X

കാര്‍ നിര്‍ത്തിയില്ല, 17കാരനെ വെടിവച്ച് കൊന്ന് പൊലീസ്; പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്

പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്. വടക്കന്‍ ആഫ്രിക്കന്‍ വംശജനായ 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പൊലീസ് ചൊവ്വാഴ്ച വെടിവച്ച് കൊന്നത്. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്. നെയില്‍ എം എന്ന 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ചില ഗതാഗത നിയമ ലംഘനങ്ങളില്‍ 17കാരന്‍ ഓടിച്ചിരുന്ന വാടക കാര്‍ ഉള്‍പ്പെട്ടിരുന്നു.

തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളും വളരെ അടുത്ത് നിന്ന് 17കാരനെ വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നതോടെ വലിയ പ്രതിഷേധത്തിനാണ് ഫ്രാന്‍സ് വേദിയായിരിക്കുന്നത്. വെടിവയ്പിന് പിന്നാലെ ഏതാനും മീറ്ററുകള്‍ മുന്നോട്ട് നീങ്ങിയ കാര്‍ ഇടിച്ച് തകരുകയായിരുന്നു. എമര്‍ജന്‍സി സേന 17കാരനെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കൌമാരക്കാരനെ വെടിവച്ച് കൊന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ബുധനാഴ്ച വിശദമാക്കി.

പൊലീസ് തലസ്ഥാനത്ത് ആളുകള്‍ പ്രതിഷേധവുമായി നിരവധി ആളുകളാണ് തടിച്ച് കൂടിയത്. പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീ വയ്ക്കുകയും ബസ് സ്‌റ്റോപ്പുകള്‍ അടിച്ച് തകര്‍ക്കുകയും പൊലീസിനെതിരെ പടക്കങ്ങള്‍ പൊട്ടിച്ചെറിയുകയും അടക്കമുള്ള നടപടികളാണ് സ്വീകരിച്ചത്. പ്രതിഷേധക്കാരനെ നേരിടാനായി വന്‍ പൊലീസ് സന്നാഹമാണ് ഫ്രാന്‍സില്‍ നിരത്തിലുള്ളത്. ഇവരെ പിരിച്ച് വിടാനായി കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗവും നടക്കുകയും ചെയ്തു. ഫ്രെഞ്ച് സര്‍ക്കാര്‍ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. പുറത്ത് വരുന്ന ദൃശ്യങ്ങളും വീഡിയോകളും ഞെട്ടിക്കുന്നതാണെന്ന നിരീക്ഷണത്തോടെയാണ് സര്‍ക്കാരിന്റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടക്കുമെന്നും പ്രതിഷേധക്കാരോട് ശാന്തരാകാനുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 13ഓളം പേരാണ് പൊലീസ് ട്രാഫിക് സ്‌റ്റോപ്പുകളിലും ചെക്ക് പോസ്റ്റുകളിലും കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. 17കാരന്റെ മരണത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങഇല്‍ 31 പരാണ് അറസ്റ്റിലായിട്ടുള്ളത്. 25ഓളം പൊലീസുകാര്‍ക്ക് പ്രതിഷേധത്തിനിടെ പരിക്കേറ്റിട്ടുണ്ട്. 40ഓളം കാറുകളാണ് തീ വയ്പ്പില്‍ നശിച്ചത്.

നിലവിലെ സാഹചര്യം അംഗീകരിക്കാനാവില്ലെന്നും എന്റെ ഫ്രാന്‍സിനോട് വിഷമം തോന്നുന്നുവെന്നും. വളരെ പെട്ടന്ന് നമ്മളെ വിട്ട് പിരിഞ്ഞ കുഞ്ഞ് മാലാഖ നെയിലിന്റെ കുടുംബത്തിനും ബന്ധുക്കളോടൊപ്പമാണ് തന്റെ മനസുള്ളതെന്നും ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെ ട്വീറ്റ് ചെയ്തു. പതിനേഴുകാരനെ വെടിവച്ച പൊലീസുകാരനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

webdesk13: