X

നൈജീരിയയില്‍ ചാവേറാക്രമണം; 18 മരണം

 

മെയ്ദുഗുരി: വടക്കന്‍ നൈജീരിയയില്‍ നാല് വ്യത്യസ്ത ചാവേറാക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. മുന ഗാരിയിലെ ഒരു പ്രാര്‍ത്ഥനാ പരിപാടിക്കുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും നുഴഞ്ഞുകയറി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മെയ്ദുഗുരിയും സമീപ പ്രദേശങ്ങളും ബോകോഹറം തീവ്രവാദികളുടെ ശക്തികേന്ദ്രമാണ്. 2009ല്‍ ബോകഹോറം സായുധ പോരാട്ടം തുടങ്ങിയ ശേഷം 20,000ത്തോളം പേര്‍ കൊല്ലപ്പെടുകയും 15 ലക്ഷം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. സംഘടനക്കെതിരെ നൈജീരിയന്‍ സേന ശക്തമായ നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ തീവ്രവാദികള്‍ ആക്രമണം തുടരുകയാണ്. ഏപ്രിലിനു ശേഷം നൈജീരിയയില്‍ നടന്ന നാനൂറോളം മരണങ്ങള്‍ക്ക് ഉത്തരവാദി ബോകോഹറമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദ ഭീഷണി കാരണം ബോര്‍ണോ സ്‌റ്റേറ്റില്‍ പകുതിയിലേറെ സ്‌കൂളുകളും തുറക്കാന്‍ സാധിച്ചിട്ടില്ല.

chandrika: