X
    Categories: Culture

എഫ്.ബി.ഐ മേധാവിയെ ട്രംപ് പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ മേധാവി ജെയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട ഇമെയില്‍ വിവാദത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനാണ് കോമിയെ പുറത്താക്കുന്നതെന്ന് വൈറ്റ്ഹൗസ് വിശദീകരിക്കുന്നുണ്ടെങ്കിലും ട്രംപിന്റെ അപ്രതീക്ഷിത തീരുമാനം യു.എസ് സമൂഹത്തെ ഞെട്ടിച്ചു.
എഫ്.ബി.ഐയെ നയിക്കാന്‍ പ്രാപ്തനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റമെന്ന് ട്രംപ് വ്യക്തമാക്കി. ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പുതിയ മേധാവിയെ കണ്ടെത്തേണ്ടതുണ്ടെന്നും അതുവഴി പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്നും പുറത്താക്കുന്ന വിവരം അറിയിച്ചുകൊണ്ട് കോമിക്ക് അയച്ച കത്തില്‍ ട്രംപ് അറിയിച്ചു.
ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്‌റ്റെയിനിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്. ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന്റെ നിയമങ്ങളും തത്വങ്ങളും സത്യസന്ധമായി പാലിക്കുന്ന ഒരാളെ എഫ്.ബി.ഐ ഡയറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് റോസെന്‍സ്‌റ്റെയിന്‍ ട്രംപിന് അയച്ച മെമ്മോയും വൈറ്റ്ഹൗസ് പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹിലരിക്കെതിരായ ഇമെയില്‍ കേസിന്റെ അന്വേഷണം അവസാനിപ്പിച്ച കോമി നവംബര്‍ എട്ടിന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിന് എട്ടു ദിവസം മുമ്പ് പുനരാരംഭിച്ചിരുന്നു.
ഹിലരിക്കെതിരായ അന്വേഷണത്തിന്റെ നിഗമനങ്ങള്‍ കോമി കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് റോസെന്‍സ്‌റ്റെയിന്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കോമിയെ പുറത്താക്കിയത് ഹിലരിയുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍ അല്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു. ട്രംപിന്റെ നടപടിയില്‍ സംശയങ്ങള്‍ ഏറെയുണ്ടെന്നും കോമിയെ പുറത്താക്കിയതിലൂടെ ഗുരുതരമായ തെറ്റാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും പാര്‍ട്ടി നേതാവ് ചക് ഷൂമര്‍ പറഞ്ഞു.

chandrika: