X

ദൗമയിലെ രാസായുധ പ്രയോഗം; ദയനീയ ദൃശ്യങ്ങള്‍ തുറന്നുവെച്ച് സോഷ്യല്‍മീഡിയ

ദമസ്‌കസ്: സിറിയയിലെ ദൗമയില്‍ രാസായുധ പ്രയോഗമുണ്ടായ പ്രദേശത്തുനിന്ന് സോഷ്യല്‍ മീഡിയകളും പാശ്ചാത്യ മാധ്യമങ്ങളും ലോകത്തിനു മുന്നില്‍ തുറന്നുവെച്ചത് ദനയീയ ദൃശ്യങ്ങല്‍. വായില്‍നിന്ന് നുരയും പതയുമൊലിച്ച് കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്നവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയും വെള്ളമൊഴിച്ച് ശരീരം തണുപ്പിച്ചും രാസായുധങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുടെ വീഡിയോകളും പാശ്ചാത്യ മാധ്യമങ്ങള്‍ പങ്കുവെക്കുന്നു. ചുരുങ്ങിയത് 150ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

വ്യോമാക്രമണമുണ്ടാകുമ്പോള്‍ രക്ഷപ്പെടുന്നതിനുവേണ്ടി സാധാരണക്കാര്‍ക്കായ് നിര്‍മിച്ച ഷെല്‍ട്ടറിനു സമീപമായിരുന്നു രാസായുധ പ്രയോഗം. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സ്വതന്ത്രവും സത്യസന്ധവുമാണെങ്കില്‍ സിറിയയില്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമായിരിക്കുകയാണെന്ന് അമേരിക്ക പറയുന്നു. എന്നാല്‍ സിറിയന്‍ സേന രാസായുധം പ്രയോഗിച്ചെന്ന ആരോപണം ഭരണകൂടം നിഷേധിച്ചു. തകര്‍ച്ചയുടെ വക്കിലെത്തിയ ദൗമയിലെ ജയ്ഷുല്‍ ഇസ്്‌ലാം നടത്തുന്ന നുണപ്രചാരണത്തിന്റെ ഭാഗമാണ് ഇതെന്ന് സിറിയന്‍ സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സി സന പറയുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും രാസായുധ പ്രയോഗം സ്ഥിരീകരിച്ചിട്ടില്ല. റഷ്യന്‍ സേനയുടെ പിന്തുണയോടെ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സൈന്യം ദൗമയുടെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

chandrika: