X

സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി ലാഭിക്കാന്‍ പത്ത് വഴികള്‍

ലാപ്‌ടോപ്പായാലും സ്മാര്‍ട്ട്‌ഫോണായാലും ബാറ്ററിയാണ് പലപ്പോഴും വില്ലനാകുന്നത്. ആന്ദ്രോയ്ഡ്, ഐ ഒഎസ്, വിന്‍ഡോസ്, സിംബയന്‍ ഫോണുകളില്‍ കണ്ണഞ്ചിക്കുന്ന പലതരത്തിലുള്ള ആപ്പുകള്‍ കാണാമെങ്കിലും അവയില്‍ മിക്കതും ബാറ്ററി കുടിച്ചു തീര്‍ക്കുന്നതില്‍ മുമ്പന്‍മാരാണ്. എന്നാല്‍ സുദീര്‍ഘമായ ബാറ്ററി സമയം വാഗ്ദാനം ചെയ്യുന്ന ഫലപ്രദമായ ആപ്ലിക്കേഷനുകള്‍ ഇല്ല എന്നു തന്നെ പറയാം. എങ്ങനെ ഉപയോഗിച്ചാലും ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ, സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒറ്റ വഴിയേ നമുക്കു മുന്നിലുള്ളൂ. ബാറ്ററി ലാഭിക്കാനുള്ള പത്ത് വിദ്യകള്‍ ഇതാ…

1. വൈബ്രേഷന്‍ ഓഫ് ചെയ്യുക: സാധാരണ റിംഗ്‌ടോണിനൊപ്പം വൈബ്രേഷന്‍ കൂടി ഓണ്‍ ആക്കിയിടുന്നത് ഫോണ്‍ ബാറ്ററി വേഗത്തില്‍ തീരാനിടയാക്കും. റിംഗ്‌ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന് ആവശ്യമാണ്. സ്‌ക്രീന്‍ ടച്ച് ചെയ്യുമ്പോള്‍ വൈബ്രേഷന്‍ ഒരു അലങ്കാരമായി കാണരുത്. അതും ബാറ്ററി വറ്റിക്കും.

2. സ്‌ക്രീന്‍ലൈറ്റ്, ബ്രൈറ്റ്‌നെസ് കുറക്കുക: സ്‌ക്രീനിന് കൂടുതല്‍ വെളിച്ചം ഉപയോഗിക്കുന്നത് ബാറ്ററി കൂടുതല്‍ ചെലവാകാനിടയാക്കും. ഏറ്റവും കൂടിയ ബ്രൈറ്റ്‌നസ് സെറ്റ് ചെയ്യുമ്പോള്‍ മിക്ക ഫോണിലും ഈ മുന്നറിയിപ്പ് വരാറുണ്ട്. ഫോണില്‍ ഓട്ടോ ബ്രൈറ്റ്‌നസ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതാണ് ഉത്തമം.

3. സ്‌ക്രീന്‍ ടൈംഔട്ട് കുറക്കുക: ഉപയോഗിക്കാത്ത സമയത്ത് സ്‌ക്രീനില്‍ വെളിച്ചം തങ്ങിനില്‍ക്കുന്ന സമയം കുറക്കുക. സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറച്ചാല്‍ ബാറ്ററി ലാഭിക്കാം. ഓരോ തവണയും ഉപയോഗം കഴിഞ്ഞയുടനെ സ്‌ക്രീന്‍ ഓഫ് ചെയ്യുന്നതും നല്ലതാണ്.

4. ആവശ്യമല്ലെങ്കില്‍ ഓഫ് ചെയ്യുക: മണിക്കൂറുകള്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ അത് ഓഫ് ചെയ്യുന്നതാണ് നല്ലത്. സ്ലീപ്പ്, ഇനാക്ടീവ് മോഡുകളില്‍ ഇടുന്നതിനേക്കാള്‍ ബാറ്ററി ലാഭിക്കാന്‍ ഇതുകൊണ്ട് കഴിയും. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ദീര്‍ഘനേരത്തെക്ക് കയറുമ്പോള്‍ ഓഫ് ചെയ്യാം.

5. ചാര്‍ജ്ജിംഗ് ശരിയായ രീതിയില്‍ : ബാറ്ററി ശരിയായ രീതിയില്‍ മാത്രം ചാര്‍ജ് ചെയ്യുക. ലിഥിയം ഓണ്‍, നിക്കല്‍ ബാറ്ററികളാണ് പൊതുവെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാറുള്ളത്. ഇവ രണ്ടും തമ്മില്‍ കാതലായ വ്യത്യാസമുണ്ടെങ്കിലും ദിവസത്തില്‍ ഒരുതവണ എന്ന രീതിയില്‍ ചാര്‍ജ് ചെയ്യാം. ബാറ്ററി 20 ശതമാനത്തില്‍ കുറഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് 100 ശതമാനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. ചാര്‍ജര്‍ കൈവശമുണ്ടെന്ന് കരുതി എല്ലായ്‌പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്അപ്പ് ശേഷി നശിപ്പിക്കും.

6. ഒരേസമയം പല ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്ന ‘മള്‍ട്ടി ടാസ്‌കിംഗ് കപ്പാസിറ്റി’യാണ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു പ്രധാന പ്രത്യേകത. ബാറ്ററി കുടിച്ചുവറ്റിക്കുന്ന പ്രധാന വില്ലനും ഇതുതന്നെ. അതിനാല്‍ തുറക്കുന്ന ആപ്പുകള്‍ ഉപയോഗം കഴിഞ്ഞയുടന്‍ പൂര്‍ണമായി ക്ലോസ് ചെയ്യുക. ഇതിനായി അഡ്വാന്‍സ്ഡ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം.

7. ജിപിഎസ് പ്രവര്‍ത്തന രഹിതമാക്കുക: ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന ജി.പി.എസ് സംവിധാനം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫാക്കിയിടുക. സാറ്റലൈറ്റുകളിലേക്ക് ഡാറ്റ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനമാണല്ലോ ജി.പി.എസ്. കോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജം പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. ഫോണ്‍ ആക്ടീവ് അല്ലാത്തപ്പോഴും ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജിപിഎസ് ബാറ്ററി കുടിക്കുന്നത് നമ്മള്‍ അറിയില്ല.

8. ബ്ലൂടൂത്ത്, വൈഫൈ, 3ജി/4ജി പ്രവര്‍ത്തന രഹിതമാക്കുക: ആവശ്യമില്ലാത്ത സമയങ്ങളില്‍ ബ്ലൂടൂത്ത്, വൈഫൈ, 3ജി അല്ലെങ്കില്‍ 4ജി സൗകര്യം പ്രവര്‍ത്തന രഹിതമാക്കുന്നത് ബാറ്ററി ലാഭിക്കാന്‍ നല്ലതാണ്. കണക്ഷന്‍ ഇല്ലാത്ത സമയങ്ങളില്‍ ഇവ സ്വയം തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കും. ഇത് ബാറ്ററി നഷ്ടപ്പെടാനിടയാക്കും.

9. ചൂടാവാതെ ശ്രദ്ധിക്കുക: സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പഥ്യം ചൂടില്ലാത്ത അവസ്ഥയാണ്. അതിനാല്‍ തുടര്‍ച്ചയായി ഉപയോഗിച്ച് ചൂടാക്കാതിരിക്കുക. ഫോണ്‍ ചൂടായെന്നു കണ്ടാല്‍ കുറച്ചുനേരം ഉപയോഗരഹിതമാക്കി വെക്കുക. അതുപോലെ സൂര്യതാപം നേരിട്ട് പതിക്കാത്ത രീതിയിലും ചൂടുള്ള യന്ത്രങ്ങളുടെ സമീപത്തും വെക്കരുത്.

10. ആപ്പുകള്‍ ക്ലോസ് ചെയ്യുക: പല ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് മിക്കവാറും എല്ലാ സ്മാര്‍ട്ട് ഫോണുകളിലുമുള്ളത്. ഒരു ആപ്പ് തുറന്ന ശേഷം മറ്റൊന്നിലേക്ക് പോവാന്‍ അധികമാളുകളും ഉപയോഗിക്കുന്ന രീതി നേരെ ഹോം ബട്ടണ്‍ അമര്‍ത്തുകയാണ്. ഇത് തെറ്റാണ്. ഉപയോഗിക്കുന്ന ആപ്പില്‍ നിന്ന് ബാക്ക് സ്വിച്ച് അമര്‍ത്തി ഹോം സ്‌ക്രീനില്‍ എത്തുന്നതാണ് ശരിയായ രീതി. പല ആപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴുള്ള ബാറ്ററി നഷ്ടം തടയാന്‍ ജ്യൂസ് ഡിഫെന്‍ഡര്‍ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഓഫ് ആകുന്നതോടെ ബാക്ക്ഗ്രൗണ്ടിലുള്ള പ്രവര്‍ത്തനം നിശ്ചലമാക്കുന്നതാണ് ഇത്തം ആപ്ലിക്കേഷനുകള്‍.

ഓപ്പണ്‍ എയറില്‍ വെക്കുക: കുടുസ്സായ ഇടങ്ങളില്‍ ഫോണ്‍ വെക്കുന്നത് ഫോണ്‍ ചൂടാകാനും റേഞ്ച് കണ്ടെത്തുന്നതിനായി കൂടുതല്‍ ആയാസപ്പെടാനും ഇടയാക്കും. ഇത് ബാറ്ററിയെ ബാധിക്കും. യാത്ര ചെയ്യുമ്പോഴും മറ്റും ഫോണ്‍ കൈയില്‍ വെക്കുന്നതാണ് നല്ലത്. ബാഗിലും ജീന്‍സ് പോക്കറ്റിലും ഇടുന്നത് ഒഴിവാക്കാം.

Web Desk: