X

കങ്കാരുക്കളെ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക സ്‌റ്റെയിന് പരിക്ക്

സിഡ്‌നി: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡ് പ്രതീക്ഷിച്ച ഓസീസിന് കാലിടറി. ആദ്യ ഇന്നിങ്‌സില്‍ കേവലം രണ്ട് റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസീസിന് നേടാനായത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടിന് 104 എന്ന നിലയിലാണ്. 34 റണ്‍സുമായി ജീന്‍ പോള്‍ ഡുമിനിയും 46 റണ്‍സുമായി ഡീന്‍ എല്‍ഗറുമാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയുടെ 242 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ 244 റണ്‍സിന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ വെര്‍നന്‍ ഫിലാന്തറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജുമാണ് ഓസീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. വിക്കറ്റ് നഷ്ടം കൂടാതെ 105 എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച കങ്കാരുക്കളുടെ പ്രതിരോധം 70.2 ഓവറില്‍ 244 റണ്‍സിന് അവസാനിക്കുകയായിരുന്നു. 158 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉയര്‍ത്തിയതിന് ശേഷമാണ് ഓസീസിന്റെ ഈ തകര്‍ച്ച. ഓസീസിനായി ഓപ്പണര്‍മാരായ വാര്‍ണര്‍ 97 റണ്‍സെടുത്തപ്പോള്‍ മാര്‍ഷ് 63 റണ്‍സുമെടുത്തു. ഉസ്്മാന്‍ ക്വാജ (4), ക്യാപ്റ്റന്‍ സ്മിത്ത് (0) ആദം വോഗ്‌സ് (27) മിച്ചല്‍ മാര്‍ഷ് (0) പീറ്റര്‍ നെവില്‍ (23), മിച്ചല്‍ സ്റ്റാര്‍ക്ക് (0) ഹസില്‍ വുഡ് (4), നഥാന്‍ ലിയോണ്‍ (0) പീറ്റര്‍ സിഡല്‍ (18*) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി കഗിസോ റബാദ മൂന്നും സ്‌റ്റെയിന്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച പ്രോട്ടീസ് ആദ്യ ഇന്നിങ്‌സിനു സമാനമായ രീതിയില്‍ തകരുകയാണെന്നു തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഡുമിനിയും എല്‍ഗറും കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടാം ദിനം പൂര്‍ത്തിയാക്കി. സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് തീര്‍ക്കുന്നതിനിടെ ഓപണര്‍ സ്റ്റീഫന്‍ കുക്കിനെ (12) സിഡില്‍ പുറത്താക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ട വിശ്വസ്ത ബാറ്റ്‌സ്മാന്‍ ഹാഷിം ആംല രണ്ടാം ഇന്നിങ്‌സിലും ഒരു റണ്‍ എടുത്ത് പുറത്തായി. എട്ട് വിക്കറ്റുകള്‍ കയ്യിലിരിക്കെ സന്ദര്‍ശകര്‍ക്ക് 102 റണ്‍സിന്റെ ലീഡാണുള്ളത്. അതേ സമയം തോളിന് പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഡെയില്‍ സ്റ്റെയിന്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയത് ദക്ഷിണാഫ്രിക്കയ്ക്ക് കനത്തയടിയായി.

chandrika: