X

കിമ്മുമായി സ്‌നേഹത്തിലാണെന്ന്് ട്രംപ്

 

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹത്തിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിമ്മില്‍നിന്ന് ലഭിച്ച മനോഹരമായ കത്തുകളാണ് ഗാഢബന്ധത്തിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ്‌വെര്‍ജീനിയയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഉത്തരകൊറിയന്‍ ഭരണാധികാരിയെ പുകഴ്ത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളിലൂടെയും ആണവായുധങ്ങളിലൂടെയും അന്താരാഷ്ട്ര സമൂഹത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ കിമ്മിനെ യു.എന്‍ ജനറല്‍ അസംബ്ലിയിലും ട്രംപ് അഭിനന്ദിച്ചാണ് സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും കിമ്മിനെ റോക്കറ്റ് മാനെന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്ത അതേ വേദിയില്‍ വെച്ചാണ് ട്രംപ് ഉത്തരകൊറിയന്‍ നേതാവിനെ മഹാനായി വാഴ്ത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഭീഷണിപ്പെടുത്തിയും വെല്ലുവിളിച്ചും യുദ്ധഭീതി പരത്തിക്കൊണ്ടിരുന്ന ട്രംപും കിമ്മും അപ്രതീക്ഷിതമായി സൗഹൃദത്തിലെത്തുകയായിരുന്നു. ജൂണില്‍ സിംഗപ്പൂരില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതോടെ ബന്ധത്തിന് ഊഷ്മളത വര്‍ദ്ധിച്ചു. ആണവായുധ പദ്ധതി ഉപേക്ഷിക്കാന്‍ കിം സമ്മതിച്ചിട്ടുണ്ടെന്നും ഉത്തരകൊറിയയുടെ ഭീഷണിയില്‍നിന്ന് ലോകം മുക്തമായിരിക്കുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ടെങ്കിലും അതുസംബന്ധിച്ച് കൃത്യമായ പുരോഗതിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സമീപ കാലത്ത് രാജ്യത്തിന്റെ ചില പ്രധാന മിസൈല്‍ പരീക്ഷണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരകൊറിയ സമ്മതിച്ചിട്ടുണ്ട്. അതിനിടെ ട്രംപും കിമ്മും രണ്ടാം കൂടിക്കാഴ്ചക്കുള്ള തയാറെടുപ്പിലാണ്.

chandrika: