X
    Categories: Culture

ഇംഗ്ലണ്ട് ടെസ്റ്റ്: ഗംഭീര്‍, കരുണ്‍ നായര്‍, ഹര്‍ദിക് പാണ്ഡ്യ ടീമില്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ബാറ്റസ്മാന്‍ ഗൗതം ഗംഭീറിനെ നിലനിര്‍ത്തി. ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ റിസര്‍വ് കളിക്കാരനായി ഇടംനേടിയ ഗംഭീര്‍ മൂന്നാം ടെസ്റ്റില്‍ അര്‍ധശതകം നേടി പ്രതിഭ തെളിയിച്ചിരുന്നു. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുക.

തുടയില്‍ പരിക്കേറ്റ ഓപണര്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ചിക്കന്‍ഗുനിയ കാരണം ന്യൂസിലാന്റിനെതിരായ പരമ്പര കളിക്കാതിരുന്ന ഇശാന്ത് ശര്‍മ ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്കു പകരം മറ്റാരും ടീമിലില്ലാത്തതിനാല്‍ ഗംഭീറിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും. ന്യൂസിലാന്റ് പരമ്പരയില്‍ ടീമിലുണ്ടായിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ജയന്ത് യാദവ്, മലയാളിയായ കര്‍ണാടക ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ എന്നിവരും ടീമിലുണ്ട്.

കരുണ്‍ നായര്‍, ഹര്‍ദിക് പാണ്ഡ്യ

23-കാരനായ ഹര്‍ദിക് പാണ്ഡ്യ ഇതാദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. സ്റ്റുവര്‍ട്ട് ബിന്നിയേക്കാള്‍ നല്ല പേസ്ബൗളിങ് ഓള്‍റൗണ്ടറാണ് പാണ്ഡ്യയെന്നും ഫീല്‍ഡിങിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. ഈ വര്‍ഷം ഏകദിന, ട്വന്റി 20 ടീമുകൡ ബറോഡ താരം അരങ്ങേറ്റം കുറിച്ചിരുന്നു.

നവംബര്‍ ഒന്നിന് രാജ്‌കോട്ടിലാണ് ആദ്യ ടെസ്റ്റ്. വിശാഖപട്ടണം (17-21), മൊഹാലി (26-30), മുംബൈ (ഡിസംബര്‍ 8-12), ചെന്നൈ (16-20) എന്നിവിടങ്ങളിലാണ് മറ്റ് ടെസ്റ്റുകള്‍.

ടീം:
വിരാട് കോഹ്ലി (ക്യാപ്ടന്‍), ഗൗതം ഗംഭീര്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, ഇശാന്ത് ശര്‍മ, മുരളി വിജയ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, ജയതന്ത് യാദവ്.

chandrika: