X
    Categories: Culture

മക്കയിലേക്ക് മിസൈല്‍ തൊടുത്തത് അപലപനീയം: ഹൈദരലി തങ്ങള്‍

thangal

കോഴിക്കോട്: മുസ്‌ലിം ലോകത്തിന്റെ ഖിബ്‌ലയായ മക്കയിലേക്ക് മിസൈല്‍ തൊടുത്ത യമനിലെ ഹൂഥികളുടെ ചെയ്തി അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിശുദ്ധ ഗേഹത്തെ ലക്ഷ്യം വെച്ചവര്‍ ഇസ്‌ലാമിന്റെ രക്ഷകരാണെന്ന് പറയുന്നത് വിരോധാഭാസമാണ്. ഭീകരരുടെ തനിനിറമാണ് ഇതിലൂടെ പുറത്തായതെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

സഊദി ഭരണകൂടവുമായി അഭിപ്രായ ഭിന്നതയുണ്ടെന്നത് മുസ്‌ലിം ലോകത്തിന്റെ ആരാധനാ കേന്ദ്രമായ ഖഅ്ബാലയത്തെ ലക്ഷ്യം വെക്കാന്‍ എങ്ങിനെയാണ് ന്യായീകരണമാവുക. സഊദിയുടെ ജാഗ്രതയും തന്ത്രപ്രധാന നീക്കങ്ങളുമാണ് വന്‍ അത്യാഹിതം ഒഴിവാക്കിയത്. വിശുദ്ധ ഗേഹങ്ങളുടെയും മേഖലയുടെയും സുരക്ഷ ഉറപ്പാക്കാന്‍ സഊദി ഭരണകൂടം നടപ്പാക്കുന്ന നടപടികളെ പിന്തുണക്കണം. ഐ.എസ്, ഹൂഥി തുടങ്ങിയവക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്നും അവര്‍ക്ക് പിന്നില്‍ ഇസ്‌ലാമിക വിരുദ്ധരാണെന്നും പല പഠനങ്ങളും പുറത്തുവിട്ടതാണ്. മക്കയെ ലക്ഷ്യം വെച്ചതിലൂടെ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയാണ് ഉണ്ടായത്. മനുഷ്യത്വത്തിന് വെല്ലുവിളിയായ ഭീകരതക്കെതിരെ ലോകം ഒന്നിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.

Web Desk: