X

ഇവന്‍ ഫിനിഷിംഗ് കിടു

കമാല്‍ വരദൂര്‍
ഫിനിഷിംഗ്-അതൊരു കല മാത്രമല്ല, കഴിവുമാണ്. പന്തിനെ ലക്ഷ്യത്തിലെത്തിക്കുക എന്നത് എളുപ്പമുളള ജോലിയല്ല. ചുറ്റും പ്രതിയോഗികള്‍, ഗ്യാലറികളില്‍ പതിനായിരങ്ങള്‍, വേട്ടയാടുന്ന ക്യാമറാ കണ്ണുകള്‍. കാലിലേക്ക്, അല്ലെങ്കില്‍ തലയിലേക്ക് പന്ത് വരുമ്പോള്‍ എത്ര കണ്ണുകളാണ് പന്ത് സ്വീകരിക്കുന്ന ആ താരത്തിലേക്ക് വരുന്നത്. എല്ലാം പെട്ടെന്നായിരിക്കണം-ആ തിരക്കില്‍ പലര്‍ക്കും പിഴക്കുമ്പോള്‍ നമ്മള്‍ അവരെ പഴി പറയുന്നു. കുറ്റപ്പെടുത്തലുകള്‍ അവര്‍ക്ക് നേരെയാവുന്നു. തന്നിലേക്ക് വരുന്ന പന്തിന്റെ വേഗത പോലും അളക്കാന്‍ കഴിയാതെ ഞൊടിയിടയിലുളള പ്രതികരണത്തില്‍ പിഴക്കുന്നവരില്‍ ലോകോത്തര താരങ്ങളുണ്ടാവും. ഗ്യാലറിയില്‍ കാണികള്‍ അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ നിറം പോലും താരത്തിന്റെ ജാഗ്രതയെ ബാധിക്കുമെന്നിരിക്കെ ഫിനിഷിംഗ് എന്നത് ദുഷ്‌ക്കരമായ ദൗത്യമാണ്. പറന്ന് വരുന്ന പന്തിനെ ജഡ്ജ് ചെയ്യുന്നതില്‍ വിജയിക്കുന്നവരെ നമ്മള്‍ ഉത്തമരായ സ്‌ട്രൈക്കര്‍മാര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഗോള്‍ നേടുന്നവര്‍ മാത്രം വാര്‍ത്തകളിലും ചിത്രങ്ങളിലും നിറയുമ്പോള്‍ അവരായിരിക്കും കളി നിയന്ത്രിക്കുന്നവര്‍. കണ്ണൂരിന്റെ സ്‌നേഹത്തില്‍ നിന്നും ബംഗ്ലൂരുവിന്‍രെ പ്രിയതയിലേക്കും അവിടെ നിന്ന് ബ്ലാസ്റ്ര്‌ഴഏസിന്‍രെ ആവേശത്തിലേക്കും ഒരു താരം വരുന്നുവെങ്കില്‍ ആ താരത്തിന് മേല്‍പ്പറഞ്ഞ ഗുണഗണങ്ങളില്‍ ചിലതുണ്ട്. ഗോവക്കെതിരെ മൂന്ന് ദിവസം മുമ്പ് നിര്‍ണായക ഘട്ടത്തില്‍ തിരിച്ചു വിട്ട പന്തില്‍ വിജയമുണ്ടായിരുന്നു. ഇന്നലെ അന്റോണിയോ ജര്‍മന്റെ ക്രോസില്‍ വായുവിലുയര്‍ന്ന് മിന്നല്‍ ഷോട്ടുതിര്‍ത്തപ്പോള്‍, അവസാനത്തില്‍ രണ്ട് പേരെ അനായാസം മറികടന്ന് പോസ്റ്റിലേക്ക് അനായാസം പായിച്ച പന്തില്ലെല്ലാം ലക്ഷ്യബോധത്തിന്റെ, ഫിനിഷിംഗിന്റെ ചാരുതയുണ്ടായിരുന്നു. ഇവനെയാണ് കേരളം കാത്തിരുന്നത്-കാത്തിരിപ്പിന്റെ സുഗന്ധം സമ്മാനിക്കുന്ന സി.കെ വിനീത് എന്ന നല്ല കുട്ടിക്കൊരു സൂപ്പര്‍ അഭിവാദ്യം….

chandrika: