X

പിണക്കം വേഗം തീര്‍ക്കണം: ടോം ജോസഫ്

മുഹമ്മദ് ജാസ്

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍ മൗനം തുടരുന്ന കായിക വകുപ്പിനെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും വിമര്‍ശിച്ച് മുന്‍ ദേശീയ വോളിബോള്‍ താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലും വോളിബോള്‍ അസോസിയേഷനും തമ്മിലുള്ള പിണക്കം എത്രയും പെട്ടെന്ന് തീര്‍ക്കണം. ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്, ഈ പിണക്കം തുടരുകയാണെങ്കില്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഗ്രേസ്മാര്‍ക്കുകള്‍ നഷ്ടപ്പെടും. അത് വഴി വളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് വോളിബോളുകൊണ്ട് പ്രയോജനമില്ലാതെയാവും. അങ്ങിനെ വരികയാണെങ്കില്‍ കേരളത്തിലെ വോളിബോള്‍ നാശത്തിലേക്ക് കൂപ്പുകുത്തുമെന്ന് ടോം ജോസഫ് ചന്ദ്രികയോട് പറഞ്ഞു. വോളിബോളിന് ഇത് നല്ല കാലമാണ്. ഇന്ന് സമ്മര്‍ കോച്ചിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികളുടെ എണ്ണം എടുത്താല്‍ തന്നെ കേരളത്തില്‍ വോളിബോളിനുള്ള സ്വീകാര്യത വ്യക്തമാകും.സംസ്ഥാന തലത്തില്‍ കളിച്ച കളിക്കാരന് പോലും പല ഡിപ്പാര്‍ട്ടമെന്റുകളിലായി ജോലി ഉറപ്പാണ്. എന്നാല്‍ താല്‍ക്കാലിക ജോലി അല്ലാതെ പിന്നിട് ഒരു ഉയര്‍ച്ചയോ, കഴിവുകളെ നിലനിര്‍ത്താനും പ്രദര്‍ശിപ്പിക്കാനുമുള്ള അവസരങ്ങളോ കേരളത്തില്‍ ലഭിക്കുന്നില്ല. ഫുട്‌ബോളില്‍ ഐഎസ്എല്‍ ആയാലും ക്രിക്കറ്റില്‍ ഐപിഎല്‍ ആയാലും കഴിവുകളെ പ്രദര്‍ശിപ്പിക്കാനും സാമ്പത്തിക ഉയര്‍ച്ച കൈവരിക്കാനുമുളള അവസരമാണ്. എന്നാല്‍ ഇതുപോലെ ഒരു പ്രൊഫഷണല്‍ ടൂര്‍ണമെന്റ് വോളിബോളിനും കേരളത്തില്‍ അവശ്യമാണെന്നും അത് സംഘടിപ്പിക്കേണ്ടത് ഭരണതലപ്പത്ത് ഇരിക്കുന്നവരാണെന്നും ടോം ജോസഫ് കുറ്റപ്പെടുത്തി. കോഴിക്കോട് നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച കേരള ടീമിന് ഒരു സ്വീകരണം ഒരുക്കാന്‍ പോലും സാധിക്കാത്തവരാണ് ഭരണതലപ്പത്തിരിക്കുന്നത്. പ്രോത്സാഹനമാണ് ഓരോ കളിക്കാരനും ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനം നല്‍കുന്നത്. ഭരണതലപ്പത്ത് വരേണ്ടത് കളിയെ അറിയുന്നവരും കളിയെ സ്‌നേഹിക്കുന്നവരുമാണെന്നും കൂട്ടിചേര്‍ത്തു.

chandrika: