X

ആ പിതാവിനേയും മകളെയും ഇപ്പോഴും ഓര്‍മയുണ്ടോ..

തെരുവില്‍ മകളെയും തോളിലേറ്റി പേന വിറ്റു നടന്നിരുന്ന ആ പിതാവിനെ ഓര്‍മയുണ്ടോ നിങ്ങള്‍ക്ക്. ബൈക്ക് വാഹനക്കാര്‍ക്ക് പേന വില്‍ക്കാന്‍ തളര്‍ന്നുറങ്ങുന്ന മകളെ തോളില്‍ ചുമന്ന ആ രംഗം ലോകമനസ്സാക്ഷിയെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ആ പിതാവും മകളും ഇപ്പോഴെവിടെയാവും എന്നറിയാന്‍ താല്‍പര്യമില്ലേ..

സിറിയന്‍ അഭയാര്‍ത്ഥിയായ അബ്ദുല്‍ ഹാലിം അല്‍ അത്താറാണ് ഈ കഥയിലെ താരം. സിറിയയിലെ ഡമസ്‌കസില്‍ ചോക്കലേറ്റ് നിര്‍മാണ ഫാക്ടറിയില്‍ തൊഴിലാളിയായിരുന്ന അദ്ദേഹം പക്ഷെ ഡമസ്‌കസില്‍ ഒരു ജോലി പോലും കണ്ടെത്താന്‍ പാടുപെട്ടു. മകളെ ഒരിക്കല്‍ പോലും പിരിഞ്ഞിരിക്കാന്‍ വയ്യാത്ത ഹാലിമിന് ജോലി നല്‍കാന്‍ കമ്പനികളൊന്നും തയ്യാറായതുമില്ല. അങ്ങനെയാണ് ഹാലിം പേന വില്‍ക്കാന്‍ തുടങ്ങിയത്.

എന്നാല്‍, സോഷ്യല്‍മീഡിയയിലുയര്‍ന്ന ആ മുറവിളി അബ്ദുല്‍ ഹാലിമിന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിക്കുക തന്നെ ചെയ്തു.  ആ ട്വിറ്റര്‍ കാമ്പയിന്‍ 1,20,000 യൂറോയാണ് ഇവര്‍ക്കായി പിരിച്ചു നല്‍കിയത്. അത് തന്റെ കുടുംബത്തിന്റെയും തന്നോട് ബന്ധപ്പെട്ടവരുടെയും ജീവിതം മാറ്റിമറിച്ചുവെന്ന് ഹാലിം തന്നെ സാക്ഷ്യം.

ഇപ്പോള്‍ 33കാരനായ ഹാലിം മൂന്നു ബിസിനസുകളുടെ ഉടമയാണ്. ആദ്യം ഒരു ബേക്കറി ഷോപ്പ് തുറന്ന അദ്ദേഹം പിന്നീട് ഒരു കബാബ് ഷോപ്പും ഒരു ഹോട്ടലും അനുബന്ധമായി തുറന്നു കഴിഞ്ഞു. ഹാലിമിന് കീഴില്‍ 16 മറ്റു അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്.

മൂന്നു വര്‍ഷമായി സ്‌കൂള്‍ നിര്‍ത്തിയിരുന്ന ഒമ്പത് വയസുള്ള മകന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. ഒരു ബെഡ്‌റൂമുള്ള ഫ്‌ലാറ്റില്‍ നിന്നും ഇവര്‍ ബെയ്‌റൂത്തിലെ രണ്ട് ബെഡ്‌റൂമുളള അപാര്‍ട്‌മെന്റിലേക്ക് താമസം മാറിയിട്ടുണ്ട്. തനിക്ക് വേണ്ടി പിരിച്ച പണം മുഴുവനായി കിട്ടിയില്ലെങ്കിലും സന്തുഷ്ടനാണ് ഹാലിമിപ്പോള്‍. ഒത്തിരിയൊത്തിരി സന്തോഷങ്ങളുമായി ഹാലിമും കുടുംബവും ജീവിക്കുന്നു. സോഷ്യല്‍മീഡിയയിലൂടെ ജീവിതം കണ്ടെത്തിയ പലരില്‍ ഒരാളായി അവര്‍…

Web Desk: