X
    Categories: Video Stories

മനസ്സുണ്ട്; കേരളത്തെ സഹായിക്കാന്‍ പണമില്ലെന്ന് ആരാധകന്‍, ഒരു കോടി സംഭാവന നല്‍കി ബോളിവുഡ് താരം സുശാന്ത്

‘എന്റെ കൈയില്‍ പണമില്ല; എന്തെങ്കിലും ഭക്ഷണം സംഭാവന നല്‍കണമെന്നുണ്ട്. പക്ഷേ, എങ്ങനെ? ദയവായി പറയൂ…’ കേരളത്തിലെ പ്രളയക്കെടുതികളെപ്പറ്റിയുള്ള പോസ്റ്റിനു കീഴില്‍ വന്ന ഈ കമന്റിനോട് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് പ്രതികരിച്ചത് ഞെട്ടിക്കുന്ന വിധത്തിലാണ്.

‘താങ്കളുടെ പേരില്‍ ഞാന്‍ ഒരു കോടി രൂപ സംഭാവന ചെയ്യാം. ഇത് നേരിട്ട് ആവശ്യക്കാരിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുകയും താങ്കളാണ് ഇത് എന്നെക്കൊണ്ട് ചെയ്യിച്ചതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയും ചെയ്യാം…’

മഹേന്ദ്ര സിങ് ധോണിയുടെ ജീവചരിത്ര ചിത്രമായ ‘എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന സിനിമയിലൂടെ ആരാധകര്‍ക്കു പ്രിയങ്കരനായ സുശാന്ത്, വാക്കു പാലിക്കുക തന്നെ ചെയ്തു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിന്റെ തെളിവ് താരം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

‘നമ്മുടെ കേരളം’ എന്ന ഹാഷ്ടാഗില്‍ സുശാന്ത് പോസ്റ്റ് ചെയ്ത സന്ദേശത്തിനു കീഴിലാണ് ശുഭം രഞ്ജന്‍ എന്ന വിദ്യാര്‍ത്ഥി പണമില്ലാഞ്ഞിട്ടും കേരളത്തെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചത്. സ്വന്തം നിലക്ക് ഒരു കോടി രൂപ നല്‍കിയതിനു പുറമെ സുശാന്ത് സിങ് ദുരിതാശ്വാസ വസ്തുക്കളും മറ്റുമായി തന്റെ സുഹൃത്തുക്കളെ കേരളത്തിലേക്കയക്കുകയും കേരളത്തെ സഹായിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലേക്ക് ദുരിതാശ്വാസം നല്‍കരുതെന്ന പ്രചരണം കേരളത്തിലേതടക്കമുള്ള സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് സുശാന്തിന്റെ ഈ മഹാമനസ്‌കത. നിരവധി ബോളിവുഡ് താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നിക്ഷേപിച്ച് കേരളത്തെ സഹായിച്ചെങ്കിലും ആരാധകനു വേണ്ടി പണം നിക്ഷേപിച്ച സുശാന്ത് വേറിട്ട കാഴ്ചയായി.

ഗുജറാത്ത് കലാപം പശ്ചാത്തലമായുള്ള ‘കായ് പോ ചെ’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സുശാന്ത് ആമിര്‍ ഖാന്‍ നായകനായ ‘പി.കെ’യിലൂടെയും കയ്യടി നേടി. എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ ധോണിയെ അവതരിപ്പിച്ച സുശാന്ത് കയ്യടി നേടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: