X

സിറിയ: ഭീഷണിയുമായി യു.എസ് വഴിവിട്ട കളി വേണ്ടെന്ന് റഷ്യ

 

യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ ദൂമയിലുണ്ടായ രാസാക്രമണത്തെ ചൊല്ലി അമേരിക്കയും റഷ്യയും വാക് പോര് തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര്‍ കൊല്ലപ്പെട്ട രാസായുധ പ്രയോഗം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ രണ്ടു രാജ്യങ്ങളും പരസ്പരം വെല്ലുവിളിച്ചു.
രക്ഷാസമിതി നടപടിയെടുത്താലും ഇല്ലെങ്കിലും ആക്രമണത്തിന് മറുപടി നല്‍കാന്‍ യു.എസ് തയാറാണെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. നീതി നടപ്പാക്കിയെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ട സമയമെത്തിയിരിക്കുന്നു. യു.എന്‍ രക്ഷാസമിതി ചുമതല നിറവേറ്റിയെന്നോ സിറിയന്‍ ജനതയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നോ ചരിത്രത്തിന് രേഖപ്പെടുത്തേണ്ടിവരും. എന്തു തന്നെയായാലും അമേരിക്ക പ്രതികരിക്കുമെന്ന് നിക്കി ഹാലി വ്യക്തമാക്കി. എന്നാല്‍ റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബന്‍സസിയ ശക്തമായ ഭാഷയിലാണ് ഹാലിക്ക് മറുപടി പറഞ്ഞത്. സിറിയന്‍ ഭരണകൂടത്തിനെതിരെ എന്തെങ്കിലും സൈനിക നടപടിയുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. ദൂമയില്‍ സിറിയന്‍ ഭരണകൂടം രാസാകാക്രമണം നടത്തിയെന്നത് വ്യാജ വാര്‍ത്തയാണ്. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്തേക്ക് ആയുധ പരിശോധകരെ അയക്കാന്‍ റഷ്യ തയാറാണ്. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും തന്റെ രാജ്യത്തിനെതിരെ ഭീഷണിയുടെ വാചകമടിക്കുകയാണ്. വളരെ പരുഷമായാണ് അവര്‍ പെരുമാറുന്നതെന്നും നെബന്‍സിയ കുറ്റപ്പെടുത്തി. സിറിയന്‍ പ്രശ്‌നത്തില്‍ അവര്‍ക്ക് വ്യക്തമായ നിലപാടില്ലെന്നത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ദൂമയിലെ രാസാക്രമണവുമായി ബന്ധപ്പെട്ട് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയാണ് യു.എസ്, റഷ്യ വാക്‌പോരാട്ടം വ്യക്തമാക്കുന്നത്. പതിവിന് വിപരീതമായി ഏറ്റുമുട്ടലിന്റെ ഭാഷയിലായിരുന്നു റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള സംസാരം. രാസാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തെ പ്രകോപനപരമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. സിറിയയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി പുടിന്‍ ഫോണില്‍ സംസാരിച്ചതായി റഷ്യന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സിറിയന്‍ ഭരണകൂടത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ചര്‍ച്ചാ വിഷയമായി. ട്രംപും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ശക്തമായാണ് രാസാക്രമണത്തോട് പ്രതികരിച്ചത്. സൈനിക നടപടി പരിഗണനയില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. ദൂമയിലെ രാസായുധ പ്രയോഗത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ സിറിയന്‍ ഭരണകൂടവും റഷ്യ ഉള്‍പ്പെടെ അവരെ പിന്തുണക്കുന്നവരും മറുപടി പറയേണ്ടിവരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു.
സിറിയന്‍ ഭരണകൂടത്തെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളും നിഗമനങ്ങളും അപകടകരമാണെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഓര്‍മിപ്പിച്ചു. പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തുന്നതിന് വിമതരും ഇത്തരം ആക്രമണങ്ങള്‍ നടത്താറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദൂമയില്‍ രാസായുധം പ്രയോഗിച്ചതിന് ഒരു തെളിവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്തദ്രി സെര്‍ജി ലാവ്്‌റോവും പറഞ്ഞിരുന്നു.

chandrika: