത്രമുള്ളവരാക്കി മാറ്റി.
10: അസീറിയൻ – മെസപ്പെട്ടോമിയൻ പെനിൻസുല . പേർഷ്യയിലെ സസാനിയൻ സാമ്യാജ്യമായിരുന്നു പ്രധാന നാഗരിക കേന്ദ്രം .മിഡിലീസ്റ്റിൽ അറേബ്യക്കും ബൈസൻ്റയിൻ പ്രവിശ്യക്കും ഇടയിലെ ഈ മേഖലയിൽ ,ആധുനിക ഇറാഖിൻ്റെ ഭാഗമായ ബാബിലോണിയ കേന്ദ്രീകരിച്ച് പ്രചരിച്ച അബ്രഹമിക് മതങ്ങളുടെ അടിസ്ഥാനമായ ഇസ്ലാമിൻ്റെ ക്രിസ്ത്യ ,യഹൂദ ഭേദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആധുനിക ഇറാൻ ഏറെക്കുറേ ആര്യന്മാരും സൗരാഷ്ട്രമതക്കാരുമായിരുന്നു.
റോമക്കാരുമായുള്ള യുദ്ധപരമ്പരകളാണ് പ്രധാന ചരിത്രം .
11 : അറേബ്യ : ഏറ്റവും ശ്രദ്ധേയമായ കാര്യം , അറേബ്യ പ്രത്യേകിച്ച് ഏതെങ്കിലും സാമ്രാജ്യത്തിൻ്റെ കീഴിലായിരുന്നില്ല , പൊതു ദേശീയബോധം ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിതമായ മത വിശ്വാസം ഉണ്ടായിരുന്നില്ല. സ്വന്തമായ തത്വശാസ്ത്രമോ ഉണ്ടായിരുന്നില്ല .സ്ഥായിയായ ഭൗതിക വിഭവങ്ങൾ ഉണ്ടായിരുന്നില്ല. അസാന്മാർഗിക പ്രവർത്തികൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. അറബികൾ സഞ്ചാര പ്രിയരായ വ്യാപാരികളും ക്ഷിപ്രകുപിതരായ പോരാളികളും തന്ത്രജ്ഞരായ ഗ്രാമീണരുമായിരുന്നു .ഒപ്പം തന്നെ , അവർ സ്വാധീനക്കപ്പെടാത്ത ,തെളിഞ്ഞ ബുദ്ധിയുള്ളവരും അപാരമായ ഓർമ്മ ശക്തിയുള്ളവരും സ്നേഹിച്ചതിന് വേണ്ടി സമർപ്പണം ചെയ്യുന്നവരുമായിരുന്നു.
12: ആഫ്രിക്കയിൽ അക്കാലത്ത് ഏകദേശം 15 മില്യൺ ആളുകളുണ്ടായിരുന്നു. പക്ഷെ ,രേഖപ്പെടുത്തപ്പെട്ട ചരിത്രം കുറവാണ്.
NB : അന്ത്യപ്രവാചകൻ എന്ത് കൊണ്ട് ഹിജാസിൽ നിന്നാരംഭിച്ചു എന്ന ചർച്ചയിൽ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം , പ്രസ്തുത ചോദ്യത്തിൻ്റെ ഭൗതിക പ്രതലം രൂപപ്പെടുന്നത് ഡമോക്രാറ്റിക് ദേശീയ സങ്കൽപ്പത്തിൽ നിന്ന് കൊണ്ടാണ്. ഇസ്ലാം ഭൂമിയെ മുഴുവൻ ഒരൊറ്റ ദേശീയതയുള്ള ദേശമായി കാണുന്ന പ്രത്യയശാസ്ത്രവും അന്ത്യപ്രവാചകൻ അതിൻ്റെ പ്രചാരകനുമായിരുന്നു. അതായത് , പ്രസ്തുത ചോദ്യം ഇല്ലാതാക്കാനായിരുന്നു പ്രവാചക നിയോഗത്തിൻ്റെ രാഷ്ട്രീയ താൽപര്യം എന്നർത്ഥം .
ഈ നാഗരിക മണ്ഡലങ്ങളുടെ മധ്യം അറേബ്യയാണ് എന്നത് നാഗരികയാഥാർത്ഥ്യമാണ്. മെസപ്പെട്ടോമിയ, ബാബിലോണിയ ,മംഗോളിയ ,സൈബീരിയ ,
ഇന്ത്യ ,ചൈന , പേർഷ്യ ,റോമൻ ബൈസൻ്റയിൻ തുടങ്ങിയ ഏറ്റവും ജനനിബിഢ നാഗകരിക കേന്ദ്രങ്ങളിലേക്ക് മക്ക – മദീനയിൽ നിന്നും കരമാർഗമെത്താം .മിഡിലീസ്റ്റ് കടന്നാൽ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമെത്താം. ഹിജാസ്, നാഗരിക സമ്പർക്കങ്ങളുടെയും പോക്കുവരവുകളുടെയും പൊതുപാതയാവുന്നത് അങ്ങനെയാണ്. ആഫ്രിക്ക – യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കടൽമാർഗം അറബികൾക്ക് കച്ചവട ബന്ധം ഉണ്ടായിരുന്നു. സിൽക്ക് റൂട്ട് വഴി ചൈനീസ് പ്രവിശ്യകളിലേക്കും അവരെത്തിയിരുന്നു ,തിരിച്ചും മറിച്ചും.
അന്ത്യപ്രവാചകത്വം നീണ്ടുനിന്ന കേവലം 23 വർഷങ്ങളിലെ അവസാന പത്ത് വർഷങ്ങൾ അറേബ്യയിൽ നിന്നും തിളങ്ങിക്കത്തിയ ഇസ്ലാം എകദേശം അതേസമയം തന്നെ യൂറോപ്യരും ദക്ഷിണേഷ്യക്കാരും ആഫ്രിക്കക്കാരും കാണാനിടയായത് അത് കൊണ്ടാണ്.
ആ വെളിച്ചവുമായി പ്രവാചകൻ്റെ പ്രിയസഖാക്കൾക്ക് മനുഷ്യരുള്ളേടങ്ങളിലേക്ക് ഒറ്റക്കുതിരപ്പുറത്തും പായക്കപ്പലിലും കയറി പടരാനായത് അവർക്ക് ആദ്യമേ നിശ്ചയമുണ്ടായിരുന്ന വ്യാപാരപാതകൾ മുഖേനെയായിരുന്നു.
മക്കയിലെ പീഢനങ്ങൾ സഹിക്കാനാവാതെ 40 അംഗസംഘം ആഫ്രിക്കയിലെ എത്യോപ്യ ലക്ഷ്യം വെച്ചെത്തിയതും , മക്കയിലെ വ്യാപാരിയായിരുന്ന അബൂസുഫ്യാൻ ജറൂസലമിൽ വെച്ച് ഹെറാക്ലീസിനോട് സംസാരിച്ചതും പ്രവാചക കാലത്തിന് തൊട്ടുടനെ സഅദുബിൻ അബീവഖാസ് ചൈനയിലെത്തിയതും താരിഖ് ബിൻസിയാദ് സ്പെയിൻ കീഴടക്കിയതുമൊക്കെ ആ തലത്തിൽ നിന്ന് കൂടിവേണം വായിക്കാൻ .
മൂന്നാമതായി , അറേബ്യ മധ്യമാവുന്നത് യുഗനൈരന്തര്യത്തിൻ്റെ സ്ഥിരത പരിഗണിച്ചിട്ട് കൂടിയാണ്.Civilized Spacious Circle ൻ്റെ മധ്യമായത് പോലെ Civilized Time Circle ൻ്റെമധ്യവുമാണ് അറേബ്യ.
നാം ചർച്ച തുടങ്ങിയ ചോദ്യം എന്തായിരുന്നു ?
അല്ലാഹു എന്ത് കൊണ്ടാണ് അന്ത്യപ്രവാചകനെ മക്കയിലേക്ക് പറഞ്ഞയച്ചത് എന്നായിരുന്നു.
അല്ലാഹു ,ഏഴാം നൂറ്റാണ്ട് മുതൽ കാലാവസാനം വരെ അവശേഷിപ്പിക്കുവാൻ നിശ്ചയിച്ച നാഗരികത അറേബ്യൻ വിശ്വാസ നാഗരികതയാണ്. അതിനാൽ ,അല്ലാഹു തൻ്റെ ദിവ്യദൂത് അറബികളിലൂടെ സമ്പൂർണ്ണമാവാനുള്ള ഭൂമിശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ പശ്ചാത്തലങ്ങൾ ഒരുക്കുകയായിരുന്നു .
നാം മുകളിൽ എണ്ണിയ15 കോടി മനുഷ്യരുടെ ഒരു നാഗരികതയും ഇന്ന് ലോകത്ത് സജീവമായി അവശേഷിക്കുന്നില്ല. സ്വന്തമായ ലിപികൾ പോലുമുണ്ടായിരുന്ന നാഗരികതകൾ പോലും മണ്ണടിഞ്ഞുപോയി. സാമ്രാജ്യങ്ങൾ തകർന്നുപോയി. അന്നത്തെ ലോക രാഷ്ട്രീയത്തിലെ ‘ അമേരിക്കയും റഷ്യയുമായിരുന്ന ‘ ബൈസൻ്റയിനും സസാനിയനും ഇസ്ലാമിൻ്റെ പുരുഷസ്വരൂപമായ ഉമറുൽ ഫാറൂഖിൻ്റെ മുമ്പിൽ തന്നെ നിലംപൊത്തി. ആ ദൗത്യത്തിൽ വാക്കും വാളും ഇടപെട്ടിട്ടുണ്ട്. ഡമോക്രസിയിലെ വാൾ പരിശുദ്ധവും തിയോക്രസിയിലെ വാൾ മലിനവും എന്ന് ചിന്തിക്കുന്നവർ തുടർന്ന് വായിക്കണമെന്നില്ല .
യൂറോപ്പ് ഒട്ടനേകം അടിസ്ഥാനങ്ങളിലൂടെ മാറിമാറി അട്ടിമറിക്കപ്പെട്ടു. ചൈനയിലെ വായു മതവിശ്വാസത്തേക്കാൾ അവിശ്വാസത്തിന് വഴങ്ങിപ്പോയി. അങ്ങനെയൊക്കെ ഭദ്രതയില്ലാത്ത ഇടങ്ങളിൽ അന്ത്യനാളോളം ചാരിത്ര്യം ഭജ്ഞിക്കപ്പെടാൻ പാടില്ലാത്ത ചരിത്രങ്ങളും പ്രമാണങ്ങളും അവതരിപ്പിക്കാൻ സർവജ്ഞനായ അല്ലാഹു എന്തേ തയ്യാറായില്ല എന്ന് ചോദിച്ചാൽ ,ആ ചോദ്യം രൂപപ്പെടുന്ന അജ്ഞത അവരുടെ മാത്രം യോഗ്യതയാണെന്ന് മാത്രമേ മറുപടി പറയാനൊക്കുകയുള്ളൂ. അറബ് ലോകത്ത് പ്രമാണങ്ങൾ ക്രോഡീകൃതമാവുന്ന വഴികളിൽ വിപ്ലവങ്ങൾ നടന്നിട്ടില്ല. എന്നല്ല ,നടന്ന പല വിപ്ലവങ്ങളും പ്രമാണങ്ങളുടെ സുരക്ഷിതത്വത്തെ ചൊല്ലിയുള്ള പ്രതിബദ്ധതകളുടെ മൽസര്യങ്ങളായിരുന്നു താനും .
നാല് :
എന്നാലും നേരെ ചിന്തിക്കുന്നവർക്ക് പോലും ഒരു ചോദ്യം ബാക്കിയാവും.
മിഡിലീസ്റ്റ് ഓകെ ,പക്ഷെ മക്ക – മദീന തന്നെയാവണം എന്നതിൻ്റെ പൊരുൾ എന്തായിരിക്കും.
മുസ്ലിം സമൂഹം ഏറെ ചിന്തിക്കേണ്ട ഒരു തത്വം ഇവിടെയാണുള്ളത്.
അല്ലാഹു അങ്ങനെയായിരുന്നു തീരുമാനിച്ചത് എന്ന ഒരേയൊരുത്തരത്തിൻ്റെ ചുവട്ടിൽ രണ്ട് പൊരുളുകൾ നമുക്ക് കണ്ടെത്താം.
ഒന്ന്:
അല്ലാഹു ഭൂമിയിൽ സ്ഥാപിച്ച ആദ്യ ആത്മീകഗേഹം മക്കയിലെ കഅബാലയമാണ്. സ്വർഗഭൃഷ്ടരായ ആദി മാതാപിതാക്കൾ സന്ധിച്ച് മനുഷ്യനാഗരികത ആരംഭിച്ചതും സെമിറ്റിക് ദർശന പ്രകാരം മക്കയിലാണ്. അബ്രഹമിക് സംസ്ക്കാരങ്ങളുടെ പിതാവായ പ്രവാചകൻ ഇബ്റാഹീം (അ) തൻ്റെ പിൽക്കാല പുത്രനായ് പ്രാർത്ഥിച്ചത് മക്കയിലാവണം എന്നാണ്. അതിനാൽ ,ആ മതദർശനത്തിൻ്റെ സമ്പൂർത്തീകരണവും മക്കയിൽ വെച്ചാവുക എന്ന അല്ലാഹുവിൻ്റെ സൗന്ദര്യബോധമാണ് മുഹമ്മദീയതയുടെ മക്കാരംഭം . മുഹമ്മദ് (സ്വ) യുടെ ആരംഭം നേരത്തെ ആരംഭിച്ച് തുടർന്ന് വരികയായിരുന്നതിൻ്റെ അവസനാമായിരുന്നു.
രണ്ട്:
ഇസ്ലാം പ്രചരിപ്പിക്കാൻ ,പ്രതിരോധിക്കാൻ , ആദർശ ധീരത കാണിക്കാൻ സ്ഥലകാല പരിഗണനകളില്ലാതെ സംസാരിക്കുന്നവരും കച്ചവട താൽപര്യാർത്ഥം
സ്വന്തത്തിന് പരിക്കേൽക്കാതെ , ഇസ്ലാമിനെ പരിക്കേൽക്കാൻ വിട്ട് കൊടുക്കുന്നവരും ശ്രദ്ധിക്കുക .
ഇസ്ലാമിന് ഉപകാരമില്ലാത്ത തർക്ക സാധ്യതകളിൽ നിന്നും പരമാവധി മാറി നിൽക്കുക ,ഇസ്ലാമിനെ മാറ്റിനിർത്തുക എന്നതാണ് മുഹമ്മദീയ രിസാലതിൻ്റെ സ്വഭാവം എന്ന് പഠിപ്പിക്കാനാണ് മിഡിൽ ഈസ്റ്റിലെ മറ്റ് പ്രദേശങ്ങളെ ഒഴിവാക്കി അന്ത്യപ്രവാചകൻ മക്കയിൽ തുടങ്ങിയത്.
അറേബ്യക്ക് വെളിയിൽ മറ്റ് മതങ്ങളോ തത്വശാസ്ത്രങ്ങളോ ജനജീവിതത്തെ ശക്തമായി സ്വാധീനിച്ചിരുന്നു.
തുഛമെങ്കിലും മിച്ചമുള്ള യൂറേഷ്യൻ ബൗദ്ധികത അക്കാലത്ത് സോക്രട്ടീസ് ,അരിസ്റ്റോട്ടിൽ ,പ്ലാറ്റോ തുടങ്ങിയവരുടെ യവനദർശനത്തിന് കീഴിലായിരുന്നു. പേർഷ്യ മുസ്ദിക്കിൻ്റെയും സറാദഷ്തിൻ്റെയും തത്വശാസ്ത്രത്തിനും. ഇന്ത്യ വൈദികനിഷ്ഠമായ വിഗ്രഹപൂജയുടെയും ആഫ്രിക്ക സാംസ്ക്കാരികവന്യതയുടെയും നടുക്കടലായിരുന്നു. എന്നാൽ അറേബ്യ നടേ പറഞ്ഞത് പോലെ കൃത്യമായ ഒരു തത്വശാസ്ത്രത്തിനോ ദേശീയതക്കോ കീഴിലായിരുന്നില്ല .അത് കൊണ്ട് തന്നെ വലിയ താത്വിക – രാഷ്ട്രീയ തർക്കങ്ങളില്ലാതെ തന്നെ സത്യവിശ്വാസം ഹൃദയങ്ങളിൽ വിതക്കാൻ പ്രവാചകർ (സ്വ)ക്ക് സാധിച്ചു. അവിടെ ,വിഗ്രഹപൂജയുടെ കൊടുമ്പിരിയായിരുന്നുവെങ്കിലും അവർക്ക് ‘അല്ലാഹുവിശ്വാസത്തെ ‘ നേരത്തെ പരിചയമുണ്ടായിരുന്നു. വിശ്വാസ സംസ്ഥാപനത്തിന് ശേഷമേ വിജ്ഞാന വിന്യാസം ഫലം പ്രാപിക്കുകയുള്ളൂ എന്ന വലിയ പാഠമാണത്. അങ്ങനെ വിശ്വസിച്ചവർക്ക് പിന്നീട് ലോകതത്വശാസ്ത്രങ്ങളെ എളുപ്പത്തിൽ അതിജയിക്കാനും കഴിഞ്ഞു.
ഇവിടെ മറ്റൊരു കാര്യം ,ഏക ദൈവ വിശ്വാസികൾ തന്നെ നിലവിലുണ്ടായിരുന്ന പ്രദേശങ്ങളെ ഒഴിവാക്കിയാണ് മക്ക തെരെഞ്ഞെടുക്കപ്പെടുന്നത്. കാരണം ആ പ്രദേശങ്ങളിൽ മറ്റ് സ്ഥാപിത തത്വശാസ്ത്രങ്ങൾ സജീവമായിരുന്നു. ഈജിപ്തിലെ ATENISM , ഗ്രീക്കുകാരിൽ തന്നെയുള്ള XENOPHANISM ,PLOTINUS , അമേരിക്കാർക്കിടയിലെ CHEROKEE , ഏഷ്യാ ഓഷ്യാനയിലെ ” Io ” , lhoiho” ദർശനങ്ങൾ ,എന്നല്ല ഹൈന്ദവ ,ബൗദ്ധ ശാസ്ത്രങ്ങളിലൊക്കെ അപരിശ്കൃതമായ ഏകദൈവ വിശ്വാസം ഉണ്ടായിരുന്നു .
തർക്കവൽക്കരിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ഇസ്ലാമിനെ കാത്തത് , നബിമക്കയിൽ വന്നത് വഴി വീണ്ടും കാണാം .
ഇസ്രായേലീ പ്രവാചകന്മാരുടെ തട്ടകമായിരുന്ന ജോർദ്ദാൻ ,ഈജിപ്ത് ,സിറിയ ,ലബനൻ തുടങ്ങിയ ഇടങ്ങളിലോ അല്ലെങ്കിൽ മറ്റ് അറബീ പ്രവാചകന്മാരായ സ്വാലിഹ് ,ഹൂദ് ,അയ്യൂബ് (അ) മിൻ്റെ പ്രദേശങ്ങളായ ഇന്നത്തെ ഗൾഫ് ബെൽറ്റിലോ ദുൽകിഫ്ൽ (അ) മിൻ്റെ നാടായ അഫ്ഗാൻ – പാകിസ്ഥാനിലോ ഒക്കെ ആയിരുന്നു അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ) ഖുർആനുമായി തുടങ്ങിയത് എങ്കിൽ , ഖുർആൻ പൂർവ്വീക വേദങ്ങളുടെ അപഹരണമാണ് എന്ന് ശത്രുക്കൾക്ക് ശക്തമായി ഉന്നയിക്കാമായിരുന്നു. ഖുർആൻ ക്രോഡീകരണത്തിൻ്റെ വിശ്വാസ്യതയെ അത് സാരമായി ബാധിക്കുകയും ചെയ്യും.
ഇതൊന്നുമല്ലാഞ്ഞിട്ട് കൂടി , പേർഷ്യൻ വ്യാപാരിയായ നള്റു ബിൻ ഹാരിസ് പറഞ്ഞു കൊടുക്കുന്ന കഥകളാണ് ഖുർആൻ എന്ന് ആദ്യകാലത്ത് ചില മക്കീ സംഘ് പരിവാറുകാർ ആക്ഷേപിച്ചിരുന്നു.
മറ്റൊന്ന് ,മുൻ വിശ്വാസങ്ങളുടെയോ തത്വാചാര്യന്മാരുടെയോ ആശീർവാദവും പിൻബലവുമുള്ള ആചാരങ്ങളെ തുടക്കത്തിൽ എതിർത്താൽ സാമൂഹിക കലാപമുണ്ടാവും.
ദത്ത് പുത്രന്മാരെ സംബന്ധിച്ച ഇസ്ലാമിൻ്റെ പുതിയ നിയമനിർമ്മാണം സൃഷ്ടിച്ച അപശ്രുതികൾ ഉദാഹരണം.
എന്നാൽ ,പ്രായോഗികമായി ഏറ്റവും എളുപ്പമുള്ള കേന്ദ്രത്തിലേക്കാണ് നബി (സ്വ) നിയുക്തനായത് എന്നല്ല ഇതിൻ്റെയൊന്നും അർത്ഥം. പ്രത്യുത ,അനാവശ്യ സംഘർഷങ്ങളും തർക്കങ്ങളും പരമാവധി കുറക്കാനുതകുന്ന സാഹചര്യം എന്നാണർത്ഥം.
അറബികൾക്ക് തത്വശാസ്ത്രവും ദേശീയതയും പരിചയമില്ല എന്ന് പറഞ്ഞാൽ മുൻധാരകളാൽ സ്വാധീനക്കപ്പെടാത്തവരായിരുന്നു എന്നാണ്. അവരുടെ മൗലികമായ ബൗദ്ധിക മികവ് കാരണം മറ്റു തത്വശാസ്ത്രങ്ങൾക്ക് അവരെ കീഴ്പ്പെടുത്താൻ കഴിഞ്ഞിരുന്നില്ല .ഇസ്ലാമിന് കഴിയുകയും ചെയ്തു.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ച് , ലോക നാഗരികതകളും സാഹിത്യങ്ങളും കണ്ട അറബികൾ അവയെ ഏറ്റെടുക്കാതെ ഉറച്ചു നിന്നു. പക്ഷെ ,മുഹമ്മദിൻ്റെ (സ്വ) കയ്യിൽ ഹൃദയങ്ങൾ തുറക്കാനുള്ള താക്കോൽ ഉണ്ടായിരുന്നു.
അറബികളെ മറികടന്നാൽ ലോകബൗദ്ധികതയെ എളുപ്പത്തിൽ മറികടക്കാമായിരുന്നു , ആ അടിസ്ഥാന പ്രക്രിയ മുഹമ്മദ് (സ്വ) ചെയ്തു തീർത്തു .
ഏറ്റവും മാരകമായി അവതാളത്തിലായ ഒരു ജനതയെ സമുദ്ധരിച്ച് തുടങ്ങാനായിരുന്നല്ലോ നിയോഗം.പൂർണ്ണമായി ഇഴപിന്നിയ പുടവയെ മാറ്റി നെയ്തെടുക്കുകയായിരുന്നു നബി(സ്വ) .
തത്വശാസ്ത്രങ്ങൾ പരിചയമില്ലാതെ , നാനൂറോളം ദൈവങ്ങളെ ആരാധിക്കുമ്പോഴും വ്യവസ്ഥാപിതമായ വൈദികതയില്ലാതെ , ദേശീയബോധം തൊട്ടുതീണ്ടാതെ, വംശീയ -ഗോത്രമഹിമകളിൽ മനസ്സുടഞ്ഞ ,മറ്റു സമൂഹങ്ങളെ അതിജയിക്കാനുതകുന്ന സ്വന്തമായി ധാതുവിഭവം പോലുമില്ലാതിരുന്ന – എന്നാൽ ഏറ്റവും കുശാഗ്ര ബുദ്ധിയും ഹൃദയബലവും ഉണ്ടായിരുന്ന ജനതയെയായിരുന്നു തിരുപ്രവാചകർ (സ്വ) മാസങ്ങൾക്കകം ബഹിരാകാശവും കടൽത്തട്ടും പോയകാലങ്ങളും പരലോക വിശേഷങ്ങളും സൽപെരുമാറ്റങ്ങളും പഠിപ്പിച്ച് ജീവനുള്ള രത്നങ്ങളാക്കിയത്. അതാണല്ലോ പൂർണ്ണതയുടെ പൂർണ്ണിമ .
സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: