X

ജഴ്‌സിയിലും പ്രതിഷേധം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്സിക്കെതിരെ സംഘ് പരിവാര്‍ സംഘടന രംഗത്ത്.

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ പേരുള്ള ജഴ്‌സി അണിയരുതെന്ന ആവശ്യവുമായി ആര്‍എസ്എസ് പോഷക സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ് രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജഴ്സി താരങ്ങള്‍ അണിയരുതെന്നാണ് സംഘടനയുടെ ആവശ്യം.

സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് ഒപ്പോ പുതിയ സ്‌പോണ്‍സര്‍മാരായത്. സ്റ്റാര്‍ ഇന്ത്യയേക്കാള്‍ അഞ്ച് ഇരട്ടി തുകയെറിഞ്ഞാണ് സ്പോണ്‍സര്‍ഷിപ്പ് ഒപ്പോ സ്വന്തമാക്കിയത്.

എന്നാല്‍ ചൈനീസ് കമ്പനികള്‍ ടീം ഇന്ത്യയെ വിറ്റ് ലാഭം കൊയ്യേണ്ടെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നിലപാട്. വരും ദിവസങ്ങളില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കെതിരെയും ചൈനീസ് ഉത്പന്നങ്ങളുടെ ഉപഭോഗത്തിനെതിരെയും പ്രചരണം നടത്തുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് അറിയിച്ചു.

അടുത്തിടെയാണ് 1079 കോടി രൂപയുടെ കരാറില്‍ ഒപ്പ് വച്ച് ഒപ്പോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഞ്ച് വര്‍ഷത്തെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. കരാറില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വനി മഹാജന്‍, കായിക വകുപ്പ് മന്ത്രി വിജയ് ഗോയലിന് കത്ത് അയച്ചിട്ടുണ്ട്.

ഒപ്പോയുടെ ലോഗോ പതിച്ച ജഴ്സി, ടീം അംഗങ്ങള്‍ അണിയരുതെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കത്തില്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ഏറ്റവും പ്രചാരമുള്ള കായികയിനമാണ് ക്രിക്കറ്റ്. താരങ്ങള്‍ക്ക് വന്‍പരിവേഷമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തില്‍ ഒപ്പോയെ ടീം അംഗങ്ങള്‍ ചുമന്നാല്‍ അത് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കും. ഇത് തദ്ദേശ വ്യവസായത്തിന് തിരിച്ചടി നല്‍കി ചൈനീസ് ഉത്പന്നങ്ങളുടെ വളര്‍ച്ചക്ക് ഇടയാക്കും. ഇത് സംഭവിക്കരുതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം അമേരിക്കന്‍ മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ അധീനതയിലുള്ള സ്റ്റാര്‍ ഇന്ത്യയാണ് ഇതുവരെ ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.

chandrika: